പാലായിലെ പൂവരണിയിലുള്ള ബെന്നി പാലക്കലിന്റെ വീട്ടിലെത്തിയാല്‍ മനസ്സും കണ്ണും ഒരുപോലെ നിറയും. സ്വച്ഛശാന്തമായ ഒരേക്കറോളം വിശാലമായ സ്ഥലത്താണ് രണ്ടുനിലയുടെ പ്രൗഢിയോടെ ബെന്നിയുടെ ഒരു നിലവീടിന്റെ നില്‍പ്. ബെന്നിയുടെയും കുടുംബത്തിന്റെയും സ്വപ്‌നത്തിനും സങ്കല്‍പ്പത്തിനും അനുസരിച്ച് വീട് തയ്യാറാക്കിയത് ആര്‍ക്കിടെക്റ്റ് ജിന്റോ കുര്യാക്കോസിന്റെ കൊച്ചിയിലുള്ള ഹമ്മിങ് ലൈന്‍സ് ഡിസൈന്‍ സ്റ്റുഡിയോ ആണ്. 1.4 കോടി രൂപയാണ് വീട് നിര്‍മാണത്തിനും ഇന്റീരിയറിനും ഫര്‍ണിച്ചറിനുമടക്കം ചെലവായത്. 3370 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം. കൊറോണാ വൈറസിന്റെ ഭീഷണിയെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പണികള്‍ നീണ്ടുപോയെങ്കിലും ഒന്നരവര്‍ഷം കൊണ്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പൂര്‍ത്തിയാക്കി. 

house

പ്രധാനറോഡില്‍നിന്ന് വീട്ടിലേക്ക് കയറി വരുമ്പോഴേ സ്വാഗതം ചെയ്യുന്നത് വിശാലമായ പുല്‍ത്തകിടിയാണ്. മലയാളികള്‍ ഏറെ താത്പര്യത്തോടെ തിരഞ്ഞെടുക്കുന്ന പരമ്പരാഗതമായ ചെരിഞ്ഞ മേല്‍ക്കൂരയ്‌ക്കൊപ്പം സമകാലിക ട്രെന്‍ഡും കൂടി യോജിപ്പിപ്പോള്‍ വീടിന് രണ്ടുനിലയുടെ പൊക്കം കിട്ടി. നാലു കിടപ്പുമുറികളാണ് വീടിനുള്ളത. 

living room

മേല്‍ക്കൂര ചെരിച്ചു വാര്‍ത്തതിനുശേഷം ട്രസ് വര്‍ക്ക് ചെയ്ത് ഓടുവെച്ചു. ഇതുവഴി വീടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്താനും ചോര്‍ച്ചയ്ക്കുള്ള സാധ്യത കുറയ്ക്കാനും കഴിയും. റോമന്‍ ശൈലിയിലുള്ള ഓടാണ് മേല്‍ക്കൂരയ്ക്ക് നല്‍കിയിരിക്കുന്നത്. വീടിനു പുറത്ത് രണ്ടുതരത്തിലുള്ള നാച്ചുറല്‍ സ്റ്റോണ്‍ ക്ലാഡിങ് നല്‍കി. ഇതുകൂടാതെ വുഡന്‍ ടൈല്‍ ക്ലാഡിങ്ങും കൊടുത്തിട്ടുണ്ട്.

dining room

പ്രധാന റോഡില്‍നിന്ന് 30 മീറ്റര്‍ ഉള്ളിലേക്ക് മാറി വീടുണ്ടാക്കിയതിനാല്‍ മുറ്റത്തിന് വിശാലമായ സൗകര്യവും അതോടൊപ്പം സ്വകാര്യതയും കിട്ടി. 
വളരെ ലളിതമായ മുറ്റമാണ് വീടിനു നല്‍കിയത്. മുറ്റത്ത് തണ്ടൂര്‍ കല്ലുകള്‍ പാകിയശേഷം കൃത്രിമ പുല്ല് വെച്ചുപിടിപ്പിച്ചു. 

