വയനാട്ടിലെ സുൽത്താൻ ബത്തേരിയിലുള്ള എൽ.ജി.എഫ്.എസ്. സാങ്കേതികവിദ്യയിൽ പണിത വീട്
എപ്പോള്‍ വേണമെങ്കിലും ഇഷ്ടമനുസരിച്ച് രൂപമാറ്റം വരുത്താന്‍ പറ്റുന്ന വീടോ? കേട്ടിട്ട് നെറ്റി ചുളിക്കണ്ട. സംഗതി സത്യമാണ്. വയനാട് സുല്‍ത്താന്‍ ബത്തേരിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 1400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീട് പണിയാന്‍ വെറും 90 ദിവസമാണ് എടുത്തിട്ടുള്ളതെന്ന് പറഞ്ഞാല്‍ വീണ്ടും ഞെട്ടും. മാനന്തവാടി ഡി.എഫ്.ഒ.യിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റും പൊതുപ്രവര്‍ത്തകനുമായ മോബിഷ് പി. തോമസാണ് വീടിന്റെ ഉടമസ്ഥന്. ഭാര്യയും മാതാപിതാക്കളും രണ്ടുമക്കളും സഹോദരനുമടങ്ങുന്നതാണ് മോബിഷിന്റെ കുടുംബം.

ലൈറ്റ് ഗേജ് ഫ്രെയിമിങ് സിസ്റ്റം (എല്‍.ജി.എഫ്.എസ്.) എന്ന സാങ്കേതിക വിദ്യയാണ് ഈ വീടിന്റെ നിര്‍മാണത്തിന് അവലംബിച്ചിരിക്കുന്നത്. അലൂമിനിയവും സ്റ്റീലും ചേര്‍ന്നിട്ടുള്ള അലോയ്(ലോഹക്കൂട്ടാണ്) ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. ഇവ വീടിന്റെ പ്ലാൻ അനുസരിച്ച് പ്രത്യേകം തയ്യാറാക്കുന്നതാണ്. ബെംഗളൂരുവിൽനിന്നാണ് ഇവ കൊണ്ടുവന്നത്. ഇതിനൊപ്പം കോണ്‍ക്രീറ്റ് ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് വീടിന്റെ ഭിത്തിയുടെ നിര്‍മാണം. ഇവ തായ്ലൻഡിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. ബോർഡുകൾ ഉപയോഗിക്കുന്നതിനാൽ നമ്മുടെ ഇഷ്ടാനുസരണം മുറികള്‍ക്ക് രൂപമാറ്റം വരുത്തുകയോ മറ്റൊരിടത്തേക്ക് വീട് മാറ്റി സ്ഥാപിക്കുകയോ ചെയ്യാം.

ആദ്യം തറകെട്ടി അതില്‍ മുറികള്‍ തിരിച്ചശേഷമാണ് കമ്പികള്‍ സ്ഥാപിക്കുന്നത്. അതിനുശേഷം കോണ്‍ക്രീറ്റ് ബോര്‍ഡുകള്‍ വയ്ക്കും.
കോഴിക്കോട് ഫാറൂഖ് കോളേജിനടുത്തുള്ള ഒ.ഡി.എഫ്. എന്ന സ്ഥാപനമാണ് വീട് നിര്‍മിച്ച് നല്‍കിയത്. ഇവര്‍ക്ക് നിര്‍മാണം മുഴുവന്‍ കരാറടിസ്ഥാനത്തില്‍ നല്‍കുകയായിരുന്നു. ഇവരുടെ തന്നെ പ്രത്യേകം പരിചയസമ്പത്തുള്ള തൊഴിലാളികളാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. ആർക്കിടെക്ടിന്റെ സേവനവും ലഭ്യമാണ്.

