കൊല്ലം ജില്ലയിലെ കുന്നിക്കോടുള്ള നൗഷാദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്
കൊല്ലം ജില്ലയിലെ കുന്നിക്കോടുള്ള ബിസിനസുകാരനായ നാഷാദിന്റെ പുതിയ വീട്ടിലെത്തിയാല്‍ ഒരു റിസോര്‍ട്ടില്‍ എത്തിയപോലെയാണ്. ശാന്തസുന്ദരമായ അന്തരീക്ഷമാണ് കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന വീടിന്റെ അകത്തളങ്ങളെ നിറയ്ക്കുന്നത്. സദാസമയവും ഒഴുകിയെത്തുന്ന കാറ്റ്, അകം നിറയുന്ന തണുപ്പ് ഇവയെല്ലാം ഈ വീടിനെ വേറിട്ടുനിര്‍ത്തുന്നു. കണ്ണുകളെ പിടിച്ചിരുത്തുന്ന ഇന്റീരിയര്‍ വര്‍ക്കുകളും സൗകര്യങ്ങളും പ്രധാന ആകര്‍ഷണങ്ങളാണ്. നൗഷാദിന്റെയും മകന് അമീനിന്റെയും മറ്റ് കുടുംബാംഗങ്ങളുടെയും ആശയങ്ങള്‍ ചേര്‍ത്താണ് വീടിന്റെ ഡിസൈനിങ്, പ്ലാനിങ് തുടങ്ങിയ മുഴുവന്‍ ചെയ്തിരിക്കുന്നത്. നിര്‍മാണത്തിന്റെ ഒരു ഘട്ടത്തില്‍പോലും ആര്‍ക്കിടെക്റ്റിന്റെ സഹായം തേടിയിട്ടില്ലെന്ന് അമീന് പറഞ്ഞു. ഒരു കുന്നിന്റെ മുകളിലാണ് വീടിന്റെ സ്ഥാനം. അതിനാല്‍തന്നെ പ്രകൃതിരമണീയമായ കാഴ്ചകള്‍ കൂടി നിറയ്ക്കുന്ന സ്ഥലമാണിത്. ഒപ്പം അടുത്തുള്ള ടൗണും മുഴുവനായും ഇവിടെ നിന്നാല്‍ കാണാന്‍ കഴിയും.
പ്രധാന റോഡില്‍നിന്ന് മാറിയാണ് വീടിന്റെ സ്ഥാനം. അതിനാല്‍, വാഹനങ്ങളുടെ ബഹളവും മറ്റ് ശല്യങ്ങളില്‍നിന്നും വീട് അകന്നുനില്ക്കുന്നു. വീട് മാത്രം 12 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ള ഏരിയ മുഴുവന്‍ ലാന്‍ഡ് സ്കേപ്പിനും ഗാര്‍ഡനും വേണ്ടിയാണ് നീക്കി വെച്ചിരിക്കുന്നത്. വീടിന്റെ പ്രധാന ആകര്‍ഷണവും ഈ ഗാര്‍ഡനാണ്. സഞ്ചിയുടെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന കിണറും ഇരിക്കുന്നതിനായി നിര്‍മിച്ച ബെഞ്ചുകളും ഗാര്‍ഡന്റെ ഭംഗി ഒന്നുകൂടി വര്‍ധിപ്പിക്കുന്നു.
24 സെന്റ് സ്ഥലത്താണ് വീടിന്റെ നിര്‍മാണം. ഈ സ്ഥലത്തിനോട് ചേര്‍ന്ന് പത്ത് സെന്റ് സ്ഥലമുണ്ടായിരുന്നു. അവിടെ വീട് നിര്‍മിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. ഇപ്പോഴത്തെ വീടിരിക്കുന്ന സ്ഥലത്താണ് ഇവരുടെ പഴയ വീട് നിന്നിരുന്നത്. ഇത് പൊളിച്ച് മാറ്റിയാണ് പുതിയ വീട് പണിതിരിക്കുന്നത്.
