മിത ആര്‍ഭാടങ്ങളേതുമില്ലാതെ ലളിതവും മനോഹരവുമായൊരു വീട്. സ്വപ്‌നം കണ്ടതുപോലെ തന്നെ അത്തരത്തിലൊരു വീടൊരുക്കിയതിന്റെ ആഹ്ലാദത്തിലാണ് പൊന്നാനി തെയ്യങ്ങാട് സ്വദേശിയായ ഫാരിസ് ഫസല്‍. പന്ത്രണ്ടുസെന്റില്‍ 3122 ചതുരശ്ര അടിയിലാണ് പ്ലെയിന്‍ കണ്ടംപററി ശൈലിയില്‍ വീടൊരുക്കിയിരിക്കുന്നത്. ഓരോ ഇടത്തെയും പരമാവധി ഉപയോഗപ്രദമാക്കിയ വീടിന് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ ചെലവായത് എഴുപതു ലക്ഷത്തോളമാണ്.കോഴിക്കോട് B.I.R.D (ബില്‍ഡിങ് ഇന്‍ഡസ്ട്രി റിസര്‍ച്ച് ഡെവലപ്‌മെന്റ്) ലെ മുജീബ് റഹ്മാനാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഒമാനില്‍ ജോലി ചെയ്യുന്ന ഫാരിസും ഭാര്യ ഫസീനയും രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. 

veedu

ആദ്യം കടന്നെത്തുന്നത് അറ്റാച്ച്ഡ് കാര്‍പോര്‍ച്ചിലേക്കും അതിനോടു ചേര്‍ന്ന സിറ്റ്ഔട്ടിലേക്കുമാണ്. സിറ്റ്ഔട്ടിലേക്കുള്ള ചവിട്ടുപടികളില്‍ കോട്ടാ സ്റ്റോണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ നിന്നും കടക്കുന്നത് ചെറിയൊരു ഇടനാഴിയിലേക്കാണ്. മെറ്റല്‍ കൊണ്ടുള്ള ക്യൂരിയോസ് ആണ് ഇവിടുത്തെ ആകര്‍ഷണം. അതിനു താഴെയായി ഷൂറാക്കിനുള്ള സ്‌പേസും നല്‍കിയിട്ടുണ്ട്. രണ്ടു ലിവിങ് റൂമുകളാണ് വീട്ടിലുള്ളത്. ഇടനാഴിയില്‍ നിന്ന് ആദ്യം കടക്കുന്നത് ഫോര്‍മല്‍ ലിവിങ് റൂമിലേക്കാണ്. ഡബിള്‍ ഹൈറ്റില്‍ നിര്‍മിച്ചിട്ടുള്ള ഈ ലിവിങ് റൂമില്‍ ഒരു ടി.വി യൂണിറ്റും സോഫാസെറ്റിയും ഒരുക്കിയിട്ടുണ്ട്. പ്ലൈവുഡും ലാമിനേറ്റും കൊണ്ട് ചുമരില്‍ ചെയ്ത പാനലിങ് മനോഹരമാണ്. ഇവിടെ തൂക്കിയിരിക്കുന്ന ടര്‍ക്കിഷ് ലൈറ്റും വീടിന്റെ എടുപ്പ് വര്‍ധിപ്പിക്കുന്നു. 

veeud

ഇവിടെ നിന്നും ഫാമിലി ലിവിങ്ങിലേക്കു കടക്കുന്നു. ഇവിടം മുതല്‍ ഓപ്പണ്‍ ശൈലിയിലാണ് വീടിന്റെ ഡിസൈന്‍. മരം കൊണ്ടുള്ള വിന്‍ഡോ സീറ്റര്‍ ഫാമിലി ലിവിങ്ങിന്റെ ആകര്‍ഷണമാണ്. ഇരിപ്പിടത്തിനു താഴെയായി സ്റ്റോറേജ് സ്‌പേസും നല്‍കിയിട്ടുണ്ട്. ഇതിനു മുകള്‍ഭാഗത്തായി വിശാലമായി ജനല്‍ നല്‍കിയിരിക്കുന്നു. വുഡന്‍ ടച്ചിലുള്ള ഫര്‍ണിച്ചറും പാനലിങ്ങുമെല്ലാം വീടിന്റെ പ്രൗഢി വര്‍ധിപ്പിക്കുന്നു. ഒരു ഭാഗത്ത് സോഫയും മറുവശത്ത് ടി.വി യൂണിറ്റും ഒരുക്കിയിരിക്കുന്നു. അടുക്കളയില്‍ നിന്നും ഡൈനിങ് ഹാളില്‍ നിന്നും ടി.വി കാണാവുന്ന വിധത്തില്‍ ഓപ്പണ്‍ ശൈലിയിലാണ് ഇവിടെ രെുക്കിയിരിക്കുന്നത്.

