പ്രകൃതി സ്‌നേഹം വാതോരാതെ പ്രസംഗിച്ചാലും വീട് നിര്‍മാണത്തിന്റെ കാര്യം വരുമ്പോള്‍ ഇതെല്ലാം മറന്ന് പ്രകൃതിയെ ഹനിക്കും വിധത്തിലുള്ള നിര്‍മാണരീതികള്‍ തന്നെ സ്വീകരിക്കുന്നവരുണ്ട്. ചിലരാകട്ടെ വീടൊരുക്കുമ്പോഴും അതില്‍ വിട്ടുവീഴ്ച്ച വരുത്തില്ല. അത്തരത്തില്‍ സിമന്റ് ഉപയോഗിക്കാതെ മണ്ണും കുമ്മായവും ചേര്‍ന്ന് നിര്‍മിച്ചൊരു വീടാണ് പെരുമ്പാവൂരിലുള്ള ചെമ്പകശ്ശേരി.

കോസ്റ്റ്‌ഫോര്‍ഡിലെ എഞ്ചിനീയറായ ശാന്തിലാല്‍ ആണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്യുന്ന നിഷാന്തും ഭാര്യ ജിജിയുമാണ് വീടിന്റെ ഉടമസ്ഥര്‍. വീടിന്റെ എണ്‍പതു ശതമാനവും നിര്‍മിച്ചിരിക്കുന്നത് പഴയ വീട് പൊളിച്ചപ്പോള്‍ കിട്ടിയ നിര്‍മാണ വസ്തുക്കള്‍ കൊണ്ടാണ്. 

ലാറി ബേക്കര്‍ മോഡലില്‍ ഇഷ്ടികകള്‍ ഒക്കെ പുറത്തു കാണുന്ന രീതിയിലുള്ള വീട് വേണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് നിഷാന്ത് പറയുന്നു. അങ്ങനെയാണ് പഴയ വീട് പൊളിച്ചപ്പോള്‍ കിട്ടിയ വെട്ടുകല്ലുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. പഴയ കല്ലുകള്‍ ആയതുകൊണ്ട് വലിപ്പവ്യത്യാസം കാരണം തേക്കാതിരിക്കാന്‍ കഴിയില്ലെന്നു മനസ്സിലായി. അങ്ങനെ മഡ് പ്ലാസ്റ്ററിങ് ചെയ്യാന്‍ തീരുമാനിച്ചു. 

നൂറിലേറെ വര്‍ഷം പഴക്കമുള്ള വീടിന്റെ എല്ലാ സവിശേഷതകളും ഉള്ള വീടായിരുന്നു മുമ്പത്തേത്. ആ കെട്ടിടം പൊളിച്ചതിനു ശേഷം അവ തന്നെ പുതിയ വീടിനും ഉപയോഗിക്കുകയായിരുന്നു. 

കയറിച്ചെല്ലുമ്പോഴുള്ള നീളത്തിലുള്ള വരാന്തയും അവിടെ നല്‍കിയിരിക്കുന്ന കോണ്‍ക്രീറ്റ് തൂണുകളും പഴമയുടെ സൗന്ദര്യം നല്‍കുന്നു. ഇരിക്കാനുള്ള തിണ്ണ ഉള്‍പ്പെടെ, രണ്ടു ലെവലിലായിട്ടാണ് പൂമുഖം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

മണ്ണ്, കുമ്മായം ശര്‍ക്കര, കടുക്ക എന്നിവ ചേര്‍ന്ന മിശ്രിതമാണ് വീട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ചുവന്ന മണ്ണ് അരിച്ചെടുത്ത് കുമ്മായം കുഴച്ച് രണ്ടാഴ്ച്ചയോളം കൂട്ടിയിട്ടാണ് പ്ലാസ്റ്ററിങ്ങിന് ഉപയോഗിച്ചത്. ശര്‍ക്കര, കടുക്ക, ഉലുവ തുടങ്ങിയവയും ചേര്‍ത്ത് പശുവിന്‍ മൂത്രത്തില്‍ ചാലിച്ചതിനു ശേഷമാണ് പ്ലാസ്റ്ററിങ് ചെയ്യുന്നത്. 