വീടിനോട് ചേര്‍ന്ന ഭാഗത്തുള്ള മുറ്റത്തിന് ബാംഗ്ലൂര്‍ ഗ്രാസും മുറ്റത്തിന് ശേഷം ബഫല്ലോ ഗ്രാസും നല്‍കി. വഴിയില്‍ ബാംഗ്ലൂര്‍ സ്‌റ്റോണ്‍ ആണ് കൊടുത്തത്.
ലിവിങ് റൂമും ഡൈനിങ് റൂമും തമ്മില്‍ വേര്‍തിരിച്ചതാണ് ഈ വീടിന്റെ ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഡാര്‍ക്ക് ഗ്രേ ബാക്ഗ്രൗണ്ടില്‍ വുഡന്‍ ഫിനിഷിനൊപ്പം വെള്ളനിറവും കൊടുത്തു. 

bed room

ഡൈനിങ് ഏരിയയില്‍ ഒരു മൂലയ്ക്കായി വാഷിങ് നല്‍കി കൂടുതല്‍ സ്വകാര്യത ഉറപ്പാക്കി. ഇതിനോട് ചേര്‍ന്ന് കോമണ്‍ ടോയ്‌ലറ്റും കൊടുത്തു. ഇവിടെ കൊറിയന്‍ ടോപ് ഫിനിഷ് ഉള്ള വാഷ് കൗണ്ടര്‍ ആണ് കൊടുത്തിട്ടുള്ളത്. 

dining room

ഡൈനിങ് റൂമിനോട് ചേര്‍ന്ന് തന്നെ വീട്ടുകാര്‍ക്കെല്ലാവര്‍ക്കും ഒത്തുചേരുന്നതിനുള്ള സൗകര്യത്തോടെ ഫാമിലി ലിവിങ് റൂമൊരുക്കി. ഇവിടെ ഒരു ഭാഗത്തായി പ്രാര്‍ത്ഥനാമുറിയും മറ്റൊരു ഭാഗത്ത് ടി.വി. യൂണിറ്റും മൂന്നാമത്തെ വശത്ത് കോര്‍ട്ട് യാര്‍ഡും കൊടുത്തു. മൂന്ന് കിടപ്പുമുറികളിലേക്ക് കയറുന്നത് ഇവിടെ നിന്നുമാണ്. നാലാമത്തെ മുറിയിലേക്ക് കയറുന്നതാകട്ടെ ഡൈനിങ് റൂമില്‍ നിന്നുമാണ്.  

water

ലിവിങ് റൂമില്‍ നിന്നും ഫാമിലി ലിവിങ് റൂമില്‍നിന്നും മാസ്റ്റര്‍ ബെഡ്‌റൂമില്‍നിന്നു കാണാന്‍ കഴിയുന്ന രീതിയുള്ള കോര്‍ട്ട് യാര്‍ഡ് ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. കൃത്രിമപുല്ലുവിരിച്ച ഇവിടെ ഒരു വശത്ത് വെള്ളച്ചാട്ടവും നടുക്കായി ഊഞ്ഞാല്‍ കട്ടിലും നല്‍കി. ജി.ഐ. ട്യൂബ് ലോവേഴ്‌സ് കൊടുത്ത് കോര്‍ട്ട് യാര്‍ഡ് സുരക്ഷിതമാക്കി. മുകളില്‍ ബ്ലാക്ക് ടിന്റ് ഉള്ള ഗ്ലാസ് നല്‍കി. ഇത് ചൂടുകുറയ്ക്കാനും സൂര്യപ്രകാശം നേരിട്ട് എത്താനും സഹായിക്കും. 

kitchen

പ്രധാന അടുക്കളയിലും രണ്ടാമത്തെ അടുക്കളയിലും മള്‍ട്ടി വുഡ് പി.യു. ഫിനിഷ് ആണ് നല്‍കിയിരിക്കുന്നത്. ഗ്രേ കളര്‍ തീമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഡൈനിങ് റൂമിനോട് ചേര്‍ന്നു രണ്ടാമത്തെ ബെഡ്‌റൂമിനോട് ചേര്‍ന്നും കോര്‍ട്ട് യാര്‍ഡ് കൊടുത്തിട്ടുണ്ട്. ഇവയ്ക്കും ജി.ഐ ലോവേഴ്‌സാണ് കൊടുത്തിരിക്കുന്നത്.

വീടിന്റെ ജനലും വാതിലുകളുമെല്ലാം തേക്കിലാണ് തീര്‍ത്തിരിക്കുന്നത്. വീട്ടിലുപയോഗിക്കുന്ന ഫര്‍ണിച്ചറുകളും തേക്കില്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. 


Project Details

Client name : Mr. Benny Palackal
Location : Poovarani, Pala
Area :3370 sq. Ft
Design : Ar. Jinto Kuriakose, Humming Lines Design studio, Cochin
Ph: 9656887226

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content highlights: new home plan i acre land 4 bed room pala poovarani