വീട് നിര്‍മിക്കുമ്പോള്‍ ഏതു ശൈലിയിലായിരിക്കണമെന്ന് മുമ്പേ ധാരണകള്‍ ഉള്ളവരാണ് മിക്കയാളുകളും. വിവിധ രീതിയിലുള്ള ശൈലികള്‍ ഇടകലര്‍ത്തി വീട് ഡിസൈന്‍ ചെയ്യുന്നവരും കുറവല്ല. അത്തരത്തിലൊരു വീടാണ് കൊടുങ്ങല്ലൂരിലുള്ള 'മെഹ്ഫില്‍'. കേരള ട്രഡീഷണല്‍ ശൈലിയും വിക്ടോറിയന്‍ ശൈലിയും ഇഴകലര്‍ത്തി നിര്‍മിച്ച വീടാണിത്.
ആര്‍ക്കിടെക്ട് മിത്രനാണ് വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഷിഹാബും നിലൂഫറുമാണ് വീടിന്റെ ഉടമസ്ഥര്‍. വിക്ടോറിയന്‍ ശൈലിയില്‍ നിര്‍മിച്ച മതില്‍ കടന്നാണ് വീട്ടിലേക്കു പ്രവേശിക്കുന്നത്. കരിങ്കല്ലിലാണ് മതില്‍ ഫിനിഷ് ചെയ്തിരിക്കുന്നത്.
കരിങ്കല്‍ കൊണ്ടുള്ള പടവുകളും ടെറാക്കോട്ട ഫ്‌ളോറിങ്ങുമൊക്കെയാണ് സിറ്റ്ഔട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ ആകര്‍ഷിക്കുന്നത്. സിറ്റ്ഔട്ടില്‍ നിന്നു കടക്കുന്നത് ഡ്രോയിങ് റൂമിലേക്കാണ്. ഡൈനിങ് റൂം, ഓപ്പണ്‍ കിച്ചണ്‍, മാസ്റ്റര്‍ ബെഡ്‌റൂം, മള്‍ട്ടി യൂട്ടിലിറ്റി ഏരിയ എന്നിവയാണ് താഴത്തെ നിലയിലുള്ളത്.
ചുവരില്‍ തൂക്കിയിരിക്കുന്ന വലിയ പെയിന്റുകള്‍ ലിവിങ് റൂമിനെ മനോഹരമാക്കുന്നു. ഓപ്പണ്‍ കണ്‍സപ്റ്റിലാണ് താഴത്തെ നില ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡൈനിങ് ഏരിയയെയും ലിവിങ് ഏരിയയെയും വേര്‍തിരിക്കുന്നത് വുഡന്‍ ഫ്രെയിം കൊണ്ടാണ്.
ഡൈനിങ് ഏരിയയുടെ വശത്തു നിന്നാണ് സ്റ്റെയര്‍ കെയ്‌സ് തുടങ്ങുന്നത്, അര്‍ധ വൃത്താകൃതിയിലുള്ള സ്‌പൈറല്‍ ആകൃതിയിലാണ് സ്റ്റെയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഡൈനിങ് ഏരിയയുടെ ഇടതുവശത്തായാണ് മള്‍ട്ടി യൂട്ടിലിറ്റി ഏരിയ നല്‍കിയിരിക്കുന്നത്. ഗ്ലാസ് കൊണ്ടുള്ള ഒരു മറയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇവിടെയാണ് ടിവി യൂണിറ്റും ലൈബ്രറിയും അതിഥികള്‍ക്ക് വിശ്രമിക്കാനുള്ള ഇടവുമൊക്കെ ഒരുക്കിയിരിക്കുന്നത്.
കൂടുതല്‍ കാലം ഈടു നില്‍ക്കുന്നതിനായി വുഡന്‍ ടച്ചിലാണ് അടുക്കളയുടെ മിക്കഭാഗങ്ങളും നിര്‍മിച്ചിരിക്കുന്നത്. സ്റ്റോറേജ് സ്‌പേസും ചിമ്മിനിയും ബ്രേക് ഫാസ്റ്റ് കൗണ്ടറുമൊക്കെ മരം കൊണ്ടാണ് പണിതിരിക്കുന്നത്.
നാലു പാളികളുള്ള വാതിലാണ് അടുക്കളയുടെ ഹൈലൈറ്റ്. വാതിലിന്റെ ആദ്യരണ്ടു പാളികള്‍ തുറക്കുമ്പോള്‍ തന്നെ വായുവും വെളിച്ചവും ധാരാളം ലഭിക്കും. മൂന്ന് ബെഡ്‌റൂമുകളും ഒരു ലിവിങ് റൂമുമാണ് മുകളിലത്തെ നിലയിലുള്ളത്.
Content Highlights: Mehfil, A Combo Of Victorian-Kerala Architecture