ചൂടും തണുപ്പും മാറിമാറി വരുന്ന കാലാവസ്ഥയാണ് കേരളത്തിന്റേത്. അതുകൊണ്ടുതന്നെ വീടു പണിയുന്ന ഘട്ടത്തിലും ഈ കാലാവസ്ഥാ മാറ്റത്തിനു പ്രാധാന്യം നല്‍കും. ഇത്തരത്തില്‍ ചൂട് കുറയ്ക്കാനായി കൊളോണിയല്‍ ശൈലിയില്‍ നിര്‍മ്മിച്ച വീടാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള പാലശ്ശേരി എന്ന വീട്. 

ചൂട് കുറയ്ക്കാനായി ഡബിള്‍ റൂഫ് കൊടുത്തു നിര്‍മ്മിച്ചതാണ് ഈ വീട്. ഗള്‍ഫില്‍ ബിസിനസുകാരനായ സെയ്ദലവിയാണ് വീടിന്റെ ഉടമസ്ഥന്‍, മഞ്ചേരിയിലുള്ള യുഗ ആര്‍ക്കിടെക്ട്‌സിലെ മിഥുനും അരുണുമാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  

മുന്നിലേക്ക് തള്ളിനില്‍ക്കും വിധത്തിലാണ് വീടിനു മുന്‍വശത്തെ ജനലുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വൈറ്റ്, ഗ്രേ കളര്‍ കോമ്പിനേഷനാണ് വീടിനു നല്‍കിയിരിക്കുന്നത്. വീട്ടില്‍ നിന്നും ഡിറ്റാച്ച്ഡ് ആയാണ് പോര്‍ച്ച് കെട്ടിയിരിക്കുന്നത്. 

ഇംഗ്ലീഷ് സ്റ്റൈല്‍ നിലനിര്‍ത്തുന്നതിനൊപ്പം കോസ്റ്റ് എഫക്റ്റീവായ രീതിയിലാണ് വീടിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തത്. ധാരാളം വായുവും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് റൂഫിങ് ചെയ്തിരിക്കുന്നത്. 

രണ്ട് ബെഡ്‌റൂം ലിവിങ് റൂം ഡൈനിങ് റൂം കിച്ചണ്‍ വര്‍ക്ക് ഏരിയ തുടങ്ങിയവയാണ് താഴത്തെ നിലയിലുള്ളത്. വലിപ്പം തോന്നുന്ന വിധത്തിലും മനോഹരമായ കളര്‍ ടോണിലുമാണ് ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രധാന വാതില്‍ തൊട്ട് വാഷ് ഏരിയ വരെ ഒരു പാസേജ് നല്‍കിയിട്ടുണ്ട്. ഈ പാസേജ് തന്നെയാണ് അടുക്കളയെയും ഡൈനിങ് റൂമിനെയും ബന്ധിപ്പിക്കുന്നത്. 

ഓപ്പണ്‍ ടൈപ്പില്‍ സെറ്റ് ചെയ്തിരിക്കുന്ന ലിവിങ് റൂം മറ്റൊരു ആകര്‍ഷകമാണ്. വളരെ മിനിമലായിട്ടുള്ള ഇന്റീരിയര്‍ വൈറ്റ് ആന്‍ഡ് വുഡന്‍ ഫിനിഷില്‍ ആണ് തീര്‍ത്തിരിക്കുന്നത്. ബുക് ഷെല്‍ഫ്, സ്റ്റോറേജ് സ്‌പേസ്, വാര്‍ഡ്രോബ്, സ്റ്റഡി ഏരിയ, ഡ്രസിങ് ഏരിയ എന്നിവയടങ്ങിയതാണ് ബെഡ്‌റൂം. 

ഫ്‌ളോറിങ്ങിന് കടുംനിറങ്ങളാണ് നല്‍കിയത്. ബെഡ്‌റൂമുകളില്‍ ഇന്റീരിയറിനായി കൂടുതലായി ഒന്നും ഉപയോഗിച്ചിട്ടില്ല, മറിച്ച് കളര്‍ കോമ്പിനേഷനും മറ്റുമാണ് എലഗന്റ് ലുക് നല്‍കുന്നത്. 

രണ്ടുറൂമുകളുടെ വലിപ്പമുള്ള കിച്ചണാണ് വീട്ടിലുള്ളത്. രണ്ടു സെക്ഷനിലായാണ് കിച്ചണ്‍ ഡിസൈന്‍ ചെയ്തത്. ഒന്ന് മോഡുലാര്‍ കിച്ചണും മറ്റൊന്ന് ലേഡീസ് ലിവിങ് എന്ന കോണ്‍സെപ്റ്റിലുമാണ് സെറ്റ് ചെയ്തിരിക്കുന്നത്. ബ്രേക്ഫാസ്റ്റ് ടേബിള്‍ കൊണ്ടാണ് കിച്ചണിനെ രണ്ടു ഭാഗമായി തിരിക്കുന്നത്. 

കൂളിങ് എഫക്റ്റിന്റെ പ്രധാന കാരണം ഇരട്ടി വലിപ്പമുള്ള റൂഫിങ് നല്‍കി എന്നതിനൊപ്പം വായുപ്രവാഹത്തിനായി ധാരാളം വെന്റിലേഷനും നല്‍കിയിട്ടുണ്ട് എന്നതാണ്. 

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: Stylish Double Roofed Home To Reduce Heat home plans budget homes