veedu

ഫാമിലി ലിവിങ്ങില്‍ നിന്നും ചുമരുകളുടെ മറയില്ലാതെയാണ് ഡൈനിങ് ഹാള്‍ സെറ്റ് ചെയ്തിരിക്കുന്നത്. എട്ടുപേര്‍ക്ക് ഇരിക്കാവുന്ന വിധത്തിലാണ് ഊണ്‍മേശ. ഗ്ലാസും മരവും കൊണ്ടാണ് മേശയുടെ നിര്‍മാണം. ഡൈനിങ് ഹാളിന്റെ രെു ഭാഗം മുഴുവന്‍ ഫോള്‍ഡിങ് ഗ്ലാസ് ഡോറാണ്. അതു തുറക്കുന്നത് മറ്റൊരു ഇടനാഴിയിലേക്കാണ്. ഒരു പടി താഴെയായി ഒരുക്കിയിരിക്കുന്ന ഇടനാഴിയില്‍ ഇരിപ്പിടത്തിനുള്ള സൗകര്യവും ഉണ്ട്. ഇവിടെ നിന്നും പുറത്തേക്ക് ഒരു ഗ്ലാസ് ഡോര്‍ കാണാം. ലാന്‍ഡ്‌സ്‌കേപ്പിന്റെ മനോഹാരിത മുഴുവന്‍ ഈ ഡൈനിങ് മുറിയില്‍ നിന്നും ഇടനാഴിയില്‍ നിന്നും ദൃശ്യമാണ്. ഗ്ലാസ് വാതിലിനു പുറത്തായി ഗ്രില്‍ നല്‍കിയിട്ടില്ലാത്തതുകൊണ്ട് സ്വകാര്യതയ്ക്കായി റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഷട്ടര്‍ നല്‍കിയിട്ടുണ്ട്. ദ്വാരങ്ങള്‍ നല്‍കി അകത്തേക്ക് വായുവും വെളിച്ചവും കടക്കും വിധത്തിലാണ് ഷട്ടര്‍ നല്‍കിയത്. 

veedu

വര്‍ക്കിങ് കിച്ചണ്‍ ഉള്‍പ്പെടെ രണ്ട് അടുക്കളകളാണ് വീട്ടിലുള്ളത്. അടുക്കളയില്‍ നിന്നും ഡൈനിങ് ഹാളിലേക്ക് പാന്‍ട്രി സ്‌പേസ് നല്‍കിയിട്ടുണ്ട്. വൈറ്റ് ടോണിലുള്ള മോഡേണ്‍ കിച്ചണ്‍ ആണിത്. പ്ലൈവുഡും ലാമിനേറ്റും കൊണ്ടാണ് സ്റ്റോറേജ് സ്‌പേസുകള്‍ ഒരുക്കിയിരിക്കുന്നത്. കൗണ്ടര്‍ടോപ് നാനോവൈറ്റ് ഗ്രാനൈറ്റ് കൊണ്ടാണ് കൗണ്ടര്‍ടോപ്പിന്റെ നിര്‍മാണം. േ്രഗ ഷെയ്ഡിലാണ് അടുക്കളയിലെ ചുമരിന്റെ പാതി. വര്‍ക്കിങ് കിച്ചണില്‍ ഒരു വിന്‍ഡോ സീറ്ററും നല്‍കിയിട്ടുണ്ട്. 

