Journey | Photo: Sambhu.VS
ചെങ്കല്‍ച്ചുവപ്പ്, പച്ചപ്പിന്റെ സമൃദ്ധി, മഴയും വെയിലും ആവോളമാസ്വദിക്കാന്‍ വീട്ടകത്തൊരു മുറ്റം. വീട് വെക്കാന്‍ മരം മുറിക്കരുതെന്ന നിര്‍ബന്ധത്തില്‍ പഴയ കപ്പല്‍ പൊളിച്ചുകിട്ടിയ തടിയില്‍ തീര്‍ത്ത മരപ്പണികളും ഫര്‍ണിച്ചറുകളും.... നിര്‍മ്മാണരീതി കൊണ്ടും കാഴ്ചകൊണ്ടും പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുകയാണ് എഴുത്തുകാരി ഡോ.ആര്യാഗോപിയുടെയും ഭര്‍ത്താവ് ജോബി ജോസഫിന്റെയും 'ജേര്‍ണി' എന്ന വീട്.
ഗേറ്റ് കടന്ന് കല്ല് പാകിയ മുറ്റേത്തേക്കെത്തുമ്പോള് കണ്ണിലുടക്കുക ചെങ്കല്ച്ചുവപ്പും പച്ചപ്പിന്റെ സമൃദ്ധിയുമാണ് . അകത്തേക്ക് കയറുന്തോറും സാധാരണ വീട്ടു സങ്കല്പങ്ങളെ പൊളിച്ചെഴുതി ജേര്‍ണി നമ്മെ വിസ്മയിപ്പിക്കും.
ചെത്തിത്തേക്കാത്ത ചെങ്കല്‍ ചുമരുകള്‍ക്ക് പുറമേ ഗ്ലാസ് ചുമരുകളും മനോഹാരിത കൂട്ടുന്നു. മുറ്റത്ത് പടര്‍ന്ന് പന്തലിച്ച ചെടികള്‍ പുറമേ നിന്ന് അകത്തേക്കുള്ള കാഴ്ചകളെ മറയ്ക്കുന്നു. വീട്ടുകാരുടെ സ്വകാര്യതയെ പ്രകൃതി മാനിച്ചപോലെ.
സിറ്റൗട്ടിന് പകരം മേല്‍ക്കൂര മാത്രം നല്കി അല്പം ഉയരത്തില്‍ കപ്പല്ത്തടിയില് തീര്‍ത്ത വലിയൊരു വാതിലാണ് അകത്തേക്ക് നമ്മെ സ്വാഗതം ചെയ്യുക. സിറ്റൗട്ടും ബാല്‍ക്കണിയും വേണ്ടെന്ന തീരുമാനത്തില്‍ ആ സ്ഥലം കൂടി അകത്തേക്ക് എടുത്തിരിക്കുകയാണ് ഇവിടെ.

വാതില്‍ കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ നാട്ടുമീനുകളുള്ള ഒരു ചെറിയ കുളവും അതിനിടയിലൂടെ വീട്ടകത്തേക്ക് കയറാന്‍ പടികളും നല്കിയിരിക്കുന്നു. ആകാശത്തേക്കുള്ള കാഴ്ച സാധ്യമാക്കാന്‍ ഓപ്പണ്‍ റൂഫാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
പടികള്‍ കയറിച്ചെന്നാല്‍ നീളന്‍ പാസേജിനപ്പുറം മനോഹരമായ മുറ്റം. ഉരുളന്‍ കല്ലുകളും നാട്ടുചെടികളും വള്ളിപ്പടര്‍പ്പുകളും കൊണ്ട് സമൃദ്ധമായ ഇടം. അവിടെ നിറയുന്ന പച്ചപ്പ് ഇന്‍ഡോര്‍ പ്ലാന്റുകളല്ല, നാട്ടിന് പുറത്തെ സാധാരണ ചെടികളും വള്ളിപ്പടര്പ്പുകളുമാണവ. മഴ കൊണ്ട്, ആകാശം കണ്ട്, കിളികളുടെ ഒച്ച കേട്ട് എസിയില്ലാതെ പ്രകൃതിയുടെ തണുപ്പാസ്വദിക്കാനൊരിടം.