2020 മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങിയെങ്കിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ നിര്‍മാണം നീണ്ടുപോയി. അസംസ്കൃത വസ്തുക്കള്‍ കിട്ടാതെ വന്നതും തിരിച്ചടിയായി. പിന്നീട് ഒക്ടോബറിലാണ് നിര്‍മാണ പ്രവര്‍ത്തികള്‍ വീണ്ടും തുടങ്ങി. 2021 ജനുവരിയോടെ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി.
കേരളത്തില്‍ എല്‍.ജി.എഫ്.എസ്. സാങ്കേതികവിദ്യയില്‍ നിര്‍മിച്ചിട്ടുള്ള വീടുകള്‍ വളരെ ചുരുക്കമാണ്. വീടുപണിയുന്നതിന് മുമ്പ് മോബിഷ് വിവിധ സാങ്കേതികവിദ്യകളെക്കുറിച്ചും നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സുഹൃത്തുക്കളോടും ബന്ധുക്കളോടും അന്വേഷണം നടത്തിയിരുന്നു. യൂറോപ്പിലും മറ്റ് വിദേശനാടുകളിലും അവലംബിച്ചിരിക്കുന്ന എല്‍.ജി.എഫ്.എസ്. എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് അങ്ങനെയാണ് അദ്ദേഹം അറിയുന്നത്.

തൃശ്ശൂരില്‍ ഈ സാങ്കേതികവിദ്യയില്‍ ഒരു വീട് പണിതിട്ടുണ്ടെന്ന് അറിഞ്ഞതിനാല്‍ ആ വീട് മോബിഷും ഭാര്യയും പോയി കണ്ടിരുന്നു. 'ആദ്യമൊക്കെ ഇക്കാര്യം വീട്ടിലുള്ള മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടി. തൃശ്ശൂരുള്ള വീട് പോയി കണ്ടതിനുശേഷമാണ് ഭാര്യ സമ്മതിച്ചത്. പിന്നീട് വീടിന്റെ ഭിത്തിയൊക്കെ കെട്ടി ഒരു നില വാര്ത്തതിനുശേഷമാണ് മാതാപിതാക്കള്‍ക്ക് വിശ്വാസമായത്'-മോബിഷ് പറഞ്ഞു. താഴത്തെ നിലയും ഒന്നാമത്തെ നിലയും ഒ.ഡി.എഫ്. നല്കിയ പ്രത്യേക ബോര്‍ഡ് ആദ്യം പിടിപ്പിച്ചശേഷമാണ് വാര്‍ത്തത്. ഇത് ഇരട്ടി സുരക്ഷ ഉറപ്പുവരുത്തുന്നു. 75 വര്‍ഷമാണ് വീടിന് കമ്പനി നല്കുന്ന ഗ്യാരണ്ടി.

സിറ്റൗട്ട്, മൂന്ന് കിടപ്പുമുറികള്‍, ഡൈനിങ് മുറി, ലീവിങ് ഏരിയ, രണ്ട് അടുക്കള, രണ്ട് ടോയ്ലറ്റ് എന്നിവ അടങ്ങിയതാണ് വീട്. കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്നതിന് ജനലുകളുടെ എണ്ണം കൂട്ടിയാണ് വീട് ഉണ്ടാക്കിയിരിക്കുന്നത്. മുകളിലെ നിലയിലേക്ക് കയറുന്ന ഗോവണിയുടെ താഴെ വശത്ത് ചെറിയൊരു ലൈബ്രറി ക്രമീകരിച്ചിരിക്കുന്നു. സ്ഥലം ലാഭിക്കുന്നതിനാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. തറയില്‍ ടൈലാണ് വിരിച്ചിരിക്കുന്നത്.

ലളിതവും എന്നാല്‍, എല്ലാ സൗകര്യങ്ങളോടും കൂടിയ രണ്ട് അടുക്കളകളാണ് ഈ വീട്ടിലുള്ളത്. പരമ്പരാഗത ശൈലിയിലുള്ള ഒരു അടുക്കളയും പുതിയശൈലിയുള്ള അടുക്കളയും. ഏകദേശം 35 ലക്ഷം രൂപയാണ് വീടിന്റെ മുഴുവന്‍ നിര്‍മാണത്തിനും കൂടെ ചെലവായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..