നിര്‍മാണം മുഴുവനായും ഒരു കോണ്‍ട്രാക്ടറെ ഏല്‍പ്പിക്കുകയായിരുന്നു. വീടിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന എല്ലാ വസ്തുക്കളും നല്ല ഗുണമേന്മയിലുള്ളതായിരിക്കണമെന്ന് നൗഷാദിനും കുടുംബത്തിനും നിര്‍ബന്ധമുണ്ടായിരുന്നു. അതിനാല്‍, വീടിന്റെ അകവും പുറവും മുഴുവന്‍ പുട്ടിയിട്ട ശേഷമാണ് പെയിന്റ് ചെയ്തിരിക്കുന്നത്. ഫര്‍ണിച്ചറും ഇന്റീരിയറും ഉള്‍പ്പടെ മുഴുവനും തേക്കിന്റെ തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ''ഫര്‍ണിച്ചറുകളെല്ലാം കസ്റ്റമൈസ്ഡ് ആയി പ്രത്യേകം നിര്‍മിച്ചെടുക്കുകയായിരുന്നു. പുറത്ത് നിന്നു വാങ്ങുമ്പോള്‍ ഫര്‍ണിച്ചറുകളുടെ ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരുവിധ ഗ്യാരണ്ടിയും ഇല്ലാത്തതിനാലാണ് ഇപ്രകാരം ചെയ്തത്. ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിന് പുറമെ കടകളില്‍ പോയി അന്വേഷിച്ചിരുന്നു. എന്നാല്‍, പുറമെ നിന്ന് നോക്കുമ്പോള്‍ നല്ലി ഫിനിഷിങ്ങും കാര്യങ്ങളുമാണ് ഉള്ളതെങ്കിലും ഉപയോഗിച്ചിരിക്കുന്ന തടി പലതിന്റെയും മോശമായിരുന്നു. തുടര്‍ന്ന് ഫര്‍ണിച്ചറുകള്‍ മുഴുവന്‍ തേക്കില്‍ തന്നെ നിര്മിക്കാന്തീരുമാനിച്ചു. അതാകുമ്പോള്‍, കാലാകാലം നിലനില്‍ക്കുമല്ലോ''-അമീന് പറഞ്ഞു.
2020-ലാണ് വീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. എന്നാല്‍, കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍മാണപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. അതിനാല്‍, രണ്ടുവര്‍ഷത്തോളമെടുത്താണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
സിറ്റൗട്ട്, നാല് കിടപ്പുമുറികള്‍, ഡൈനിങ് ഹാള്‍, ലിവിങ് ഏരിയ, കിച്ചന്, വര്‍ക്ക് ഏരിയ, പ്രയര്‍ ഏരിയ, വസ്ത്രങ്ങളും മറ്റും സൂക്ഷിക്കുന്നതിനായി ഒരു മുറി, ഫസ്റ്റ് ഫ്ളോറിലെ സിറ്റൗട്ട്, ബാല്‍ക്കണി എന്നിവയാണ് വീട്ടിലെ പ്രധാന സൗകര്യങ്ങള്‍.
.jpg?$p=fd4b461&f=1x1&w=284&q=0.8)
.jpg?$p=af13e22&f=1x1&w=284&q=0.8)
.jpg?$p=2f1d81c&q=0.8&f=16x10&w=284)
.jpg?$p=eb3e5f8&q=0.8&f=16x10&w=284)
.jpg?$p=9f239f6&q=0.8&f=16x10&w=284)
+3
സീലിങ് മുഴുവന്‍ ജിപ്സം ബോര്‍ഡ് ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. തേക്കു കൊണ്ടുള്ള വുഡ് പാനലിങ് കൊടുത്തിരിക്കുന്നത് ഇന്റീരിയറിനെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു.
പ്രാദേശികവിപണിയില്‍ ലഭ്യമായ ടൈലുകളാണ് ഫ്ളോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. വിവിധ യൂട്യൂബ് ചാനലുകളില്‍ നിന്നുള്ള ആശയങ്ങള്‍ സമന്വയിപ്പിച്ചാണ് വീടിന്റെ ഫ്ളോറിങ്, ലൈറ്റിങ് എന്നിവ ചെയ്തിരിക്കുന്നത്.
