ധുനിക ഡിസൈനിനൊപ്പം പഴമയുടെ ഫീലും തോന്നിക്കുന്നൊരു വീട് വേണം എന്ന ആഡ്ഫിലിം ഡയറക്ടര്‍ ജിതേഷിന്റെ ആവശ്യം കണക്കിലെടുത്ത് നിര്‍മിച്ച വീടാണ് കണ്ണൂരിലെ പയ്യന്നൂരിലുള്ള 'അനന്യ'. ഡിസൈന്‍ലൂം സ്റ്റുഡിയോസിലെ ആര്‍ക്കിടെക്റ്റ് മിഥുന്‍ രാഘവനും ഭാര്യ മേഘ്‌ന അനില്‍കുമാറും ചേര്‍ന്നാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

house

ജിതേഷും ഭാര്യയും പയ്യന്നൂര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയുമായ ചിന്നുവും മകള്‍ അനന്യയുമാണ് വീട്ടിലെ താമസക്കാര്‍. കണ്ടംപററി സ്റ്റൈലിനൊപ്പം ട്രഡീഷണല്‍ ടച്ച് കൂടി ചെയ്താണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് മിഥുന്‍ പറയുന്നു. 

പ്രധാന പാതയുടെ വശത്തായി സമചതുരാകൃതിയിലുള്ള പ്ലോട്ടിലാണ് വീട് പണിതത്. 2300 ചതുരശ്ര അടിയില്‍ മൂന്നു ബെഡ്‌റൂം ഉള്ള വീടാണിത്. എലിവേഷന്റെ ഒരുഭാഗത്ത് വെട്ടുകല്ല് വച്ച് ഹൈലൈറ്റ് ചെയ്തത് പരമ്പരാഗത ശൈലി നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ്. 

house

നാല് ബെഡ്‌റൂമുള്ള വീടു വേണമെന്നായിരുന്നു ജിതേഷിന്റെ ആദ്യത്തെ ആവശ്യം. എന്നാല്‍ പിന്നീട് അച്ഛനും അമ്മയും മകളും മാത്രമുള്ള ചെറിയ കുടുംബമായതുകൊണ്ട് മൂന്നു ബെഡ്‌റൂമുകള്‍ ഉള്‍പ്പെടുന്ന രീതിയില്‍ മതിയെന്നു തീരുമാനിക്കുകയായിരുന്നു. നാലാമത്തെ ബെഡ്‌റൂമിനായി ഓപ്പണ്‍ ടെറസില്‍ ഒഴിച്ചിട്ട സ്ഥാനത്ത് മനോഹരമായൊരു പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഭാവിയില്‍ ബെഡ്‌റൂം കൂട്ടിച്ചേര്‍ക്കാവുന്ന വിധത്തിലാണിത്. 

house

വീടിനു ചുറ്റും ചെടികള്‍ കൊണ്ടു പച്ചപ്പു നിറച്ചിട്ടുണ്ട്. അറ്റാച്ച്ഡ് കാര്‍പോര്‍ച്ചിന്റെ വശത്തായി നീളന്‍ വരാന്തയുള്ള സിറ്റ്ഔട്ടിലേക്കാണ് ആദ്യം കടന്നു ചെല്ലുന്നത്. വരാന്ത കടന്നെത്തുന്നത് ലിവിങ് റൂമിലേക്കാണ്. ലിവിങ് റൂമും ഓഫീസ് റൂമും അടുക്കളയുമൊക്കെ അധികം ചുവരുകളുടെ മറയില്ലാതെ ഓപ്പണ്‍ ശൈലിയിലാണ്. ഇവ കൂടാതെ ഡൈനിങ് ഹാള്‍, രണ്ടു ബെഡ്‌റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. 

house

മുകള്‍ നിലയില്‍ കയറിച്ചെല്ലുന്നത് ചെറിയൊരു ഹാളിലേക്കാണ്. ഇവിടെ നിന്നാണ് ബെഡ്‌റുമിലേക്കും ഓപ്പണ്‍ ടെറസിലേക്കും ബാല്‍ക്കണിയിലേക്കുമൊക്കെയുള്ള പ്രവേശനം. ഗ്ലാസ് കൊണ്ടുള്ള ഹാന്‍ഡ് റെയിലും ലൂവര്‍ വിന്‍ഡോയുമാണ് ബാല്‍ക്കണിയിലുള്ളത്. സ്വകാര്യത നിലനിര്‍ത്താന്‍ കൂടിയാണ് ഇവിടെ ലൂവര്‍ വിന്‍ഡോ നല്‍കിയിരിക്കുന്നത്. 

