സൗദി അറേബ്യയില്‍ വ്യവസായിയായ മന്‍സൂര്‍ ആലമിന് വീട് വെയ്ക്കുമ്പോള്‍ ഒറ്റ കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ. 'ഏറ്റവും മോഡേണ്‍ ആയിരിക്കണം.' പിന്നെ ഡിസൈനര്‍ മുനീര്‍ വീടിനെ എക്‌സ്ട്രാ സ്മാര്‍ട്ട് ആക്കാനുള്ള പരിപാടികള്‍ തുടങ്ങി. 

മലപ്പുറം കോട്ടയ്ക്കലില്‍ 40 സെന്റില്‍ 5500 ചതുരശ്രയടിയിലാണ് ഈ വീട്. മുമ്പില്‍ എത്തുമ്പോള്‍ ഗേറ്റ് താനേ തുറക്കും. ഓട്ടോമാറ്റിക്കാണ് ഗേറ്റ്. അത് രണ്ട് രീതിയില്‍ പ്രവര്‍ത്തിക്കും. ഒന്ന് കാറിന് മുമ്പില്‍ സെന്‍സര്‍ വെച്ചാല്‍ മതി. കാര്‍ വരുമ്പോള്‍ ഗേറ്റ് ഓട്ടോമാറ്റിക്കായി തുറക്കും. വീടനകത്തു നിന്ന് റിമോര്‍ട്ട് അല്ലെങ്കില്‍ സ്വിച്ച് ഉപയോഗിച്ചും തുറക്കാം. മൊബൈലിലെ ആപ്ലിക്കേഷന്‍ വഴി ലോകത്ത് എവിടെ നിന്നും ഗേറ്റ് തുറക്കാം. ഓട്ടോമേഷന്‍ എന്ന ഒരു സിസ്റ്റം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ലാന്റ്‌സ്‌കേപ്പില്‍ ഇറിഗേഷന്‍ സിസ്റ്റത്തിനും (ചെടികള്‍ നനയ്ക്കാനും മറ്റും) ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. 

2വീടിനകത്തേക്ക് കയറിയ ഉടന്‍, ലൈറ്റുകള്‍ താനേ ഓണാവും. സെന്‍സര്‍ ലൈറ്റുകളാണ് വീട്ടില്‍ എല്ലായിടത്തും. വാതിലുകളില്‍ സെക്യൂരിറ്റി സിസ്റ്റം ഉണ്ട്. അത് ആക്ടിവേറ്റ് ആണെങ്കില്‍ വാതില്‍ തുറന്നാല്‍ ഉടമസ്ഥന്റെ മൊബൈലിലെ അലാറം അടിയ്ക്കും. അതുപോലെ വീട്ടിലെ ക്യാമറകളിലൂടെ ലോകത്ത് എവിടെയാണെങ്കിലും പരിസരം വീക്ഷിക്കാം. എല്ലാ സമയത്തും ലൈവായി വീടിനെ പുറത്തുനിന്ന് കാണാന്‍ സാധിക്കും. എല്ലാ ലൈറ്റുകളും ഫാനുകളും കര്‍ട്ടനുകളും ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിയന്ത്രിക്കാം. വീട്ടിലെ മുഴുവന്‍ ലൈറ്റുകളും കണ്‍ട്രോള്‍ ചെയ്യാനുള്ള സ്‌ക്രീനുകളുമുണ്ട്.