മുറ്റത്തിന് ചുറ്റുമാണ് വീടൊരുക്കിയിരിക്കുന്നത്. ഇടതുവശത്തായി ഒരു വശത്ത് ഓഫീസ് മുറിയും കിടപ്പുമുറിയുമാണ്. കട്ടിലിനരികിലായി അല്പം പുറത്തേക്ക് തള്ളി ചുറ്റും ഗ്ലാസ് നല്കിയ എഴുത്തിടം. നീളന്‍ ജനാലകള്‍, കര്ട്ടന് നീക്കിയാല്‍ ഗ്ലാസിനപ്പുറം മുറ്റത്തെ പച്ചപ്പ്.

മുറ്റത്തിന് വലത് വശത്താണ് ലിവിങ് റൂം. അവിടെ ഇന്‍ബില്‍റ്റ് സോഫ. അതിന് ചുറ്റും പുരസ്കാരങ്ങളും ഷീല്ഡുകളുമെല്ലാം അടുക്കിവെച്ച ചുമരലമാര. ലിവിങ് ഏരിയയിലേക്ക് കടക്കുമ്പോള്‍ ആദ്യം കണ്ണിലുടക്കുന്നതും ആ സമ്മാനങ്ങളുടെ നിറവാണ്.
ലിവിങ് റൂമിന് എതിര്‍വശത്തായി പ്രധാനവാതിലിന് പുറമേ പോര്ച്ചിലേക്കിറങ്ങാന് മറ്റൊരു വാതിലും മുകളിലേക്കുള്ള കോണിപ്പടികളും നല്കിയിരിക്കുന്നു. ലിവിങ് റൂമിനപ്പുറം ഒരു സ്റ്റെപ്പുയര്ന്ന് ഒരു വശത്തായി ഓപ്പണ്‍ കിച്ചനും മറുവശത്തായി ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. അടുക്കളയില്‍ നിന്ന് മുന്വശത്തേക്കിറങ്ങാന് ഒരു വാതിലുമുണ്ട്. ഡൈനിങ് ഏരിയയില്‍ നിന്ന് പിന്നിലേക്കുള്ള മുറ്റത്തേക്കിറങ്ങാം. അവിടെയാണ് വാഷിങ് സ്പേസ് കൊടുത്തിരിക്കുന്നത്.

മുകളിലേക്ക് കയറുമ്പോള്‍ വിശാലമായ ലൈബ്രറിയാണ് ആദ്യം നമ്മെ സ്വീകരിക്കുക. ഒരു പടി താഴേക്കിറങ്ങി വേണം പുസ്തകലോകത്തേക്ക് കടക്കാന്‍. ലൈബ്രറിയില്‍ നിന്നുള്ള പിരിയന്‍ ഗോവണി കയറിയാല്‍ കുഞ്ഞു ജഹാന്റെ ചിത്രലോകമാണ്. വരകളും വര്‍ണങ്ങളും കാന്‍വാസുകളും നിറഞ്ഞ ഇടം. ലൈബ്രറിക്കപ്പുറം ഉള്ളിലേക്ക് തുറന്നിരിക്കുന്ന ബാല്‍ക്കണി. അത് കടന്നാല്‍ കിടപ്പുമുറിയാണ്. താഴെ ഒന്നും മുകളില്‍ രണ്ടുമാണ് കിടപ്പുമുറികള്‍.

ഉയര്‍ന്നും താഴ്ന്നും കിടക്കുന്ന പ്ലോട്ടിനെ അധികം നിരപ്പാക്കാതെ ഭൂമിയുടെ കിടപ്പിനനുസരിച്ച് നിര്‍മ്മിച്ച വീട് ആര്‍ക്കിടെക്റ്റ് ബിജു ബാലനാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എഴുത്തും വായനയും വരകളും നിറഞ്ഞ വീട്ടില്‍ കൈ എത്താവുന്ന അകലത്തിലെല്ലാം ഓരോ പുസ്തകമുണ്ട്. കാണാന്‍ ഓരോ ചിത്രവും. ചെങ്കല്‍ ചുവപ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ചുമരിടങ്ങളിലെല്ലാം ജഹാന്റെ ചിത്ര വിരുന്നുകളാണ്.

