തിരുവനന്തപുരത്ത് തിരക്കുകളില്‍ നിന്നൊക്കെ മാറി അഞ്ചര സെന്റ് സഥലത്താണ് പ്രാണേഷും മീരയും തങ്ങളുടെ വീട് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. വീടിന് മുന്നില്‍ മൂന്ന് മീറ്റര്‍ അകലത്തില്‍ ഒരു കോണ്‍ക്രീറ്റ് റോഡുള്ള ഒതുങ്ങിയ ഒരിടം. അത്രയൊന്നും ഭംഗിയില്ലാത്ത ഈ സ്ഥലത്താണ് കണ്ടംപററി രീതിയില്‍ ഈ മനോഹരമായ വീട് ഉയര്‍ന്നത്. ജോലിത്തിരക്കുകള്‍ക്കിടയിലും വൃത്തിയായും വെടിപ്പായും സൂക്ഷിക്കാന്‍ പറ്റുന്ന ചെറിയ വീടായിരുന്നു ഇവര്‍ക്കാവശ്യം. മാത്രമല്ല വര്‍ക്ക് ഫ്രം ഹോം രീതിയ്ക്ക് യോജിക്കുന്ന വിധം ഒരു ഓഫീസ് സ്‌പേസും ഇവര്‍ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.
വിശാലമായ കാര്‍പോര്‍ച്ചില്‍ നിന്നാണ് വീടിനുള്ളിലേക്ക് കടക്കുന്നത്. ഇവിടെ ചെറിയൊരു സിറ്റ്ഔട്ട് നല്‍കിയിട്ടുണ്ട്. സിറ്റൗട്ടിലെ തൂണില്‍ സ്റ്റോണ്‍ ക്ലാഡിങ് നല്‍കി ആകര്‍ഷകമാക്കിയിരിക്കുന്നു. രണ്ട് നിലയുള്ള വീടിന് താഴെ രണ്ട് ബെഡ്‌റൂം ഒരുക്കിയിട്ടുണ്ട്. അടുക്കള്ള, ഡൈനിങ് റൂം, ലിവിങ്‌റൂം എന്നിവയും താഴത്തെ നിലയില്‍ തന്നെ. ലിവിങ് റൂമില്‍ നിന്ന് പടികള്‍ കയറി മുകള്‍ നിലയില്‍ എത്താം. 2050 സ്‌ക്വയര്‍ ഫീറ്റാണ് വീടിന്റെ വലിപ്പം. 46 ലക്ഷം രൂപ ചെലവിലാണ് വീടിന്റെ നിര്‍മാണം. കൂടുതല്‍ വെളിച്ചവും വലിപ്പവും തോന്നാന്‍ ഐവറി പെയിന്റാണ് വീടിന് പ്രധാനമായും നല്‍കിയിരിക്കുന്നത്. ബോക്‌സ് ആകൃതിയിലാണ് വീടിന്റെ മൊത്തം രൂപഘടന.
താഴത്തെ നിലയില്‍ ലിവിങ് റൂമിനും സ്റ്റെയര്‍ കേസിനും ഇടയിലായി തന്നെ ഡബിള്‍ ഹൈറ്റ് സ്‌പേസില്‍ ഒരു പൂജാ മുറിയും ഒരുക്കിയിട്ടുണ്ട്. പോസിറ്റീവ് ഫീലിങ് തോന്നുന്നവിധം പൂജാമുറിയുടെ ഭിത്തികള്‍ക്ക് മഞ്ഞനിറം നല്‍കിയിരിക്കുന്നു.
ലിവിങ് റൂമില്‍ കോവ് സീലിങ് നല്‍കി അതില്‍ വാം ലൈറ്റ് ഒരുക്കിയിരിക്കുന്നു. ഒപ്പം സ്ട്രിപ്പ് ലൈറ്റും നല്‍കിയിട്ടുണ്ട്. ലിവിങ് റൂമില്‍ തന്നെ ടെലിവിഷന്‍ സെറ്റും അതിന് പിന്നിലെ ഭിത്തിയില്‍ വുഡന്‍ ക്ലാഡിങും നല്‍കി ക്ലാസിക്ക് ഫീല്‍ വരുത്തിയിട്ടുണ്ട്. ടിവി സ്റ്റാന്‍ഡിന് താഴെ ഭാഗം പ്ലൈവുഡ് ഫിനിഷ് നല്‍കി ഒരു സ്റ്റോറേജ് സ്‌പേസാക്കി മാറ്റിയിരിക്കുന്നു. ലെതര്‍ ഫിനിഷ്ഡ് എല്‍ഷേപ്പ്ഡ് സോഫയും ചെറിയ കോഫിടേബിളുമാണ് ലിവിങ് റൂമിലെ ഫര്‍ണിച്ചറുകള്‍. ലിവിങ് റൂമില്‍ നിന്നാണ് മുകള്‍ നിലയിലേക്കുള്ള കോണിപ്പടികള്‍.