2
പെബിള്‍ കോര്‍ട്ട് യാര്‍ഡാണ് ഭംഗി


ലൈറ്റിന്റെ പവര്‍, വാട്‌സ് കൂട്ടാനും കുറയ്ക്കാനും പറ്റും. മോട്ടോര്‍, പമ്പ് സെറ്റ് എന്നിവയും ഓട്ടോമാറ്റിക്കായി വര്‍ക്ക് ചെയ്യിക്കാം. വാഷ്‌ബേസിനിലും സെന്‍സര്‍ ഉപയോഗിച്ചിട്ടുണ്ട്. ഓട്ടോമേഷന് മാത്രമായി 20 ലക്ഷം രൂപയാണ് ചെലവായത്. മറ്റ് ഡിസൈനും സ്മാര്‍ട്ട് ഹോമിന് അനുസൃതമായാണ് ചെയ്തത്. എല്ലാം പരിസ്ഥിതി സൗഹൃദ മാതൃകകളാണ്. വീടിന്റെ മേല്‍ക്കൂരയിലെ സോളാര്‍ പാനലുകള്‍ അതിനുദാഹരണമാണ്. മോഡേണ്‍ ശൈലിയിലുള്ള എലിവേഷന്‍. വെള്ളനിറമാണ് വീടിനകത്തും പുറത്തും കൂടുതലായി നല്‍കിയത്. ഇതിനു കോണ്‍ട്രാസ്റ്റ് നല്‍കുന്നതിനായി പുറംഭിത്തികളില്‍ ഗ്രേ ക്‌ളാഡിങ് ടൈലുകള്‍ പാകിയത് ഭംഗി വര്‍ധിപ്പിക്കുന്നു.

വീടിന്റെ സിറ്റ്ഔട്ടിന് സമീപം ഒരു ചെറിയ ഡെക്ക് നല്‍കി പെബിളുകളും പുല്‍ത്തകിടിയും നല്‍കി മനോഹരമാക്കി. വീട്ടിനകത്ത് കയറുമ്പോള്‍ ആദ്യം ശ്രദ്ധ പതിയുന്നത് പ്രെയര്‍ സ്‌പേസിലേക്കാണ്. ഇതിന്റെ വാതില്‍ ജാളി ഫിനിഷിലാണ് തീര്‍ത്തത്. 3

ഇന്റീരിയറിലെ ശ്രദ്ധാകേന്ദ്രം പെബിള്‍ കോര്‍ട്ട് യാര്‍ഡാണ്. കോര്‍ട്ട് യാര്‍ഡിന് വശത്തായി ഫാമിലി ലിവിങ് സ്‌പേസ്. സിറ്റിങ് സ്‌പേസും സ്വിമ്മിങ് പൂള്‍ ഭാഗത്തേക്ക് തുറക്കുന്ന ഒരു വാതിലും നല്‍കിയിട്ടുണ്ട്. തേക്കിന്‍ തടി കൊണ്ടാണ് ഗോവണിയുടെ പടികള്‍. പത്തുപേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ പാകത്തില്‍ ഗ്ലാസ് ടോപ്പ് നല്‍കിയ ഊണുമേശ. ഇതിനുസമീപം വാഷ് ഏരിയ ക്രമീകരിച്ചു.

ഐലന്‍ഡ് കിച്ചനാണ് വീട്ടില്‍ ഒരുക്കിയത്. കൊറിയന്‍ ടോപ്പ് ആണ് കൗണ്ടറിനു നല്‍കിയത്. ഇവിടെ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിരിക്കുന്നു. മുകള്‍നിലയില്‍ നിന്നും ഊണുമേശയുടെ കാഴ്ച ലഭിക്കും വിധം ഡബിള്‍ ഹൈറ്റ് മേല്‍ക്കൂര നല്‍കി. അഞ്ചു ലക്ഷ്വറി കിടപ്പുമുറികളുണ്ട്. എല്ലാ മുറികളിലും സോന, ജക്കൂസി സൗകര്യമുള്ള ബാത്ത്‌റൂമുകള്‍ ഒരുക്കി. അറ്റാച്ച്ഡ് വാഡ്രോബുകള്‍, ഡ്രസിങ് ഏരിയ എന്നിവയും കിടപ്പുമുറികളില്‍ ഒരുക്കിയിട്ടുണ്ട്.  

ഡിസൈനര്‍: മുഹമ്മദ് മുനീര്‍ കെ. കോഴിക്കോട്  

 2017 ഡിസംബര്‍ ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്. ഗൃഹലക്ഷ്മി വാങ്ങിക്കാം 

 

Content Higlight: smart home in Malappuram kottakkal,myhome