പ്രധാനവാതില്‍, ഫളോറിങ്, ഫര്‍ണച്ചറുകള്‍, ഇന്‍ബില്‍റ്റ് സോഫകള്‍, മേശ, ബെഞ്ച്, കട്ടില്...ഈ വീട്ടില്‍ മരങ്ങള്‍ എവിടെയൊക്കെ എന്തിനൊക്കെ ഉപയോഗിച്ചിട്ടുണ്ടോ അതെല്ലാം കപ്പല്ത്തടിയാണ്. ബേപ്പൂരില്‍ നിന്ന് പഴയ ഉരുവാങ്ങി പൊളിച്ചെടുത്ത് ആവശ്യാര്‍ത്ഥം രൂപമാറ്റം നടത്തി എടുത്തവയാണെല്ലാം. ഉപ്പുവെള്ളത്തില്‍ കിടന്ന തടിക്ക് ബലം കൂടുതലാണെന്ന് ആര്കിടെക്ട്് ബിജുബാലന് പറയുന്നു. തടിയിലുണ്ടായിരുന്ന പൊട്ടലുകളും അടയാളങ്ങളും അങ്ങനെ തന്നെ നിലനിര്‍ത്തി ഉരുപ്പടികള്‍ ചെയ്തെടുക്കുന്നത് ക്ലാസിക് ലുക് നല്കാന് സഹായിക്കുന്നുണ്ട്.

വീടുണ്ടാക്കുമ്പോള്‍ വെറുമൊരു കോണ്‍ക്രീറ്റ് കെട്ടിടമാകരുതെന്ന നിര്‍ബന്ധമുണ്ടായിരുന്നു എഴുത്തുകാരി ആര്യാഗോപിക്കും ഭര്‍ത്താവ് ജോബി ജോസഫിനും. ആര്‍കിടെക്റ്റ് ബിജു ബാലനോടും ഇത് തന്നെയാണ് അവര്‍ പറഞ്ഞത്. 'സാമൂഹികപ്രതിബദ്ധതയോടെ എഴുതുകയും ജീവിക്കുകയും ചെയ്യുന്ന ഞങ്ങള്‍ ഒരു വീട് വെക്കുമ്പോഴും അങ്ങനെ ആവണമല്ലോ- ആര്യാഗോപി പറയുന്നു.
ആര്‍ക്കിടെക്ടിനെ കാണാന്‍ ചെന്നപ്പോഴും വേണ്ടായ്മകളാണ് ആര്യയും ജോബിയും ആദ്യം പറഞ്ഞത്. ബാല്‍ക്കണി, ആര്‍ട്ടിഫിഷ്യല്‍ ടൈലുകള്‍, വെള്ളച്ചുമരുകള്‍, ടെറസ് ഇവയൊക്കെ അരുതുകളുടെ ലിസ്റ്റിലായിരുന്നു. പകരം ചെങ്കല്ലും കല്ല് പാകിയ നിലവും ഓടും വായിക്കാനൊരിടവും. പ്രതീക്ഷിച്ചതിലും മനോഹരമായി ആ സ്വപ്നങ്ങളെല്ലാം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷമുണ്ട് ഇവര്‍ക്ക്.
'പ്രകൃതി എന്നത് മൂന്നാറില്‍ പോയി ആസ്വദിക്കേണ്ട ഒന്നല്ല, അത് നമുക്ക് ചുറ്റും വീടിന് ചുറ്റുമാണ് ഉണ്ടാവേണ്ടത്. പ്രകൃതിയെ പരമാവാധി വീടിനുള്ളിലേക്ക് കൊണ്ടുവരികയാണ് ഇവിടെ' ജോബി ജോസഫ് പറയുന്നു.

കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ക്ക് പകരം ഓടും ടൈലുകള്‍ക്ക് പകരം കോട്ടാ സ്റ്റോണാണ് വീട്ടില്‍ ഉപയോഗിച്ചത്. 20 ശതമാനത്തില്‍ താഴെ മാത്രമാണ് കോണ്‍ക്രീറ്റ് ഉപയോഗിച്ചിരിക്കുന്നത് (ബാത്ത്റൂം, അടുക്കള) ബാക്കിയെല്ലാം സ്റ്റീല്‍ സ്ട്രെക്ചര്‍. ഏറ്റവും മുകളില്‍ ജി.ഐ ഷീറ്റ് വിരിച്ച് അതിനടിയിലാണ് ഓടും സീലിങ് വര്‍ക്കും ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കപ്പുറം വീട് പൊളിക്കുമ്പോള്‍ ആ 80 ശതമാനവും പുനരുപയോഗിക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.
Project details
Owner : Dr.Arya Gopi, Joby Joseph
Location: Civil Station, Kozhikode
Architect: Biju Balan, Phn: 9074663763
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..