തൃശ്ശൂരിലെ കേച്ചേരിക്ക് സമീപം വെള്ളാറ്റഞ്ഞൂര്‍ ഗ്രാമത്തിലാണ് പ്രവാസിയായ അനിലിന്റെയും ഭാര്യ ഡോ. സൗമ്യയുടെയും പുതിയ വീട് സ്ഥിതി ചെയ്യുന്നത്. സമകാലീനശൈലിയില്‍ പാരമ്പര്യത്തിന്റെ അംശങ്ങള്‍ കോര്‍ത്തിണക്കിയ ഇരുനിലവീടാണിത്.

റോഡില്‍നിന്ന് സ്വല്‍പം ഉയരത്തില്‍ 14 സെന്റ് സ്ഥലത്താണ് ഈ 4 BHK വീട് സ്ഥിതി ചെയ്യുന്നത്. ആധുനിക വീട് നിര്‍മാണ രീതിയായ ബോക്‌സ് ടൈപ്പാണ് 4600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ വീടിന്റെ നിര്‍മാണത്തില്‍ പിന്തുടര്‍ന്നിരിക്കുന്നത്. മിനി ലൈബ്രറി, ഹോം തിയേറ്റര്‍, ജിം, പാഷ്യോ, റിക്രിയേഷന്‍ ഏരിയ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. 2019-ല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 2021 ഫെബ്രുവരി മാസം പാലുകാച്ചല്‍ ചടങ്ങ് നടത്തി.

fragipani

അനിലിന്റെയും സൗമ്യയുടെയും ആഗ്രഹങ്ങള്‍ക്ക് കുടപിടിച്ച് വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത് കോഴിക്കോട് മലാപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.എന്‍.എ. ആര്‍ക്കിടെക്‌സിലെ ആര്‍ക്കിടെക്റ്റുമാരായ സജിത് പുത്തലത്തും അവ്യായി പ്രേംനാഥുമാണ്. സിറ്റൗട്ട്, 2 കിടപ്പുമുറികള്‍, ടോയിലറ്റുകള്‍, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, രണ്ട് കിച്ചനുകള്‍ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിലത്തെ നിലയിലാകട്ടെ ലിവിങ് ഏരിയ, രണ്ട് ബെഡ്‌റൂമുകള്‍, ടോയിലറ്റ് ജിം, ലൈബ്രറി, ഹോം തിയേറ്റര്‍, രണ്ട് ബാല്‍ക്കണികള്‍ എന്നിവയാണ് ഉള്ളത്. 

Fragipani

വീടിരിക്കുന്ന സ്ഥലത്തിന് വീതി കുറവായതിനാല്‍ നാല് വശത്തും സൈഡ് യാര്‍ഡുകള്‍ കൊടുത്തിട്ടുണ്ട്. സ്വകാര്യത നിലനിര്‍ത്തുന്നതിനു പുറമെ മഴ പെയ്യുമ്പോള്‍ ചാറ്റല്‍ ഉള്ളിലേക്ക് കടക്കാതെയും ഈ സൈഡ് യാര്‍ഡുകള്‍ സഹായിക്കും. ആറുമാസത്തോളം നീണ്ടുനില്‍ക്കുന്ന കേരളത്തിലെ മഴക്കാലത്തെ പ്രതിരോധിക്കുന്ന തരത്തിലാണ് വീടിന്റെ ഡിസൈന്‍. 

bed room

എല്ലാ ലാന്‍ഡ് സ്‌കേപ്പിലും കോര്‍ട്ട് യാര്‍ഡുകള്‍ നല്‍കി. ഈ കോര്‍ട്ട് യാര്‍ഡുകളിലെ മെയിന്‍ തീം ഫ്രാങ്കിപാനി ചെടിയാണ്(ചെമ്പകം). ഇതിനെ അടിസ്ഥാനമാക്കിയാണ് ലാന്‍ഡ്‌സ്‌കേപ്പ് തയ്യാറാക്കിയിരിക്കുന്നത്. അതിനാല്‍ 'ഫ്രാങ്കിപാനി ഹോം' എന്നാണ് ഈ വീട് അറിയപ്പെടുന്നത്.

ഈ വീടിന് രണ്ട് എന്‍ട്രന്‍സുകളാണ് ഉള്ളത്. ഡോക്‌റായ സൗമ്യക്ക് കണ്‍സള്‍ട്ടേഷന് സൗകര്യമൊരുക്കി ഗ്രൗണ്ട് ഫ്‌ളോറിന്റെ ഒരു ഭാഗം അതിനായി പ്രത്യേകം ഡിസൈന്‍ ചെയ്തിരിക്കുകയാണ്. കണ്‍സള്‍ട്ടിങ് റൂം കൂടാതെ വെയിറ്റിങ് ഏരിയയും ഇവിടെ പ്രത്യേകം പണിതിട്ടുണ്ട്. ഇത് കൂടാതെ ഒരു ഫോമല്‍ എന്‍ട്രിയും ഫാമിലി എന്‍ട്രിയും ഈ വീടിനുണ്ട്. 

kitchen

എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാല്‍ കോംപാക്ട് ആയി തോന്നുമെങ്കിലും അതിനെ മറികടക്കുന്നതിന് വിശാലമായ ജനലുകള്‍ നല്‍കിയിരിക്കുന്നു. വീടിനുള്ളിലേക്ക് നന്നായി പ്രകാശവും വായും ലഭ്യമാക്കുന്നതിന് ഈ വലിയ ജനലുകള്‍ സഹായിക്കും. ഡൈനിങ് ഏരിയയില്‍നിന്ന് പുറത്തേക്ക് ഒരു പാഷിയോ ഏരിയ നല്‍കിയിട്ടുണ്ട്. സമകാലീന ശൈലി വിട്ട് പരമ്പരാഗത കേരള ശൈലിയാണ് ഇവിടെ പിന്തുടര്‍ന്നിരിക്കുന്നത്. ഇവിടെ ബാര്‍, പാന്‍ട്രി, ഔട്ട് ഡോര്‍ ഡൈനിങ് ഏരിയ എന്നിവ നല്‍കിയിരിക്കുന്നു. ഓടുപാകിയ മേല്‍ക്കൂരയ്ക്ക് പുറമെ തടിയും പരമാവധി ഉപയോഗിച്ചിരിക്കുന്നു. 

