ക്വേറിയത്തില്‍ നീന്തിത്തുടിക്കുന്ന വര്‍ണ്ണ മത്സ്യങ്ങളെ കാണാന്‍ നമുക്കെല്ലാവര്‍ക്കും ഇഷ്ടമാണ്. വീടിന്റെയും ഓഫീസുകളുടെയും അകത്തളങ്ങള്‍ക്ക് മോടികൂട്ടുവാനും അക്വേറിയങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പെട്ടെന്നൊരു ദിവസം വാങ്ങി സ്ഥാപിക്കേണ്ട ഒന്നല്ല അക്വേറിയം.

അക്വേറിയങ്ങളുടെ മോഡലുകളെക്കുറിച്ചും പരിപാലനത്തെക്കുറിച്ചുമൊക്കെ നന്നായി പഠിച്ച് അറിഞ്ഞതിനു ശേഷം മാത്രമേ അക്വേറിയങ്ങള്‍ വാങ്ങാവൂ. ആദ്യമായി അക്വേറിയം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനമാണ് നിര്‍ണയിക്കേണ്ടത്. ജനലിന് അരികിലായി ദിവസവും ഒരു മണിക്കൂര്‍ വെയില്‍ ലഭിക്കുന്ന സ്ഥലമാണ് അക്വേറിയം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യം.

fish
Image credit: styfisher.com

അതേസമയം ശക്തിയായ വെയില്‍ അടിക്കുന്ന സ്ഥലം തിരഞ്ഞെടുക്കുകയും അരുത്. ലൈറ്റ് ഘടിപ്പിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഒരു കവര്‍ അക്വേറിയത്തിന് നല്ലതായിരിക്കും. ഇത്തരത്തില്‍ ലൈറ്റ് കൊടുക്കുന്നത് അക്വേറിയത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനും പ്രകാശ സംശ്ലേഷണത്തിനും സഹായിക്കും. 

അടുത്തതായി എത്ര മത്സ്യങ്ങളെയാണ് അക്വേറിയത്തില്‍ നിക്ഷേപിക്കുന്നത് എന്ന് തീരുമാനിക്കണം. ഇതിന് ആനുപാതികമായി വേണം അക്വേറിത്തിന്റെ വലിപ്പം നിര്‍ണ്ണയിക്കാന്‍. അക്വേറിയം തിരഞ്ഞെടുക്കുമ്പോള്‍ ഉയരം കുറഞ്ഞതും വീതി കൂടിയതുമായ ടാങ്കുകള്‍ വാങ്ങുന്നതാണ് നല്ലത്. സാധാരണയായി 60 സെന്റിമീറ്റര്‍ നീളവും 30 സെന്റിമീറ്റര്‍ വീതിയും 30 സെന്റിമീറ്റര്‍ ഉയരവുമുള്ള അക്വേറിയമാണ് നിര്‍മ്മിക്കാറുള്ളത്. 

പുതിയതായി വാങ്ങുന്ന ടാങ്കുകള്‍ ഒരു ശതമാനം വീര്യമുള്ള പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായിനിയില്‍ കഴുകുന്നത് നല്ലതാണ്. അതുപോലെതന്നെ, നല്ലതു പോലെ കഴുകി വൃത്തിയാക്കിയ വെള്ള മണലാണ് അക്വേറിയത്തിനുള്ളില്‍ വിരിക്കാന്‍ കൂടുതല്‍ അനുയോജ്യം. മണല്‍ വിരിക്കുമ്പോള്‍ മുന്‍ വശത്തേക്ക് ചെരിവ് നല്‍കുക.

ഇത് അക്വേറിയത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുക മാത്രമല്ല അക്വേറിയത്തിനുള്ളിലെ അഴുക്ക് നീക്കാനും സഹായിക്കുന്നു. അഴുക്കില്ലാത്ത വെള്ളമാണ് അക്വേറിയത്തിനുള്ളില്‍ ഒഴിക്കാന്‍ ഏറ്റവും യോജിച്ചത്. സാധാരണ നാം ഉപയോഗിക്കുന്ന പൈപ്പ് വെള്ളത്തില്‍ ക്ലോറിന്‍ കലര്‍ന്നിരിക്കും. അതിനാല്‍ മഴ വെള്ളം ശേഖരിച്ച് അത് ടാങ്കിനുള്ളില്‍ നിറയ്ക്കുന്നതാണ് നല്ലത്.

