ടച്ചും പൂട്ടിയുമൊക്കെയുള്ള ഡിസൈനുകളേക്കാള്‍ ഇന്ന് ഏറെപ്പേർക്കും പ്രിയം ഓപ്പണ്‍ കണ്‍സപ്റ്റിലുള്ളവയാണ്. വീടുകള്‍ നിര്‍മിക്കുമ്പോള്‍ ഓപ്പണ്‍ കിച്ചണ്‍ വേണം, ലിവിങ് സ്‌പേസിനും ഡൈനിങ്ങിനും മറ വേണ്ട എന്നൊക്കെ പറയുന്നവര്‍ നിരവധിയാണ്. ഫ്ലാറ്റുകളുടെ കാര്യത്തിലും ഈ ഓപ്പണ്‍ ഡിസൈനുകളോട് ഇഷ്ടമുള്ളവരുണ്ട്. ശോഭാ സിറ്റിയിലുള്ള ശ്രീജിത്ത് കേശവന്റെ ഫ്ലാറ്റും  അത്തരത്തിലുള്ളതാണ്.

ആര്‍ക്കിടെക്ടായ ടാനിയ ജൂഡ്‌സണ്‍ ആണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. 2100 ചതുരശ്ര മീറ്ററിലാണ് ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. സ്പ്രിങ്, സമ്മര്‍, ഓട്ടം, വിന്റര്‍ എന്നീ കണ്‍സപ്റ്റിലാണ് ഫ്ലാറ്റിലെ മുറികൾ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫോയര്‍, ഡൈനിങ്ങും ലിവിങ്ങും ചേര്‍ന്ന കോമണ്‍ സ്‌പേസ്, കിച്ചണ്‍, ഓപ്പണ്‍ പാന്‍ട്രി, വര്‍ക്കേരിയ, മൂന്ന് ബെഡ്‌റൂം എന്നിവയാണ് ഈ ഫ്‌ളാറ്റിലുള്ളത്. 

പ്രധാന വാതില്‍ കടന്നെത്തുന്നത് ചെറിയൊരു ഫോയര്‍ സ്‌പേസിലേക്കാണ്. ഇതിന്റെ ഇടതുവശത്താണ് ടിവി യൂണിറ്റ് നല്‍കിയിരിക്കുന്നത്. ഒരു സ്ലൈഡിങ് ഗ്ലാസിന്റെ അകത്താണ് ടിവി സെറ്റ് ചെയ്തിരിക്കുന്നത്. ഡൈനിങ്ങിന്റെ പുറകില്‍ ക്രോക്കറി യൂണിറ്റും സ്റ്റോറേജ് സ്‌പൈസും നല്‍കിയിട്ടുണ്ട്. ഈയിടത്തെ പരമാവധി ഉപയോഗപ്പെടുത്താന്‍ വൃത്താകൃതിയിലുള്ള ഡൈനിങ് ടേബിളാണ് നല്‍കിയിരിക്കുന്നത്. 

ഗ്രേ, വൈറ്റ്, ബ്ലാക്ക് തീമിലാണ് കിച്ചണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. അപ്പാര്‍ട്‌മെന്റിന്റെ കോമണ്‍ ഡിസൈന്‍ പ്രകാരം ക്ലോസ് കിച്ചണ്‍ ആയിരുന്നു ആദ്യം, അതു പൊളിച്ചാണ് ഓപ്പണ്‍ പാന്‍ട്രിയാക്കി മാറ്റിയത്. 

ലിവിങ് ഏരിയയ്ക്കും അടുക്കളയ്ക്കും ശേഷം സ്വകാര്യതയ്ക്കായി വീണ്ടും ഒരു ഫോയര്‍ സ്‌പേസ് നല്‍കിയാണ് ബെഡ്‌റൂമിലേക്കും ബാത്‌റൂമിലേക്കും കടക്കുന്നത്. ഓട്ടം തീമിലാണ് മാസ്റ്റര്‍ ബെഡ്‌റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിന്റര്‍ തീമില്‍ അതിഥി മുറിയും ഡിസൈന്‍ ചെയ്തു. ആകാശത്തിന്റെ പ്രതീതി നല്‍കും വിധത്തിലാണ് കുട്ടികളുടെ മുറിയിലെ വാള്‍പേപ്പറും സീലിങ്ങുമൊക്കെ സെറ്റ് ചെയ്തിരിക്കുന്നത്. 

കോര്‍ട്ട്‌യാര്‍ഡ് കൂടി നല്‍കിയാണ് ബാല്‍ക്കണി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരിപ്പിടത്തിനായും ഇവിടെ സ്ഥലം നീക്കിവച്ചിട്ടുണ്ട്‌

Content Highlights: open concept homes