മറ്റുവീടുകളെ അപേക്ഷിച്ച് ഉയരത്തിലാണ് ഈ വീട് നില്ക്കുന്നതെങ്കിലും വീടിനുള്ളില്‍ തീരെ ചൂട് അനുഭവപ്പെടുന്നില്ലെന്ന് അമീന് പറഞ്ഞു. ചുടുകട്ട ഉപയോഗിച്ചാണ് വീടിന്റെ ചുമരുകള്‍ മുഴുവനും കെട്ടിയിരിക്കുന്നത്. ഇതാണ് വീടിനുള്ളിലെ തണുത്ത അന്തരീക്ഷത്തിന് കാരണം. വിശാലമായ ജനലുകള്‍ വീടിനുള്ളില്‍ സദാസമയവും വായുസഞ്ചാരം ഉറപ്പുവരുത്തുന്നു. വീടിന്റെ മുന്‍ഭാഗത്ത് കണ്ണൂരില്‍ നിന്നും ഇറക്കിയ ചെങ്കല്ല് ഉപയോഗിച്ച് ക്ലാഡിങ് നടത്തിയിട്ടുണ്ട്. പുറമെനിന്ന് നോക്കുമ്പോള്‍ വീടിന്റെ ഭംഗി തോന്നിപ്പിക്കുന്ന പ്രധാനകാരണം ഇതുകൂടിയാണ്.
നാലുകിടപ്പുമുറികളാണ് ഈ വീട്ടിലുള്ളത്. എല്ലാ മുറികളും ഒട്ടും പ്രധാന്യം നഷ്ടപ്പെടാതെയാണ് ഒരുക്കിയിരികുന്നത്. എല്ലാ മുറികളിലും വാം ലൈറ്റുകള്‍ കൊടുത്തിരിക്കുന്നു. ഇത് സുഖകരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. മുകളിലത്തെ നിലയില്‍ മുന്‍വശത്തെ റൂമിലിരിക്കുമ്പോള്‍ റിസോര്‍ട്ടിലെത്തിയ പോലെയാണ് അനുഭവപ്പെടുക.
രണ്ട് കിച്ചനുകളാണ് ഉള്ളത്. പ്രധാന അടുക്കള അകത്തും രണ്ടാമത്തെ അടുക്കള വര്‍ക്ക് ഏരിയയ്ക്ക് ഒപ്പവുമാണ് കൊടുത്തിരിക്കുന്നത്. പാചകം മുഴുവനായും ഇവിടെയാണ് ചെയ്യുന്നത്.
വീടിന്റെ പണികള്‍ കോണ്‍ട്രാക്ടറെ ഏല്‍പ്പിച്ചെങ്കിലും മുഴുവന്‍ സാധനങ്ങളും വീട്ടുകാര്‍ നേരിട്ട് പോയി വാങ്ങുകയാണ് ചെയ്തത്. സോഷ്യല്‍ മീഡിയയിലെല്ലാം താരമാണ് കുന്നിന് മുകളില്‍ തലയുയര്‍ത്തി നില്ക്കുന്ന ഈ വീടിപ്പോള്‍. വീട് കാണാനായി നിരവധി പേരാണ് ഇപ്പോള്‍ ഇവിടെ എത്തുന്നത്. ആര്‍ക്കും മോശമായി ഒന്നും പറയാന്‍ ഇല്ലെന്ന് അമീന് പറയുന്നു. ഇന്റീരിയറില്‍ തേക്ക് തടി ഉപയോഗിച്ചതാണ് ഇത്രയധികം ഫിനിഷിങ് കിട്ടാന്‍ കാരണമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
Project Details
Owner : Noushad
Location : Kollam, Kunnikode
Contractor : Shibu, Sabari Constructions, Vilakkudi, Kollam
Contact : 9605531189(Ameen)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..