പുതുതായി വീട് നിര്‍മിക്കുമ്പോള്‍ എത്രത്തോളം പ്രകൃതിയെ ഹനിക്കാതെ ഡിസൈന്‍ ചെയ്യാം എന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആര്‍ക്കിടെക്ടുകളും. അത്തരത്തില്‍ പ്രകൃതിയോട് ഇഴചേര്‍ന്നു നിര്‍മിച്ച വീടാണ് തൊടുപുഴയിലുള്ള വില്ലാ ഗ്ലോറി. കേരളത്തിലെ ഏറ്റവും മികച്ച ആര്‍ക്കിടെക്ടുകളെ കണ്ടെത്താനായി മാതൃഭൂമി ന്യൂസ് നടത്തിയ മാസ്റ്റര്‍ക്രാഫ്റ്റ് മത്സരത്തില്‍ മികച്ച ഡിസൈനിനുള്ള പുരസ്‌കാരം ലഭിച്ചത്  സെബാസ്റ്റ്യന്‍ ജോസ് ഡിസൈന്‍ ചെയ്ത വില്ലാസ് ഗ്ലോറിക്കാണ്.

villa

2001 മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന സെബാസ്റ്റ്യന്‍ ജോസ് ശില്‍പി ആര്‍ക്കിടെക്ട്സിന്റെ ഉടമ കൂടിയാണ്. തൊടുപുഴയിലാണ് വില്ലാ ഗ്ലോറി സ്ഥിതി ചെയ്യുന്നത്. എറണാകുളം സ്വദേശികളായ ജോസ് കെ ജോര്‍ജും ഷൈനി ജോര്‍ജുമാണ് വീടിന്റെ ഉടമസ്ഥര്‍. മനോഹരമായ സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത, മലങ്കര ഡാമിന്റെ റിസര്‍വോയറിനു സമീപത്താണ് വീട്. പച്ചപ്പും മലനിരകളുമൊക്കെയാണ് ചുറ്റിനും. സ്ഥലത്തിന്റെ ചരിഞ്ഞ ഭാഗത്തിനു മാറ്റം വരുത്താതെ സ്ഥലത്തിനോടു ചേര്‍ന്ന് വീട് നിര്‍മിക്കുകയാണ് ചെയ്തത്. 

പ്ലോട്ടിനുണ്ടായിരുന്ന ചരിഞ്ഞ പ്രകൃതത്തില്‍ യാതൊരു മാറ്റവും വരുത്താതെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. സ്ലോപ് ആയിട്ടുള്ള ഡ്രൈവ് വേ ആണ് വീടിന്റെ പ്രധാന ആകര്‍ഷണം, ഇതു ചെന്നെത്തുന്നത് കാര്‍പോര്‍ച്ചിലേക്കാണ്. 

villa

സിറ്റ്ഔട്ടില്‍ നിന്നു തന്നെ കായലിലേക്കുള്ള ദൃശ്യമുണ്ട്. അവിടെ നിന്ന് ഫോയര്‍ ഭാഗത്തേക്കു കടക്കും. പ്രധാനവാതില്‍ തൊട്ട് അടുക്കള വരെ നീണ്ടുകിടക്കുന്നതാണ് ഫോയര്‍ സ്‌പേസ്. ഫോയറില്‍ നിന്നും ഡ്രോയിങ് റൂമിലേക്കും. ഡ്രോയിങ് റൂമിലുള്ള വാട്ടര്‍ ബോഡിയും അവിടെ നല്‍കിയിരിക്കുന്ന ചെടിയും ആകര്‍ഷണീയമാണ്. പ്രകൃതിസൗന്ദര്യംം പരമാവധി ആസ്വദിക്കാന്‍ വലിയ സ്ലൈഡിങ് ഗ്ലാസ് വാതിലുകളാണ് നല്‍കിയിരിക്കുന്നത്. സ്വകാര്യത നിലനിര്‍ത്താനായി ബ്ലൈന്‍ഡ്‌സും നല്‍കിയിട്ടുണ്ട്. 

അധികം ആഡംബരമില്ലാതെ ലളിതമായ രീതിയിലാണ് ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. ആധുനിക ശൈലിയില്‍ ഡിസൈന്‍ ചെയ്ത അടുക്കളയാണ് ഇവിടെയുള്ളത്. ഡബിള്‍ ഹൈറ്റ് നല്‍കിയാണ് ഡൈനിങ് ഏരിയ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡൈനിങ് ഏരിയയില്‍ നിന്ന് മറ്റൊരു ലെവലിലാണ്ഫാമിലി ലിവിങ് ഏരിയ നല്‍കിയിരിക്കുന്നത്. അതിനോടു ചേര്‍ന്നാണ് മാസ്റ്റേഴ്‌സ് ബെഡ്‌റൂം നല്‍കിയിരിക്കുന്നത്. 

villa

ഭൂമിയുടെ കിടപ്പിന് അനുസരിച്ചാണ് ഓരോ മുറികളുടെയും ലെവലിലും മാറ്റം വരുത്തിയിരിക്കുന്നത്. വീടിന്റെ മുകളില്‍ ഓട് ഇടുന്നതിനു പകരം ഗ്രീന്‍ റൂഫിങ് ആണ് നല്‍കിയത്. ടെറസില്‍ നിന്നുള്ള ചൂട് ഒഴിവാക്കാനായി പച്ചക്കറികളും ചെടികളുമൊക്കെ വച്ചുപിടിപ്പിച്ചു. 

Content Highlights: mathrubhumi mastercraft award winning house villas glory by sebastian jose