അല്ലാത്തപക്ഷം, പൈപ്പ് വെള്ളം ഒരു പാത്രത്തില്‍ പിടിച്ചുവച്ച് രണ്ട് മൂന്ന് ദിവസം തുറന്നുവച്ചാല്‍ വെള്ളത്തിലെ ക്ലോറിന്‍ ഒഴിവാക്കുവാന്‍ സാധിക്കും. അതുമാത്രമല്ല, അക്വേറിയത്തില്‍ വെള്ളം ഒഴിക്കുമ്പോള്‍ മണല്‍ ഇളകാതിരിക്കാന്‍ ഒരു പാത്രം മണലിനു മുകളില്‍ വെച്ചതിന് ശേഷം മാത്രം വെള്ളം അതില്‍ ഒഴിക്കുക. 

സാധാരണയായി ഒക്‌സിജന്‍ നിറച്ച പോളിത്തീന്‍ കവറുകളിലാണ് മത്സ്യങ്ങള്‍ വിതരണം ചെയ്യുന്നത്. ഇങ്ങനെ വാങ്ങിക്കൊണ്ട് വരുന്ന കവര്‍ അരമണിക്കൂര്‍ വെള്ളത്തില്‍ ഇറക്കിവെച്ചതിന് ശേഷം മാത്രമേ മത്സ്യങ്ങളെ വെള്ളത്തിലേക്ക് വിടാവൂ. അല്ലെങ്കില്‍ താപനിലയില്‍ വരുന്ന പെട്ടെന്നുള്ള വ്യത്യാസം കൊണ്ട് മത്സ്യങ്ങള്‍ ചത്തുപോകാന്‍ സാദ്ധ്യതയുണ്ട്.fish

മാത്രമല്ല, ചെടികള്‍ വെയ്ക്കാനും അലങ്കാര വസ്തുക്കള്‍ വെയ്ക്കാനും വെള്ളത്തില്‍ കൈ ഇടുന്നതിന് മുമ്പ് കൈ നല്ലതു പോലെ കഴുകി വൃത്തിയാക്കിയിരിക്കണം. മത്സ്യങ്ങള്‍ക്ക് ദിവസത്തില്‍ ഒരു തവണ മാത്രമേ ഭക്ഷണം കൊടുക്കാവൂ. രാവിലെ മാത്രം ഭക്ഷണം കൊടുക്കുന്നതാണ് നല്ലത്. അവയുടെ ശരീരഭാഗത്തിന്റെ 13 ശതമാനം വരെ തീറ്റ കൊടുത്താല്‍ മതിയാകും.

കൂടുതല്‍ ഭക്ഷണം കൊടുത്താല്‍ മിച്ചം വരുന്ന തീറ്റ വെള്ളം മലിനമാക്കുവാന്‍ ഇടയാക്കും. അതോടൊപ്പം തന്നെ, കേടുവന്ന ചെടികള്‍, ചത്ത മത്സ്യങ്ങള്‍, മറ്റ് അഴുക്കുകള്‍ എന്നിവ ഒരു സൈഫണ്‍ ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ പുറത്തു കളയണം. ഇനി ശ്രദ്ധിക്കേണ്ട കാര്യം അക്വേറിയത്തിലെ വെള്ളം ഇടയ്ക്കിടെ മാറ്റുന്നത് നന്നല്ല എന്ന തിരിച്ചറിവാണ്.

മൂന്ന് മുതല്‍ ആറു ദിവസം വരെ വെള്ളം മാറ്റേണ്ടതില്ല. മാത്രമല്ല ആഴ്ചയില്‍ ഒരിക്കല്‍ മാത്രം അക്വേറിയം വൃത്തിയാക്കിയാല്‍ മതിയാവും. ടാങ്കിന്റെ ഉള്‍വശം സ്‌പോഞ്ചു കൊണ്ട് വൃത്തിയാക്കുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം ഗ്ലാസില്‍ പോറല്‍ വീഴാന്‍ സാധ്യതയുണ്ട്.