രണ്ടുതവണയാണ് പ്ലാസ്റ്ററിങ് ചെയ്യുന്നത് , ഇത് മിനുസപ്പെട്ട പ്രതലത്തിനു വേണ്ടിയാണ്. പണ്ടത്തെ വീടുകള്‍ക്കു സമാനമായ നാലു പാളികളുള്ള കതകുകളും ജനലുകളുമൊക്കെയാണ് വീട്ടിലുള്ളത്. ഫര്‍ണിച്ചറുകളില്ലാത്ത ലിവിങ് ഏരിയയാണ് ഇവിടെയുള്ളത്. ഇരിക്കാനായി പല വിധത്തിലുള്ള തിണ്ണകളാണ് ഇവിടെ കാണുന്നത്. വുഡന്‍ ഫ്‌ളോറിങ്ങിന്റെ വശത്തായി ഗ്രാനൈറ്റ് നല്‍കിയാണ് ഫ്‌ളോര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

രണ്ടായിരം രൂപ മാത്രം ചെലവാക്കി നിര്‍മിച്ച ഗോവണിയാണ് ഇവിടെ. പഴയ വീട്ടിലെ ഗോവണി അതേപോലെ എടുത്ത്
മിനുക്കുപണികള്‍ ചെയ്താണ് സെറ്റ് ചെയ്തത്. പണ്ടത്തെ വീടുകളിലെ മച്ചിനു സമാനമായാണ് വീടിന്റെ സീലിങ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീട്ടിനുള്ളില്‍ കോണ്‍ക്രീറ്റ് ചെയ്യാത്ത മുറ്റം ഉള്‍പ്പെടെയുള്ള കോര്‍ട്ട് യാര്‍ഡും നല്‍കിയിട്ടുണ്ട്. 

കുട്ടികള്‍ക്ക് കളിക്കാനും പഠിക്കാനുമായി നല്‍കിയ യൂട്ടിലിറ്റി സ്‌പേസും വീട്ടിലുണ്ട്, ഇവിടെ വായുവിനും വെളിച്ചത്തിനുമായി ഗ്ലാസ് ഓപ്പണിങ്ങും ധാരാളം സ്ലിറ്റ് വിന്‍ഡോകളും നല്‍കിയിട്ടുണ്ട്. 

പ്രകൃതി ചൂഷണത്തെ ഒരുപരിധി വരെ തടയാന്‍ ഇത്തരം നിര്‍മിതികള്‍ക്കാകുമെന്ന് ഡിസൈനര്‍ പറയുന്നു. ചിതല്‍പ്പുറ്റ് ഇല്ലാത്ത മണ്ണ് തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 32 ലക്ഷത്തോളമാണ് വീടിനു ചെലവായത്. 

രണ്ട് ബെഡ്‌റൂമുകളാണ് വീട്ടിലുള്ളത്. അവയിലൊന്നില്‍ ഇന്‍ബില്‍ട്ട് ആയിട്ടുള്ള കട്ടിലാണുള്ളത്. ഡൈനിങ് ടേബിളായും പാന്‍ട്രി ആയും ഉപയോഗിക്കാവുന്ന ഇന്‍ബില്‍ട്ട് ടേബിളും വീട്ടില്‍ കാണാം. ഈ ഇടത്തിന്റെ വലതുവശത്താണ് അടുക്കള കാണുന്നത്. 

വീടിന്റെ ഏറ്റവും വലിയ പ്രത്യേകത സെപ്റ്റിക് ടാങ്കുകളില്ല എന്നതാണ്. അത്തരത്തിലുള്ള മാലിന്യങ്ങള്‍ വീട്ടിലെ ബയോഗ്യാസ് പ്ലാന്റിലേക്കാണ് പോകുന്നത്. അങ്ങനെ കിട്ടുന്ന ബയോഗ്യാസ് കൊണ്ടാണ് വീട്ടിലെ നൂറുശതമാനവും പാചക ആവശ്യങ്ങളും നിറവേറ്റുന്നത്.

Content Highlights: mud house kerala traditional homes