ബാത്ത്‌റൂമിനുള്ളില്‍ ചെടിയോ? കേട്ടിട്ട് നെറ്റി ചുളിക്കാന്‍ വരട്ടെ. വീടുകളുടെ  ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ പുത്തന്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ് ബാത്ത്‌റൂമിലെ ഇന്‍ഡോര്‍ പ്ലാന്റുകള്‍. 

ബാത്ത്‌റൂമിനുള്ളില്‍ വയ്ക്കുന്ന ചെടികളുടെ തിരഞ്ഞെടുപ്പിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ഗുണങ്ങള്‍

ബാത്ത്‌റൂമിന്റെ മനോഹാരിത ഒന്നുകൂടി മെച്ചപ്പെടുത്താന്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ സഹായിക്കും.

മിക്ക ചെടികളും വായുവിനെ മലിനമാകാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നവയാണ്. മലിനമായ വായുവിനെ നീക്കം ചെയ്ത് പ്രകൃതിദത്തമായ രീതിയില്‍ വായു ശുദ്ധീകരിക്കാന്‍ അവ സഹായിക്കുന്നു. 

മാനസിക സമ്മര്‍ദങ്ങളൊഴിവാക്കി ശാന്തവും സ്വച്ഛവുമായ അന്തരീക്ഷം ബാത്ത്‌റൂമിനുള്ളില്‍ ഒരുക്കാന്‍ ചെടികള്‍ സഹായിക്കുന്നു. 

ബാത്ത്‌റൂമില്‍ വയ്ക്കാവുന്ന ചെടികള്‍

ബാംബൂ പ്ലാന്റ്

ബാത്ത്‌റൂമിനുള്ളില്‍ വയ്ക്കാവുന്ന ഇന്‍ഡോര്‍പ്ലാന്റുകളിലൊന്നാണ് ബാംബൂ പ്ലാന്റ്, നേരിട്ട് സൂര്യപ്രകാശം ലഭിച്ചില്ലെങ്കിലും മണ്ണിന്റെ സഹായം ഇല്ലെങ്കിലും ഇവ വളരും. 

പീസ് ലില്ലി

വെളുത്തപൂക്കളോടു കൂടിയ വളരെ എളുപ്പത്തില്‍ വളര്‍ത്താന്‍ കഴിയുന്ന ചെടികളിലൊന്നാണ് പീസ് ലില്ലി. വായുവിലെ ഈര്‍പ്പം ആഗിരണം ചെയ്യുകയും ബാത്ത്‌റൂമിലെ ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ പ്രജനനം നടത്തുന്ന ഫംഗസുകളില്‍നിന്ന് സംരക്ഷണം നല്‍കാനും പീസ് ലില്ലി സഹായിക്കുന്നു.

കറ്റാര്‍ വാഴ

അധികം പരിചണം നല്‍കിയില്ലെങ്കിലും സൂര്യപ്രകാശം നേരിട്ട് ലഭിച്ചില്ലെങ്കിലും നന്നായി വളരുന്ന ചെടികളിലൊന്നാണ് കറ്റാര്‍ വാഴ. ബാത്ത്‌റൂമിലെ ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷത്തില്‍ കറ്റാര്‍വാഴ തഴച്ചുവളരും. കൂടാതെ, രാത്രികാലങ്ങളില്‍ ഓക്‌സിജന്‍ പുറത്തുവിടുന്ന ചെടികളിലൊന്നു കൂടിയാണ് ഇത്.

ബോസ്റ്റണ്‍ ഫേര്‍ണ്‍സ്

ഇലകള്‍ ധാരാളമുള്ള ചെടിയാണിത്. ചട്ടിയില്‍ തൂക്കിയിട്ട് വളര്‍ത്താന്‍ ആണ് ഉത്തമം. വളരെ കുറച്ച് സൂര്യപ്രകാശത്തില്‍ നന്നായി വളരുന്ന ചെടികളിലൊന്നു കൂടിയാണിത്. ബാത്ത്‌റൂമിലെ വിഷലിപ്തമായ വായുവിനെയും ബാക്ടീരിയകളെയും നീക്കുന്നതിനു ഇത് സഹായിക്കുന്നു.

സ്‌പൈഡര്‍ പ്ലാന്റ്

പച്ചയും വെളുപ്പും ഇടകലര്‍ന്നതാണ് ഇതിന്റെ ഇല. വായുവിനെ ശുദ്ധീകരിക്കുന്ന ഘടകങ്ങള്‍ ഈ ചെടിയിലുണ്ട്. മുറിയിലെ 90 ശതമാനം വിഷപദാര്‍ഥങ്ങളെയും നീക്കാന്‍ സ്‌പൈഡര്‍ പ്ലാന്റിന് കഴിയും.

മണിപ്ലാന്റ്

മണ്ണ് ഇല്ലെങ്കിലും വളരെ നന്നായി വളരുന്ന ചെടിയാണ് മണിപ്ലാന്റ്. ജനാലയില്‍ മണിപ്ലാന്റിനെ വളര്‍ത്താം. മണിപ്ലാന്റ് ബാത്ത്‌റൂമിലെ ദുര്‍ഗന്ധത്തെ അകറ്റി ശുദ്ധവായു പ്രദാനം ചെയ്യുന്നു. 

Content highlights: bathroom interior, bathroom indoor plants, best houseplants for your bathroom