ഡൈനിങ് റൂമില്‍ ഒരു ബെഞ്ചും നാല് ചെയറുകളും ടേബിളും ഇടാനുള്ള സ്‌പേസാണ് ഒരുക്കിയത്. അരികില്‍ തന്നെ വാഷ്‌ബേസനും ഇടം നല്‍കിയിട്ടുണ്ട്. ഡൈനിങ് റൂമിലും വാംലൈറ്റാണ് നല്‍കിയിരിക്കുന്നത്.
അടുക്കള ഇപ്പോഴത്തെ ട്രെന്‍ഡ് പോലെ ഓപ്പണ്‍ കിച്ചണല്ല, ക്ലോസ്ഡ് കിച്ചണാണ്. അടുക്കളയില്‍ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കിയിരിക്കുന്നു. കിച്ചണില്‍ കൂടുതല്‍ വെളിച്ചം ലഭിക്കാന്‍ ഉയരം കുറഞ്ഞ നീളം കൂടിയ ജനാലകള്‍ നല്‍കിയിട്ടുണ്ട്. മോഡുലാര്‍ കിച്ചണാണ് ഇത്.
വീടിനുള്ളില്‍ വാര്‍ഡ്രോബുകള്‍ സ്‌മോക്ക് ഗ്രീനിന്റെയും വൈറ്റിന്റെയും കോമ്പിനേഷനുകളാണ്. ഐവറി നിറത്തിനൊപ്പം ഈ നിറം വേറിട്ടു കാണും എന്നതാണ് പ്രത്യേകത. എലവേഷനിലും സ്‌മോക്ക് ഗ്രീന്‍ ഉപയോഗിച്ചിട്ടുണ്ട്.
മുകള്‍ നിലയില്‍ രണ്ട് അറ്റാച്ച്ഡ് ബെഡ്‌റൂമാണ് ഉള്ളത്. ഇവിടെ ഓപ്പണ്‍ ബാല്‍ക്കണി കൂടാതെ ചില്ലിട്ട ഒരു സിറ്റിങ് സ്‌പേസും ഉണ്ട്. പോര്‍ച്ചിന് മുകളിലെ വിശാലമായ ഓപ്പണ്‍ ബാല്‍ക്കണിയില്‍ ഗാര്‍ഡനോ പച്ചക്കറി തോട്ടമോ ഒരുക്കുന്നതിനുള്ള സ്ഥലം നല്‍കിയിട്ടുണ്ട്. മുകള്‍ നിലയിലെ പുറം ഭിത്തിയുടെ ഒരു ഭാഗവും സ്റ്റോണ്‍ക്ലാഡിങ് നല്‍കി ആകര്‍ഷകമാക്കിയിരിക്കുന്നു. മുകള്‍ഭാഗത്ത് ഓപ്പണ്‍ ടെറസ്സും ഉണ്ട്.
വീടിന് മുറ്റം മുഴുവനായി ഇന്‍ര്‍ലോക്ക് ചെയ്തിരിക്കുകയാണ്. കിച്ചണ്‍ ഏരിയയില്‍ വെജിറ്റബിള്‍ ഗാര്‍ഡന് വേണ്ടിയുള്ള സ്ഥലം ഒഴിവാക്കിയാണ് വീടിന്റെ നിര്‍മാണം.
Owner: Pranesh M.G and Meera
Location: Trivandrum
Plot Area: 5.5 Cent
Area of the House: 2050 Square Feet
Designer: THOUGHTline architecture and interior designers
Content Highlights: Plan for contemporary house suitable for work from home during Corona pandemic