രു വീടിന്റെ മര്‍മപ്രധാനമായ ഭാഗമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇഴയടുപ്പം കൂട്ടാനും അടുക്കള വേദിയാകുന്നു. പാചകം എളുപ്പമാക്കുന്നതിനും സൗകര്യത്തിനുമായി പല ആകൃതികളിലുള്ള അടുക്കളകള്‍ ഡിസൈന്‍ ചെയ്യാറുണ്ട്. U, L, സ്ട്രെയിറ്റ് ലൈന്‍ തുടങ്ങിയ ആകൃതികളിലാണ് സാധാരണ അടുക്കളകള്‍ ഡിസൈന്‍ ചെയ്യാറ്. എങ്കിലും സൗകര്യത്തിലും പരമാവധി സ്ഥലം ഉപയോഗപ്പെടുത്താമെന്നതിലും U ആകൃതിയിലുള്ള അടുക്കളയാണ് മികച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.

1. വിശാലമായ സ്ഥലം 

U ആകൃതിയിലുള്ള അടുക്കള പണിയുമ്പോള്‍ മൂന്ന് വശങ്ങള്‍ കിട്ടുന്നുവെന്നതാണ് ഏറ്റവും വലിയ നേട്ടം. കുറെ പണികള്‍ ഒന്നിച്ച് ചെയ്തു തീര്‍ക്കുന്നതിനുള്ള സൗകര്യം ഇത്തരം അടുക്കളകള്‍ക്കുണ്ടാകും. ഇത്തരത്തില്‍ അടുക്കള പണിയുമ്പോള്‍ വശങ്ങള്‍ തമ്മിലുള്ള അകലം 9 അടിയെങ്കിലും ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം.

2. ജോലി കാര്യക്ഷമമാക്കുന്നു

മൂന്ന് വ്യത്യസ്ത ഭാഗങ്ങളായി തിരിച്ചിട്ടുള്ളതിനാല്‍ വളരെ എളുപ്പത്തില്‍ ജോലികള്‍ തീര്‍ക്കുന്നതിന് സഹായിക്കുന്നു. അടുക്കളയിലെ പ്രധാനപ്പെട്ട ഘടകങ്ങളായ ഫ്രിഡ്ജ്, അടുപ്പ്, സിങ്ക് എന്നിവയിലേക്ക് നിശ്ചിത അകലം ക്രമീകരിക്കാന്‍ കഴിയുമെന്നതാണ് സുപ്രധാന കാര്യം. തിക്കും തിരക്കുമില്ലാതെ ഓരോ മേഖലയിലേക്കും അനായാസം എത്തിച്ചേരാനും U ആകൃതിയിലുള്ള അടുക്കള സഹായിക്കുന്നു.

3. സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഇഷ്ടം പോലെ ഇടം

U ആകൃതിയുള്ള അടുക്കളുടെ ഏറ്റവും മികച്ച ഗുണം അടുക്കള സാമഗ്രഹികള്‍ സൂക്ഷിക്കുന്നതിന് ധാരാളം സ്ഥലമുണ്ടെന്നതാണ്. താഴെ ഭാഗത്തും മുകളിലുമായി ക്യാബുകള്‍ പിടിപ്പിക്കുന്നത് മൂന്ന് വശങ്ങളിലും സൗകര്യങ്ങളുണ്ടാകും. 

4. ഇഷ്ടാനുസരം മാറ്റാം

മൂന്ന് വശവും അടഞ്ഞ് ഇരിക്കുന്നതിനാല്‍ നമ്മുടെ ഇഷ്ടാനുസരണം മാറ്റാം. ഒരു വാതില്‍ വെച്ച് അടുക്കള അടയ്ക്കുകയോ ഓപ്പണ്‍ കിച്ചനാക്കി മാറ്റുകയോ ചെയ്യാം. U ആകൃതിയിലുള്ള കൗണ്ടര്‍ ടോപ്പ് G ആകൃതിയിലുള്ള പെനിൻസുല കിച്ചണാക്കി മാറ്റാം. ഇത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറായോ ഡൈനിങ് ടേബിളായോ ബാര്‍ കൗണ്ടറായോ ഉപയോഗപ്പെടുത്താം.

Content highlights: benefit of u shaped kitchen and reason to choose