വീട് പണിയുന്നതില്‍ പ്രധാനം അവിടെ താമസിക്കുന്നവരുടെ ഇഷ്ടങ്ങള്‍ക്കാണ്. വീട് പണിയും മുമ്പുതന്നെ ലളിതമായിരിക്കണം ആഡംബരം നിറഞ്ഞതായിരിക്കണം എന്നൊക്കെ ധാരണകളുള്ളവര്‍ ഉണ്ടാകും. ആ സങ്കല്‍പങ്ങളൊക്കെ കൃത്യമായി ഉള്‍ക്കൊണ്ട് സ്വപ്‌നഭവനങ്ങള്‍ പണിതുയരുമ്പോഴാണ് ഓരോ ഉടമയുടെയും മനസ്സും നിറയുന്നത്. അത്തരത്തില്‍ ഉടമ സ്വന്തമായി ഡിസൈന്‍ ചെയ്ത് ഒതുക്കത്തോടെ നിര്‍മിച്ച വീടാണ് കൊല്ലം ജില്ലയിലെ വാളുങ്കലിലുള്ള 'ധ്വനി'. 

house

വീടിന്റെ ഉടമസ്ഥനായ ഹരീഷ് തന്നെയാണ് വീടിന്റെ ഡിസൈന്‍ ചെയ്തത്. വാസ്തുശില്‍പാ കണ്‍സ്ട്രക്ഷന്‍സിന്റെ മേല്‍നോട്ടത്തോടെയാണ് പണി പൂര്‍ത്തിയാക്കിയത്. 2850 ചതുരശ്ര അടിയുള്ള വീടിനായി എണ്‍പതു ലക്ഷം രൂപയോളമാണ് ചെലവായത്. ഹരീഷ്, ഭാര്യ, ഗോപിക, മകള്‍ ജനി എന്നിവരാണ് വീട്ടിലെ താമസക്കാര്‍. 

വെള്ളയും ഗ്രേയും കലര്‍ന്ന നിറമാണ് വീടിന്റെ ചുറ്റുമതിലിനും വീടിനും നല്‍കിയിരിക്കുന്നത്. കൊളോണിയല്‍ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വീട് ആദ്യകാഴ്ച്ചയില്‍ ഒരുനില ഭവനമാണെന്ന് തോന്നിക്കും. എന്നാല്‍ അകത്തേക്ക് കടന്നാല്‍ വിശാലമായ മുറികളാണ് കാണുക. അമിത ആഡംബരങ്ങളൊന്നുമില്ലാതെയാണ് വീടിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബഹളങ്ങളില്ലാതെ മനോഹരമായി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് അനുരാജ് എന്ന യുവാവാണ്. 

dhwani

എല്‍ ഷെയ്പ്പിലുളള സിറ്റ്ഔട്ട് കടന്നുചെല്ലുന്നത് ലിവിങ് റൂമിലേക്കാണ്, അവിടെ നിന്ന് ചെറിയൊരു ടിവി യൂണിറ്റിലേക്കും. ശേഷം ഡൈനിങ് റൂമും അതിന് ഇടതുവശത്തായി മാസ്റ്റര്‍ ബെഡ്‌റൂമും കിഡ്‌സ് ബെഡ്‌റൂമും.

അതുകഴിഞ്ഞ് കടന്നുചെല്ലുന്നത് കിച്ചണിലേക്കും വര്‍ക്ക് ഏരിയയിലേക്കും. ഗ്യാസ് യൂണിറ്റിനായി പ്രത്യേകം ഇടവും ഒരുക്കി. ഓപ്പണ്‍ കിച്ചണാണ് വീട്ടിലുള്ളത്. ഒരാള്‍ മാത്രം വേറിട്ടു നില്‍ക്കുന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനും വീടിന്റെ മറ്റു ഭാഗങ്ങളിലേക്കു കൂടി കാഴ്ച്ച കിട്ടാനുമാണ് ഓപ്പണ്‍ കിച്ചണ്‍ തന്നെ തെരഞ്ഞെടുത്തതെന്ന് ഉടമ പറയുന്നു. 

dhwani

ഡൈനിങ് റൂമില്‍ നിന്നാണ് സ്റ്റെയര്‍കെയ്‌സ് ആരംഭിക്കുന്നത്. ഹോം തീയേറ്റര്‍, ബെഡ്‌റൂം, ഓപ്പണ്‍ ടെറസ് എന്നിവയാണ് മുകള്‍ നിലയിലുള്ളത്. 

dhwani

കാര്‍പോര്‍ച്ചിന്റെ വശത്തായി ഒരുക്കിയിരിക്കുന്ന എല്‍ ഷെയ്പ്പിലുള്ള കുളം വീടിന്റെ പ്രധാന ആകര്‍ഷകങ്ങളിലൊന്നാണ്. സ്ഥലം പരമാവധി ഉപയോഗിക്കാനായി സ്റ്റെയര്‍കെയ്‌സിന്റെ താഴെ സ്റ്റോറേജ് സ്‌പേസ് ഒരുക്കി. ടിവി യൂണിറ്റിലുള്ള ചെറിയ കോര്‍ട്ട് യാര്‍ഡ് വീട്ടിനകത്ത് പച്ചപ്പിന്റെ സൗന്ദര്യം നിറയ്ക്കുന്നു. ഇവിടെ നല്‍കിയിട്ടുള്ള പര്‍ഗോള വീടിനകത്തേക്ക് പരമാവധി വായുവും വെളിച്ചവും ലഭ്യമാക്കുന്നു. 

അടുക്കളയിലും പര്‍ഗോള വച്ചിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ വൈദ്യുതി ഇല്ലാതെ തന്നെ വീടിനകത്ത് പരമാവധി പ്രകാശം ലഭിക്കാന്‍ ഈ പര്‍ഗോളകള്‍ സഹായിക്കുന്നുവെന്ന് ഉടമ പറയുന്നു.

dhwani

Project Details

Location: Kollam

Owner: Harish

Cost: 80 Lakhs

Area in Square Feet : 2850

Designed by: Vasthu Silpa Constructions

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: simple one storey house kerala home designs