ചില വീടുകള്‍ കണ്ടാല്‍ തോന്നും ഇത്രയും ചെറിയൊരു പ്ലോട്ടില്‍ വീടു പണിയുന്നതെങ്ങനെ എന്ന്? വിശാലമായ പ്ലോട്ടില്‍ മാത്രമേ മനസ്സിലുള്ളതു പോലൊരു വീടു പണിയാന്‍ കഴിയൂ എന്നു ധരിച്ചു വെക്കുന്നതു തെറ്റാണ്. വെറും മൂന്നു സെന്റില്‍ പോലും കിടിലന്‍ വീടു പണിയാം എന്നു തെളിയിക്കുകയാണ് എറണാകുളം തോപ്പുംപടി സ്വദേശിയായ ചക്കാലക്കല്‍ ഹരികുമാരന്‍ നായര്‍. 

Home

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും മൂന്നുസെന്റില്‍ ആഗ്രഹിച്ചതുപോലൊരു വീടാണ് ഇദ്ദേഹം പണിതത്. സ്ഥലപരിമിതിക്കു മുന്നില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ ഉള്ള സ്ഥലം എങ്ങിനെ മാതൃകാപരമായി ഉപയോഗിക്കാം എന്നു വ്യക്തമാക്കുന്നതാണ് ഈ വീട്. പ്ലോട്ടിന്റെ നീളത്തിനും വീതിക്കും അനുസരിച്ചാണ് വീടിന്റെയും ആകൃതി. 

മൂന്നു സെന്റ് സ്ഥലം എന്നതിലുപരി ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത് 6 .5 മീറ്റര്‍ വീതിയും 18 .7 മീറ്റര്‍ നീളവുമുള്ള പ്ലോട്ടില്‍ എങ്ങനെ വീട് വെക്കും എന്നതായിരുന്നു. എന്നാല്‍ നീളത്തിന് അനുസരിച്ച് വീടും കൂടി ഡിസൈന്‍ ചെയ്തപ്പോള്‍ സംഗതി വിചാരിച്ചതിലും മനോഹരമായി. 

Home

1636 ചതുരശ്രയടിയില്‍ നിര്‍മ്മിച്ച വീട് പണിക്കായി 47ലക്ഷം രൂപയാണ് പ്രവാസിയായ ഹരികുമാരന്‍ ചിലവഴിച്ചത്. ബന്ധുവും സിവില്‍ എഞ്ചിനീയറുമായ ആന്റണിയുടെ സഹായത്തോടെയാണ് പ്ലാന്‍ തയ്യാറാക്കിയത്. 

രണ്ടു നിലകളുളള വീടിന്റെ താഴത്തെ നില ഭാവിയില്‍ വാടകക്ക് കൊടുക്കാന്‍ ഉദ്ദേശിച്ചാണ് പണികഴിപ്പിച്ചത്. മുകളിലത്തെ നിലയിലാണ് അടുക്കളയ്ക്കു സ്ഥാനം, ഇന്റീരിയര്‍- മോഡുലാര്‍ കിച്ചണാണ് ഇവിടെയുള്ളത്.

Home

വീടിനുള്ളിലെ ചൂടുകുറക്കാന്‍ മുകളില്‍ ട്രസ് റൂഫിങ് ചെയ്യുകയും ഉള്ളിലെ ചുവരുകളില്‍ ജിപ്‌സം പ്ലാസ്റ്ററിങ്ങുമാണ് ചെയ്തിരിക്കുന്നത്. വായുസഞ്ചാരം സുഗമമാക്കാന്‍ ജനാലകളെല്ലാം 6 അടി ഉയരമുള്ളതാക്കി. ഭാവിയെ മുന്നില്‍ കണ്ട് 3 കിലോവാട്ടിന്റെ സോളാര്‍ ഓണ്‍ ഗ്രിഡ് പാനലും റൂഫിന് മുകളിലായി ഫിറ്റ് ചെയ്തു. 

താഴത്തെ നിലയിലും മുകളിലത്തെ നിലയിലും ഓരോ അറ്റാച്ഡ് ബെഡ്‌റൂമുകള്‍ ഉള്‍പ്പെടെ രണ്ടു ബെഡ്റൂമുകളും ഒരോ കോമണ്‍ ടോയ്ലറ്റുകളും ലിവിങ് റൂം, ഡൈനിങ് റൂം, കിച്ചന്‍ , വര്‍ക്ക് ഏരിയ എന്നിവയ്‌ക്കൊപ്പം മുകളിലത്തെ നിലയില്‍ ചെറിയൊരു ബാല്‍ക്കണിയുമാണ് ഈ വീട്ടിലുള്ളത്.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: three cents plot home in ernakulam