veedu

സ്റ്റെയര്‍കെയ്‌സിനോടു ചേര്‍ന്നാണ് താഴത്തെ നിലയിലെ ബെഡ്‌റൂം നിര്‍മിച്ചിരിക്കുന്നത്. ഡ്രസ്സിങ് ഏരിയയും അറ്റാച്ച്ഡ് ബാത്‌റൂം ഉള്‍പ്പെടെയാണ് ഓരോ ബെഡ്‌റൂമും ഒരുക്കിയിരിക്കുന്നത്. മരവും ഗ്ലാസും ടൈലും ചേര്‍ന്നാണ് സ്‌റ്റെയര്‍കെയ്‌സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്‌റ്റെയര്‍കെയ്‌സിനും താഴ്ഭാഗം സ്‌റ്റോറേജ് സ്‌പേസാക്കി മാറ്റിയിട്ടുണ്ട്. സ്റ്റെയറിന്റെ താഴെയായാണ് വീട്ടിലെ കോമണ്‍ ടോയ്‌ലറ്റ് ഉള്ളത്. പടികള്‍ കയറി ആദ്യ സാന്‍ഡിങ്ങില്‍ മരം കൊണ്ട് നീളത്തില്‍ ഇരിപ്പിടമൊരുക്കിയത് പ്രധാന ആകര്‍ഷണമാണ്. ഇരിപ്പിടത്തിനു താഴ്ഭാഗം സ്റ്റോറേജ് സ്‌പേസാക്കി മാറ്റി. ധാരാളം വായുവും വെളിച്ചവും അകത്തേക്കും കടക്കും വിധത്തില്‍ വലിയ ജനലുകളും ഇവിടെ നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പഠിക്കാനും വായനയ്ക്കുമൊക്കെയുള്ള ഇടമായി ഇവിടം ഉപയോഗിക്കാം. 

veedu

ഒരു മാസ്റ്റര്‍ ബെഡ്‌റൂം ഉള്‍പ്പെടെ മൂന്ന് മുറികളാണ് മുകള്‍നിലയിലുള്ളത്. രണ്ട് ബെഡ്‌റൂമിന്റെ മധ്യത്തിലായാണ് കുട്ടികളുടെ പഠനമുറി ഒരുക്കിയത്. ഇവിടെ നിന്നും ഒരുപടി താഴേക്കായി അലക്കാനും മറ്റും ലോണ്‍ട്രി സ്‌പേസ് നല്‍കിയിരിക്കുന്നു. സ്റ്റഡി ഏരിയയുടെ മറുവശത്തായാണ് ബാല്‍ക്കണിക്ക് ഇടം നല്‍കിയിരിക്കുന്നത് മരവും ഗ്ലാസും കൊണ്ടാണ് ഇവിടെയും ഹാന്‍ഡ്‌റെയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബാല്‍ക്കണി കടന്നാല്‍ ഒരു ഓപ്പണ്‍ സിറ്റിങ് സ്‌പേസാണ്. എംഎസ് പൈപ്പ് കൊണ്ടുള്ള പര്‍ഗോളയാണ് ഇവിടുത്തെ ഹൈലൈറ്റ്. ഇവിടെ നിന്നുമാണ് ഓപ്പണ്‍ ടെറസിലേക്ക് കടക്കുന്നത്. 

veedu

വീടിന്റെ ആര്‍ഭാടം കൂട്ടാന്‍ ഫാള്‍സ് സീലിങ്ങോ വാള്‍ പാനലിങ്ങോ അധികം ചെയ്തിട്ടില്ല. സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്തും വിധത്തില്‍ ക്യൂരിയോസുകള്‍ തൂക്കുവിളക്കുകളും പെയിന്റിങ്ങുകളും നല്‍കുകയാണ് ചെയ്തത്.

veedu

 

veedu

veedu

Project Details

Owner - Faris Fasal , Faseena Faris
Designer- Mujeeb Rahman,  B.I.R.D (Building Industry Research Development)
E.mail-  buildingresearch@gmail.com
Place - Theyyangad, Ponnani
Plot area - 12 cent
Area of the house - 3122 sqft.
Project cost - 70 lakh including furnishing 

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: minimalist contemporary house in calicut