​house​

സ്റ്റീലും വുഡും ചേര്‍ത്ത് ഫ്‌ളോട്ട് ചെയ്യുന്ന രീതിയിലാണ് സ്റ്റെയര്‍കെയ്‌സ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റെയര്‍കെയ്‌സില്‍ നിന്നും ഒരുപടി താഴേക്കായി കോര്‍ട്ട്‌യാര്‍ഡ് മാതൃകയില്‍ സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെ പച്ചപ്പു പതിച്ച് കോര്‍ട്ട് യാര്‍ഡിനോടു ചേര്‍ന്ന ചുവരിന് പച്ച നിറത്തില്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ചെടികളും മറ്റും നിറച്ച് ഈ ഭാഗം മനോഹരമാക്കി. സ്റ്റെയര്‍കെയ്‌സിന്റെ വലതുവശത്തായി ടിവി യൂണിറ്റും നല്‍കി. ഇതുരണ്ടും വീട്ടിലെ സ്ഥലം പാഴാക്കാതെ തന്നെ ടിവി സ്‌പേസിനും കോര്‍ട്ട് യാര്‍ഡിനും ഇടമൊരുക്കി.

​house​

സ്റ്റെയര്‍കെയ്‌സിന്റെ മുകളിലായി വീടിന്റെ മധ്യഭാഗത്തായി ശുദ്ധവായുവും വെളിച്ചവും ലഭിക്കാനായി  സ്‌കൈലൈറ്റ് വിന്‍ഡോ കൊടുത്തിട്ടുണ്ട്. എലിവേഷനോടു ചേര്‍ന്നുള്ള ഹൈലൈറ്റ് വാളില്‍ ബേ വിന്‍ഡോസും നല്‍കിയിട്ടുണ്ട്. സ്റ്റോറേജ് സ്‌പേസ് കൂടി നല്‍കും വിധത്തിലാണ് ബെഡ്‌റൂമില്‍ ബേ വിന്‍ഡോ നല്‍കിയിരിക്കുന്നത്. 

​house​

ലപോട്ര ഗ്രാനൈറ്റ് കൊണ്ടാണ് സിറ്റ്ഔട്ടില്‍ നിലം പാകിയിരിക്കുന്നത്, ബാക്കിയെല്ലായിടത്തും വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. പാന്‍ട്രിയോടു കൂടിയ ഓപ്പണ്‍ ശൈലിയിലുള്ള അടുക്കളയാണ് വീട്ടിലുള്ളത്. പാന്‍ട്രിയുടെ ടോപ് മാത്രം വെള്ള നിറത്തിലും ബാക്കി കൗണ്ടര്‍ടോപ്പ് ഭാഗം കറുപ്പു നിറത്തിലുള്ള ഗ്രാനൈറ്റുമാണ്. ഗ്ലോസി ലാമിനേറ്റ് ചെയ്ത പ്ലൈവുഡ് കൊണ്ടാണ് അടുക്കളയിലെ കാബിനറ്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

house

വീടിന്റെ പല ഭാഗത്തും ഗ്ലാസ് വാള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസ്മുറിയുടെ ചുവര്‍ ഭാഗം മുഴുവന്‍ ഗ്ലാസിലാണ് പണിതിരിക്കുന്നത്. ധാരാളം വെന്റിലേഷനും ഗ്ലാസുകളും ഉള്ളതുകൊണ്ട് പകല്‍സമയത്ത് വീട്ടില്‍ വൈദ്യുതിയുടെ ആവശ്യമേ വരുന്നില്ലെന്നും ജിതേഷ്. പരമാവധി സ്ഥലങ്ങളെല്ലാം ഉപയോഗപ്രദമാക്കുകയും ഒരു സ്ഥലം പോലും പാഴാക്കാതിരിക്കുകയും ചെയ്ത വിധത്തിലാണ് ഡിസൈന്‍. 

house
ജിതേഷും കുടുംബവും

ഇപ്പോഴത്തെ പല വീടുകളിലെയും പോലെ അടച്ചുകെട്ടിയ മതിലല്ല ഇവിടെയുള്ളത്. പകരം പണ്ടത്തെ വേലിക്കു സമാനമായ രീതിയില്‍ കെട്ടിയുണ്ടാക്കുകയാണ് ചെയ്തത്. ജനങ്ങളെ കൂടുതല്‍ കാണാനും തുറസ്സായ പ്രതീതി നിലനിര്‍ത്താനുമാണ് ഇതെന്നും ജിതേഷ് പറയുന്നു.

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: traditional touch to modern design kerala home designs