Gym

ആറുമീറ്റര്‍ ഉയരം വരുന്ന ജനലുകളാണ് പ്രധാന ലിവിങ് ഏരിയയുടെ മുഖ്യആകര്‍ഷണം. സ്റ്റീല്‍ ഫ്രെയിമില്‍ ഗ്ലാസ് ഇട്ട് തടികൊണ്ടുള്ള പാനലിലാണ് ഈ ജനല്‍ നിര്‍മിച്ചിരിക്കുന്നത്. ഈ ജനല്‍ സൈഡ് യാര്‍ഡിലേക്ക് തുറക്കുന്നത് കാരണം വെയില്‍ അകത്തേക്ക് നേരിട്ട് അടിക്കാതെയിരിക്കുകയും അതേസമയം വായു സഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

രണ്ട് അടുക്കളകളാണ് ഇവിടെയുള്ളത്. ഒന്ന് ആധുനിക ശൈലിയുള്ള മോഡുലാര്‍ ഓപ്പണ്‍ കിച്ചനും രണ്ടാമത്തേത്ത് വര്‍ക്കിങ് കിച്ചനും. മോഡുലാര്‍ കിച്ചനോട് ചേര്‍ന്ന് ബ്രേക്ക് ഫാസ്റ്റ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നു. ഓപ്പണ്‍ കിച്ചണില്‍നിന്ന് നേരിട്ട് ഡൈനിങ് ഏരിയയിലേക്ക് കയറാന്‍ സാധിക്കും. കസ്റ്റമൈസ്ഡ് ഡൈനിങ് ടേബിളും ചെയറുമാണ് ഇവിടെയുള്ളത്. ബെംഗളൂരുവില്‍ നിന്ന് പ്രത്യേകം വരുത്തിയ ഇറ്റാലിയന്‍ മാര്‍ബിളാണ് ടേബിളിന്റെ ടോപ്പില്‍ നല്‍കിയിരിക്കുന്നത്. 

library

പ്രത്യേകം പറഞ്ഞുണ്ടാക്കിയ ഫര്‍ണിച്ചറുകള്‍ ഭൂരിഭാഗവും തേക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. 

ഫസ്റ്റ് ഫ്‌ളോറിലെ നിലയിലെ ഒരു കിടപ്പുമുറി വിശാലമായിട്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഓപ്പണ്‍ ടു സ്കൈ ബാത്ത് ടബ്ബാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

Pasio

ഗ്രൗണ്ട് ഫ്‌ളോറില്‍ ഇറ്റാലിയന്‍ മാര്‍ബിളും ഫസ്റ്റ് ഫ്‌ളോറില്‍ വിര്‍ട്ടിഫൈയ്ഡ് ടൈലും ഫ്‌ളോറിങ്ങിന് നല്‍കി. വീടിന്റെ ജനലുകളാണ് ഈ വീടിന്റെ മുഖ്യ ആകര്‍ഷണം. പൂജാ സ്‌പേസിലെ പ്രധാന ആകര്‍ഷണം ജനലുകളാണ്. തടിയില്‍ ഇലകളുടെ പാറ്റേണ്‍ ഡിസൈന്‍ ചെയ്ത ജനലുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. സമാനശൈലിയുള്ള ധാരാളം ജനലുകള്‍ ഇവിടെയുണ്ട്. എല്ലാ മുറികളിലും കുറഞ്ഞത് രണ്ട് ജനലുകളെങ്കിലും നല്‍കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഡൈനിങ് ഏരിയയുടെ മൂന്ന് വശങ്ങളിലും ജനലുകളുണ്ട്. മാസ്റ്റര്‍ ബെഡ് റൂമിലാകട്ടെ മൂന്ന് ജനലുകള്‍ ഉണ്ട്. 

home

ഡബിള്‍ ഹെഡ് സ്‌പേയ്‌സ് ആണ് ഈ വീടിന്റെ മറ്റൊരു പ്രത്യേകത. ഇത് വീടിനുള്ളില്‍ കൂടുതല്‍ ബന്ധം ഉറപ്പിക്കുന്നു. ഈ ഡിസൈനില്‍ ഹോം തിയേറ്റിനെയും ഒരു കിടപ്പുമുറിയെയും മറ്റു ഏരിയകളുമായി വേര്‍തിരിച്ചിട്ടുണ്ട്. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് തേക്കിന്റെ തടികൊണ്ടുള്ള രണ്ട് ബ്രിഡ്ജുകള്‍ ഡിസൈന്‍ നല്‍കിയിരിക്കുന്നു. ഇന്റീരിയറിന്റെ പ്രധാനഘടകമാണ് ഈ ബ്രിഡ്ജുകള്‍.

Project Details

Owner: Anil & Dr. Soumya

Vellattanjoor, kechery, Trissur

Architects: Sajith Puthalath, Avyai Premnath

DNA Architects, Malaparamba, Kozhikde

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content highlights: Fragipani home, New home built in Thrissure Kecheri, New contemparory style home