കോഴിക്കോട് നഗരത്തിനടുത്ത്‌ മാങ്കാവിന് സമീപം കല്‍പ്പക തിയേറ്റര്‍ റോഡിലാണ്‌ സബീര്‍ മണലോടിയുടെ വീട്. വീടെന്ന് പറഞ്ഞാല്‍ പോര, ആഢംബര മാളിക തന്നെയാണത്. പത്ത് സെന്റ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. പഴയൊരു തറവാട് വീടടക്കം ഈ സ്ഥലം സബീര്‍ നേരത്തെ വാങ്ങുകയായിരുന്നു. 

mankav home

2019 നവംബറില്‍ തുടങ്ങിയ വീടിന്റെ പണികള്‍ 2021 സെപ്റ്റംബറിലാണ് പൂര്‍ത്തിയായത്. കോവിഡിനെത്തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് പണികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസം വന്നത്. 2993 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 4 BHK വീടാണിത്. ഗ്രൗണ്ട് ഫ്ളോറില്‍ 2011 ചതുരശ്ര അടിയും ഫസ്റ്റ് ഫ്ളോറില്‍ 982 ചതുരശ്ര അടിയുമാണ് വിസ്തീര്‍ണം.

living room

താഴെയും മുകളിലും രണ്ട് കിടപ്പുമുറികള്‍. താഴത്തെ നിലയില്‍ കിടപ്പുമുറികള്‍ കൂടാതെ സിറ്റൗട്ട്, പ്രൈവറ്റ് സിറ്റൗട്ട് ലിവിങ് റൂം, ഫാമിലി ലിവിങ് ഏരിയ, ഡൈനിങ് റൂം, പ്രയര്‍ റൂം, കിച്ചന്‍, വര്‍ക്ക് ഏരിയ എന്നിവയാണുള്ളത്.

bed room

പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന എന്നാല്‍ ആഡംബരത്തിന് കുറവില്ലാത്ത കേരള ശൈലിയുള്ള വീട് നിര്‍മിക്കണമെന്നാണ് ആര്‍ക്കിടെക്ടുമാരായ അമാനുള്ള ഖാനെയും നിഷാദ് കെ.പി.യെയും പ്രോജക്ട് ഏല്‍പിക്കുമ്പോള്‍ ബിസിനസുകാരനായ സബീര്‍ പറഞ്ഞത്. പഴയ വീടിനോട് ചേര്‍ന്നുള്ള കിണര്‍ അതുപോലെ നിലനിര്‍ത്തണമെന്ന ഉപാധിയും സബീര്‍ മുന്നോട്ടു വെച്ചു.

കിണറിനെ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ട് അതിനു സമീപം കോര്‍ട്ട് യാര്‍ഡ് സെറ്റ് ചെയ്ത് വര്‍ക്ക് ഏരിയയില്‍നിന്ന് വെള്ളം കോരാന്‍ കഴിയുന്ന വിധമാണ് ഡിസൈന്‍ ചെയ്തത്.

stair case

പരമാവധി വായുവും വെളിച്ചവും വീടിനുള്ളിലേക്ക് എത്തുന്ന വിധമാണ് വീട് ഡിസൈന്‍ ചെയ്തതെന്ന് അമാനുള്ള പറഞ്ഞു. ടെറസില്‍ ഗാര്‍ഡന്‍ സെറ്റു ചെയ്തു. വീടിനുള്ളിലെ ഓപ്പണ്‍ കോര്‍ട്ട് യാര്‍ഡ് ആണ് പ്രധാന ആകര്‍ഷണം. ലിവിങ് റൂമില്‍ പഴയകേരളീയ ശൈലിയുള്ള ആട്ടുകട്ടിലും മറ്റൊരു പ്രത്യേകതയാണ്.

പഴയ വീട് പൊളിച്ചപ്പോള്‍ ലഭിച്ച തടിയും മറ്റുവസ്തുക്കളുമൊക്കെ പരമാവധി പുതിയ വീട്ടിലും ഉപയോഗിച്ചിട്ടുണ്ട്. പ്രയര്‍ റൂമിന്റെ ഫ്ളോറും സ്റ്റെയര്‍ കേസിന്റെ തറയോട് ചേര്‍ന്ന ഭാഗവും ഈ തടി ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. തേക്കിനൊപ്പം മെറ്റല്‍ പ്ലേറ്റും ചേര്‍ത്തിണക്കിയാണ് സ്റ്റെയര്‍കേസ് നിര്‍മിച്ചിരിക്കുന്നത്.

ഫസ്റ്റ് ഫ്ളോറിന്റെ റൂഫ് ചെരിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡബിള്‍ ലെയര്‍ ഇട്ടാണ് റൂഫ് നിര്‍മിച്ചത്. ഓട് പാകിയതിനുശേഷം 20 സെന്റീമീറ്റര്‍ വിട്ടാണ് സീലിങ് നല്‍കിയിരിക്കുന്നത്. ഇത് വീടിനുള്ളില്‍ ചൂട് ഉയരാതെ കാത്തുസൂക്ഷിക്കുന്നു. ഓട് പാകുമ്പോള്‍ സാധാരണ കാണാറുള്ള പട്ടികയും കഴുക്കോലുമൊന്നും ഈ ഡിസൈനില്‍ കാണുകയേ ഇല്ല. ചൂടുകാലത്ത് ഫസ്റ്റ് ഫ്ളോറിലെ ചൂട് കുറയ്ക്കാന്‍ ഈ ഡിസൈന്‍ സഹായിക്കും. വീടിരിക്കുന്നതിന് സമീപം മരങ്ങളൊന്നും ഇല്ലാത്തതിനാല്‍ ചൂട് കൂടാനുള്ള സാധ്യത വളരെകൂടുതലാണ്. അതിനെയൊക്കെ ബ്രേക്ക് ചെയ്തത് ഈ ഡിസൈനിലൂടെയാണ്-അമാനുള്ള പറഞ്ഞു. സാധാരണ നല്‍കുന്നതിനേക്കാള്‍ കുറച്ചധികം പുറത്തേക്ക് തള്ളി നില്‍ക്കുന്ന വിധമാണ് റൂഫ് ഉള്ളത്.  

