റണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ അഭിലാഷിന്റെയും ഭാര്യ അമൃതയുടെയും സ്വപ്‌നമായിരുന്നു ഒരു നല്ല വീടെന്നത്. ചെലവു ചുരുക്കി എല്ലാ സൗകര്യങ്ങളോടും കൂടി ഒരു വീട് പണിയാനായിരുന്നു അഭിലാഷിന്റെ ലക്ഷ്യം. പോലീസ് ഉദ്യോഗസ്ഥന്‍ മാത്രമല്ല ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം താന്‍ കണ്ടതും അറിഞ്ഞതുമായ വീടുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്വന്തമായി ഒരു പ്ലാനൊരുക്കി. 3.7 സെന്റ് സ്ഥലത്ത് 1100 സ്‌ക്വയര്‍ ഫീറ്റില്‍ ഉയര്‍ന്ന ഈ വീടിന് ചെലവ് പതിമൂന്നര ലക്ഷം മാത്രം.

home
അഭിലാഷും കുടുംബവും

അനാവശ്യ ചെലവുകള്‍ ചുരുക്കുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ സൗകര്യങ്ങള്‍ കുറയ്ക്കാനും പാടില്ല. വീടിന് തൊട്ടുമുന്നിലൂടെ തന്നെ റോഡ് കടന്നുപോകുന്നതിനാല്‍ വീടുപണിക്കുള്ള സാധനങ്ങള്‍ മുറ്റത്ത് എത്തിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. മൂന്ന് ബെഡ്‌റൂം, അറ്റാച്ച്ഡ് ബാത്ത്‌റൂമുകള്‍, ഹാള്‍, സിറ്റ്ഔട്ട്, ഒരു ബാല്‍ക്കണി, അടുക്കള എന്നിവ അടങ്ങിയതാണ് വീട്. രണ്ട് നിലയിലായാണ് വീട് നിര്‍മിച്ചിരിക്കുന്നത്. താഴെ രണ്ട് മുറിയും മുകളില്‍ ഒരു മുറിയും എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ലിവിങ്ങിനോട് ചേര്‍ന്ന് ഓപ്പണ്‍ ഡൈനിങ്ങ് സ്‌പേസും നല്‍കിയിരിക്കുന്നു. 
 

home

വെള്ളം കയറുന്ന സ്ഥലം ആയതിനാല്‍ അടിത്തറ കരിങ്കല്ലുപയോഗിച്ച് രണ്ടടി ഉയര്‍ത്തി കെട്ടി.  അതിനു മുകളില്‍ കോണ്‍ക്രീറ്റ് തറയാണ് ചെയ്തിരിക്കുന്നത്. അതില്‍ ക്ലേ അടിച്ച് ഫില്‍ ചെയ്തു. വീടിന്റെ ഭിത്തി സിമന്റ് ഇഷ്ടിക ഉപയോഗിച്ചാണ് പണിതത്. സിറ്റൗട്ടില്‍ ഒഴികെ പെയിന്റുകള്‍ നീലയുടെയും വെള്ളയുടെയും ഷേഡുകള്‍ മാത്രമാണ് ഭിത്തികളില്‍ ഉപയോഗിച്ചിരിക്കുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലമായതിനാല്‍ പുട്ടിയിടാതെ പെയിന്റ് ചെയ്യുകയാണ് ചെയ്തത്. ഇതിനായി സിമന്റ് ഉപയോഗിച്ച് ഭിത്തികള്‍ ഫിനിഷ് ചെയ്തു. 

home

ജനല്‍ കട്ടിളയും വാതില്‍ കട്ടിളയും പഴയ ഉരുപ്പടി പ്ലെയിന്‍ ചെയ്യിച്ചെടുത്താണ്. മുന്‍വശത്തെ വാതില്‍ കട്ടിള മാത്രമാണ് പുതിയത് ഉപയോഗിച്ചിരിക്കുന്നത്. ജനല്‍ ഫ്രെയിം കാണുന്ന വശം മാത്രം മരവും ബാക്കിയെല്ലാം അലൂമിനിയവും ആണ് ഉപയോഗിച്ചത്. ജനല്‍ ഫ്രെയിം വുഡന്‍പോളിഷിങില്‍ അലുമിനിയമാണ്. ഫ്രണ്ട് ഡോറും മറ്റ് പുറത്തേക്ക് ഉള്ള ഡോറുകളും പഴയ മരം വാങ്ങി പണിയിച്ചെടുക്കുകയായിരുന്നു. റൂമുകളിലേയും ബാത്ത് റൂമുകളിലേയും ഡോറുകള്‍ സിന്റെക്‌സ് ആണ്. 

home

ബാത്ത്‌റൂമില്‍ മൂന്നിലും ഒരേ പറ്റേണില്‍ ഉള്ള ടൈല്‍ ആണ് വിരിച്ചത്. ഇതും ചെലവ് ചുരുക്കാന്‍ സഹായിച്ചു. സെപ്റ്റിക് ടാങ്കും മറ്റ് വേസ്റ്റ് ടാങ്കുകളും റെഡിമെയ്ഡ് ആണ് വച്ചത്. സ്റ്റെയറിലും ബാല്‍ക്കണിയിലും സ്റ്റീല്‍ ഹാന്‍ഡ് റെയില്‍ വച്ചു. വീടിന്റെ ടെറസിലേക്കുള്ള സ്റ്റെയര്‍ ഇരുമ്പ് ഗോവണിയാണ്. വീടിന് പുറം ഭിത്തിയില്‍ മുന്‍വശത്ത് മുകളില്‍ വരെ സ്റ്റോണ്‍ക്ലാഡിങ്ങ് നല്‍കിയിട്ടുണ്ട്. സിറ്റൗട്ടിലും ബാല്‍ക്കണിയിലും വാം ലൈറ്റിങ്ങും നല്‍കി.

ബെഡ് റൂമിലേയും കിച്ചണിലേയും കബോര്‍ഡ് MDF ഉപയോഗിച്ചാണ് ചെയ്തിട്ടുള്ളത്. ഇങ്ങനെ തടിയുടെ ഉപയോഗം പരമാവധി കുറച്ചാണ് വീട് പണിതിരിക്കുന്നത്.

Owner & Designer: Abhilash P.S, Phone-98475 10614
Location: Ernakulam, North Paravoor
Area: 1100 Square Feet 
Plot Area: 3.7 Cent

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: Modern budget home built with minimum cost and Owner's own plan