സമാധാനമായി ഒന്ന് വായിക്കാനും, മഴയുടെ ഭംഗി ആവോളം ആസ്വദിച്ച് ചായകുടിക്കാനും ഒരിടം.. അതാണ് വീടിന്റെ ബാല്‍ക്കണി. ഈ ചെറിയ സ്ഥലത്തിന് സര്‍ഗാത്മകമായ മാറ്റങ്ങള്‍ വരുത്തിയാലോ?  ചില ചെറിയ മേക്കോവറുകള്‍ നടത്തിയാല്‍ നിങ്ങളുടെ കൊച്ചു ബാല്‍ക്കണി വലിയ സ്വര്‍ഗ്ഗമായി മാറും

പൂന്തോട്ടം

ബാല്‍ക്കണി ഒരു പച്ചതുരുത്തായി മാറ്റുകയാണ് ആദ്യ പടി. ചെടികള്‍ ഈ ഇടത്തെ മനോഹരമാക്കി മാറ്റും. ഇവ പോസിറ്റീവ് ഊര്‍ജം നല്‍കുകയും ചെയ്യുന്നു. പൂക്കളോടൊപ്പം ചെറിയ രീതിയില്‍ പച്ചക്കറികളും ഇവിടെ വളര്‍ത്താവുന്നതാണ്. അടുക്കളയിലേക്ക് സ്വന്തം തോട്ടത്തിലുണ്ടായ തക്കാളിയും വെണ്ടക്കയും പറിച്ചെടുക്കുന്ന സുഖം മറ്റൊന്നിനും ഇല്ല. വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കാന്‍ ശ്രമിക്കുക. ബോണ്‍സായി ചെടികളും പരീക്ഷിക്കാവുന്നത്. സ്ഥലപരിമിതിയുള്ളവര്‍ക്ക് വെര്‍ട്ടിക്കല്‍ ഗാര്‍ഡനും പരീക്ഷിക്കാവുന്നതാണ്.

മടക്കിവെയ്ക്കാന്‍ പറ്റിയ കസേര

ഭൂരിഭാഗം പേര്‍ക്കും ചെറിയ ഇടമായിരിക്കും ബാല്‍ക്കണി. ഇവിടെ ഭംഗിക്ക് വേണ്ടി എല്ലാം കുത്തിനിറയക്കുന്നത് അരോചകമാണ്. മടക്കി വെയ്ക്കാന്‍ പറ്റുന്ന ഫര്‍ണ്ണിച്ചറുകള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. സ്ഥലം പരമാവധി ഉപയോഗപ്പെടുത്താന്‍ ഇവ സഹായിക്കും. ചെറിയ കിടക്കകള്‍ ഇവിടെ ഉപയോഗിക്കാം. ഇതോടൊപ്പം കുഷ്യനുകളും ഉപയോഗിക്കാം. ബാല്‍ക്കണിയുടെ ഏതെങ്കിലും മൂലയില്‍ ഇവ സെറ്റ് ചെയ്യാം. തൂക്കാന്‍ പറ്റുന്ന കസേരയോ ചൂരല്‍ ഊഞ്ഞാലോ ഉപയോഗിക്കുന്നതും നല്ലതാണ്.

ഫ്‌ളോറിങ്ങ്

നിലത്ത് വിരിക്കാന്‍ മനോഹരമായ റഗ്ഗുകള്‍ തിരഞ്ഞെടുക്കാം. ബാല്‍ക്കണിയുടെ മൂഡിന് ചേര്‍ന്ന് പോവുന്ന അലങ്കാരങ്ങള്‍ തറയ്ക്കായി ഉപയോഗിക്കുന്നതാണ് നല്ലത്. ഫൈബര്‍ കൊണ്ടുണ്ടാക്കിയ സോഫ്റ്റ് പുല്‍തകിടി ഫ്‌ളോര്‍ മാറ്റായി ഉപയോഗിക്കാം. അല്ലെങ്കില്‍ ഡിസൈന്‍ഡ് റഗ്ഗുകള്‍ ഉപയോഗിക്കാം

ലൈറ്റുകള്‍

ബാല്‍ക്കണിക്ക് വെളിച്ചം കൊണ്ടും ഭംഗി നല്‍കാം. ചെറിയ ഫെയറി ലൈറ്റികള്‍ ചെടികള്‍ക്ക് ഇടയില്‍ ഇടുന്നത് ഭംഗി കൂട്ടും. കോഫി ടേബിളില്‍ ചെറിയൊരു ടേബിള്‍ ലാബ് വെയ്ക്കുന്നതും മികച്ച ആശയമാണ്

Content Highlights: Balcony makeover tips