വീട് പണിയുമ്പോള്‍ ചെലവിനൊപ്പം പലരും ആവശ്യപ്പെടുന്ന കാര്യമാണ് സിംപിളാകണമെന്നത്. എത്ര വലിയ വീടുവച്ചാലും കാഴ്ച്ചയില്‍ അമിത ആര്‍ഭാടമില്ലാതെ ലാളിത്യം പുലര്‍ത്തിയാല്‍ ഒരു പ്രത്യേക സൗന്ദര്യമുണ്ടാകും. അത്തരത്തിലൊരു വീടാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലുള്ള സൈനൂസ് എന്ന ഭവനം.
ഗ്രാമപ്രദേശത്ത് എല്ലാവിധ മോഡേണ്‍ സൗകര്യങ്ങളോടും കൂടി നിര്‍മ്മിച്ചിരിക്കുന്ന വീടാണിത്. ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ എലിവേഷനിലാണ്. ഒരു വാളിനോട് കണക്ട് ചെയ്ത് മറ്റൊരു വാള് നിര്‍മ്മിച്ചിരിക്കുന്ന രീതിയിലാണ് ഇവിടുത്തെ എലിവേഷന് കാണുന്നത്.
കണ്ണൂര്‍ ജില്ലയിലെ ത്രീഡോര്‍ കണ്സപ്റ്റ്സിലെ ആര്‍ക്കിടെക്സ് ആയ അഹമ്മദ് തനീം, മുഹമ്മദ് ജിയാദ്, മുഹമ്മദ് നസീം എന്നിവരാണ് ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബിസിസുകാരനായ മുഹമ്മദ് അഷ്റഫും ഭാര്യ ഫാത്തിമയും മക്കളുമാണ് വീട്ടിലെ താമസക്കാര്‍. അഷ്റഫിന്റെ അമ്മയുടെ പേരു തന്നെയാണ് വീടിനു നല്‍കിയിരിക്കുന്നത്.
പുറത്തു നിന്നു നോക്കുമ്പോള്‍ വലിയ ബില്‍ഡിങ്ങിന്റെ ഫീല്‍ വരാത്ത രീതിയില്‍ കണക്ട് ചെയ്തിട്ടുള്ള കുറേ ബോക്സുകള്‍ ആണ് എലിവേഷനില്‍ കാണുക. മുമ്പ് ഉണ്ടായിരുന്ന കിണറിനെ ഹൈഡ് ചെയ്ത് എലിവേഷന് നിര്‍മ്മിക്കുക എന്നതായിരുന്നു ആര്‍ക്കിടെക്ടുകള്‍ നേരിട്ട വലിയ വെല്ലുവിളി. അതിനായി കറുപ്പുനിറത്തിലുള്ള മാര്‍ബിള്‍ വാളും അതിനെ ഹൈലൈറ്റ് ചെയ്യാന്‍ ചെറിയൊരു വാട്ടര്‍ ബോഡിയുമുണ്ട്.
മിനിമലിസ്റ്റിക് ആയിട്ടുള്ള രീതിയിലാണ് വീടിന്റെ ഗാര്ഡന് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുമ്പുണ്ടായിരുന്ന മരങ്ങളെല്ലാം അതുപോലെ തന്നെ നിലനിര്‍ത്താനും ഡിസൈനേഴ്സ് ശ്രദ്ധിച്ചിട്ടുണ്ട്.
സിംപ്ലിസിറ്റി വേണം ഡിസൈനില്‍ എന്നതായിരുന്നു ക്ലയന്റിന്റെ ആവശ്യമെന്ന് ആര്‍ക്കിടെക്ട്സ് പറയുന്നു. ഒപ്പം ഒരുപാടു വെന്റിലേഷന് വേണമെന്നതും ആവശ്യമായിരുന്നു.
വീട്ടിലേക്ക് കടക്കുമ്പോള്‍ ആദ്യം കാണുന്നത് പൂമുഖത്തുള്ള ഹാഫ് വാളാണ്, ഓപ്പണ്‍ കണ്സപ്റ്റില് ഒപ്പം പ്രൈവസിയും മുന്‍നിര്‍ത്തിയാണ് പൂമുഖം ഡിസൈന്‍ ചെയ്തിരിക്കുന്നത്. കയറിവരുന്ന അതിഥികള്‍ക്ക് ഡയറക്ട് വ്യൂ കൊടുക്കാതിരിക്കുകയായിരുന്നു ലക്ഷ്യം, വാളിനു താഴെയായി ഇരിക്കാനുള്ള സ്ഥലവും സെറ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ പുറകിലാണ് അതിഥികള്‍ക്കായുള്ള ലിവിങ് സ്പേസ് ഒരുക്കിയിരിക്കുന്നത്. ഗസ്റ്റ് ലിവിങ് റൂമിന് ഡബിള്‍ ഹൈറ്റ് ആണ് നല്‍കിയിരിക്കുന്നത്, പരമാവധി വായുവും വെളിച്ചവും ലഭ്യമാകാനാണിത്.
തേക്കില്‍ ഫിനിഷ് ചെയ്തിരിക്കുന്ന സോളിഡ് ഡൈനിങ് ടേബിളാണ് ഡൈനിങ് ഏരിയയുടെ ഹൈലൈറ്റ്. ഇവിടുത്തെ ചെയറുകളിലും ടേബിളിലും ചുവരിലുമൊക്കെ ചതുരത്തിലും വൃത്താകൃതിയിലുമൊക്കെയുള്ള ജ്യോമെട്രിക് പാറ്റേണ്‍ ഡിസൈനുകള്‍ കാണാം. ഡൈനിങ് ഹാളില്‍ ത്രീഡി ടൈല്‍സ് ഉപയോഗിച്ച് ചുവര് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. സൂര്യപ്രകാശം കൂടുതല്‍ കിട്ടാന്‍ ഇവിടെ മുഴുവന്‍ ഫുള്‍സൈസ് വിന്‍ഡോ ആണ് നല്‍കിയിരിക്കുന്നത്.
കൊറിയന്‍ സ്റ്റോണ്‍സാണ് അടുക്കളയുടെ കൗണ്ടര്‍ടോപ്പില്‍ ഉപയോഗിച്ചിരിക്കുന്നത് . ബ്രേക്ഫാസ്റ്റ് കൗണ്ടറും കിച്ചണില്‍ കാണാം. തൊട്ടടുത്തായി ഒരു വര്‍ക്ക് ഏരിയയുമുണ്ട്.
സ്റ്റെയര്‍കെയ്സ് കയറി മുകളിലെത്തിയാല്‍ ആദ്യം കാണുന്നത് ഒരു ചെറിയ ലൈബ്രറി ഉള്‍പ്പെടെയുള്ള റീഡിങ് സ്പേസ് ആണ്, ഇന്‍ഫോര്‍മല്‍ ലിവിങ് ഏരിയയാണിത്. അതിനു പുറകിലായി ഗ്ലാസ് കൊണ്ടുള്ള വിന്‍ഡോ കാണാം.
താഴെ രണ്ടും മുകളില്‍ മൂന്നും ഉള്‍പ്പെടെ അഞ്ചു മുറികളാണ് വീട്ടിലുള്ളത്. മിനിമലിസ്റ്റിക് ലുക്കിലാണ് മുറികളെല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത്. വുഡ്, വൈറ്റ് കളര്‍ തീം തന്നെയാണ് ബെഡ്റൂമിലും സ്വീകരിച്ചിരിക്കുന്നത്.
Content Highlight: simple and modern house at Taliparamba, Kannur