family living

ഇറ്റാലിയന്‍ മാര്‍ബിളാണ് ഫ്ളോറിന് നല്‍കിയത്. തടിയ്ക്കൊപ്പം മാര്‍ബിളും ഇടകലര്‍ത്തി പല മുറികളിലും ഫ്ളോറിങ്ങിന് ഉപയോഗിച്ചിട്ടുണ്ട്. ലിവിങ് റൂമിന്റെ സീലിങ് ആയി തടി പാനല്‍ ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. പ്രധാന വാതിലുകള്‍ തടിയിലാണ് നിര്‍മിച്ചത്. എന്നാല്‍, ടോയിലറ്റുകളുടെ വാതിലുകളെല്ലാം ബൈസണ്‍ പാനല്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്. സിമെന്റ് ഫിനിഷ് ചെയ്ത് വാര്‍ണിഷ് പോലുള്ള ക്ലിയര്‍ കോട്ട് അടിച്ചു. ബൈസണ്‍ പാനലിന് ചെലവ് കുറവാണെന്നതിനൊപ്പം പ്ലൈവുഡ് പോലെ വെള്ളം നനഞ്ഞാല്‍ നശിച്ചുപോകുകയുമില്ല.

ഫസ്റ്റ് ഫ്ളോറിന്റെ റൂഫില്‍ 21 ബള്‍ബുകള്‍ ചേര്‍ത്തുണ്ടാക്കിയ ഹാങ്ങിങ് ലൈറ്റാണ് പ്രധാന ആകര്‍ഷണം. ഇത് കസ്റ്റമൈസ്ഡ് ആയി ഉണ്ടാക്കി സെറ്റ് ചെയ്താണ്. ഏകദേശം 65,000 രൂപയാണ് ഇതിന്റെ വില. തടിയും മെറ്റലും ചേര്‍ത്താണ് ഈ ലൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

രണ്ടു വലിയ വാഹനങ്ങള്‍ നിര്‍ത്താന്‍ പാകത്തിലാണ് പോര്‍ച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതിന് റൂഫ് ആയി നല്‍കിയത് കട്ടി കൂടിയ ഗ്ലാസ് ആണ്. ഗ്ലാസിന്റെ അടിയില്‍ പട്ടിക നിരത്തി. 

മാസ്റ്റര്‍ ബെഡ് റൂമിലും അപ്പര്‍ ബെഡ്റൂമിലും വിന്‍ഡോ സിറ്റിങ് ഏരിയ നല്‍കി. അലക്കുന്നതിനും മറ്റ് കാര്യങ്ങള്‍ക്കുമായി ക്ലോസ്ഡ് ടെറസും നല്‍കി. ഇരുനിലകളിലുമായി രണ്ട് ബാല്‍ക്കണിയും വീ ഫാമിലി ലിവിങിന് സമീപം സ്ത്രീകള്‍ക്ക് ഇരുന്ന് സംസാരിക്കുന്നതിന് പാഷിയോ സ്പേസും ഉണ്ട്. സിറ്റൗട്ടിനോട് ചേര്‍ന്ന് പോര്‍ച്ചിനു സമീപത്തായി പുറമെനിന്ന് വീട്ടിലെത്തുന്നവര്‍ക്ക് ഇരുന്നു സംസാരിക്കാന്‍ പ്രത്യേകസ്ഥലം ഒരുക്കിയിട്ടുണ്ട്.

ഓപ്പണ്‍ കിച്ചനാണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത. ഫാമിലി ലിവിങ്ങിനും കിച്ചനും ഇടയിലായി പ്രത്യേകമായി ഭിത്തികെട്ടി വേര്‍തിരിച്ചിട്ടില്ല. ഐലന്‍ഡ് മോഡലിലാണ് കിച്ചന്‍ തീര്‍ത്തിരിക്കുന്നത്. കിച്ചനോട് ചേര്‍ന്ന് തന്നെ ഫാമിലി ഡൈനിങ്ങും നല്‍കിയിട്ടുണ്ട്. ഇവിടെ നാലു കസേരകള്‍ കൊടുത്തു.

ഫര്‍ണിച്ചറുകള്‍ പ്രത്യേകം പറഞ്ഞ് തയ്യാറാക്കിയവയാണ്. തേക്ക്, മഹാഗണി, റബ്ബ് വുഡ് എന്നിവയാണ് ഉപയോഗിച്ചത്. കോഴിക്കോടിന് പുറമെ കോട്ടയ്ക്കലില്‍ നിന്നുമാണ് ഫര്‍ണിച്ചറുകള്‍ നിര്‍മിച്ചത്.

Client Name: Sabeer Manalody

Location: Mankav, Kozhikode

Area: 2993 Square Feet

Designs: Ar. Amanullah Khan, Ar. Nishad K.P.

Between Thoughts, Nadakav, Kozhikode

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക......

Read more at: https://www.mathrubhumi.com/myhome/home-plans/new-home-plan-i-acre-land-4-bed-room-home-designs-kerala-home-designs-1.5968817

Content highlight: new home bulit in kerala style designs home plan kozhikode