സോഷ്യല്‍ മീഡിയയിലാകെ ഇപ്പോള്‍ ഒരു വീടിന്റെ വിശേഷങ്ങളാണ്. കരുനാഗപ്പള്ളി സ്വദേശിയായ മഞ്ജുക്കുട്ടന്‍ രണ്ടേകാല്‍ സെന്റില്‍ കണ്ണുനീരും കഷ്ടപ്പാടും കൊണ്ട് പണിത വെറൈറ്റി വീടിനെക്കുറിച്ചാണ് സംസാരമത്രയും. 

മഞ്ജുക്കുട്ടന്‍ രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട്. ചേച്ചിയും ചേട്ടനും വേറേ താമസിക്കുന്നു. പറക്കമുറ്റാത്ത പ്രായത്തില്‍ ഇവരെ ഉപേക്ഷിച്ച് അച്ഛന്‍ നാടുവിട്ടു. അവിടെ നിന്ന് തുടങ്ങിയ അമ്മയുടെ പോരാട്ടത്തിനുള്ള സമര്‍പ്പണമാണ് ഈ വീടെന്നാണ് മഞ്ജുക്കുട്ടന്‍ പറയുന്നത്. വീടുകളില്‍ അടുക്കളപ്പണിക്ക് പോയി മക്കളെ വളര്‍ത്തിയ അമ്മയ്ക്കുള്ള സ്‌നേഹസമ്മാനമാണ് ഈ വീട്. 

ഇഷ്ടദാനമായി ലഭിച്ച രണ്ടേകാല്‍ സെന്റ് വസ്തുവില്‍ കൂരകെട്ടി അതിനെ വീടെന്ന് വിളിച്ചാണ് കാലം കഴിച്ചുകൂട്ടിയത്. അതിനിടെ ചെറിയ പണികള്‍ ചെയ്ത് വീടിന് ഒരു രൂപമൊക്കെ ആയി. അന്നും അടച്ചുറപ്പുള്ള മഴപെയ്താല്‍ ചോരാത്ത വീട് എന്നും സ്വപ്‌നമായിരുന്നു. 

കഴിഞ്ഞ മഴക്കാലത്താണ് എല്ലാത്തിനെയും മാറ്റിമറിച്ച സ്വപ്‌നം മഞ്ജുക്കുട്ടന്‍ കണ്ടത്. പുറത്ത് മഴപെയ്യുമ്പോള്‍ തുള്ളിതോരാതെ വീടിനകവും പെയ്തു നിന്ന ഉറങ്ങാതെ പാത്രങ്ങള്‍ നിരത്തി നേരം വെളുപ്പിച്ച ആരാത്രിയിലാണ് മഞ്ജുക്കുട്ടന്‍ അടച്ചുറപ്പുള്ള വീട് സ്വപ്‌നം കാണുന്നത്. 

ഓടുവില്‍ വാശിയോടെ വീട് നിര്‍മിക്കാനുള്ള നെട്ടോട്ടം തുടങ്ങി. കൈയില്‍ നയാപൈസയില്ല എന്നതായിരുന്നു ആദ്യത്തെ പ്രതിസന്ധി. വീട് നിര്‍മിക്കാനുദ്ദേശിക്കുന്ന വസ്തുവിന് വീ ഷേപ്പിലുള്ള ആകൃതി മറ്റൊരു പ്രതിസന്ധി. പഞ്ചായത്തില്‍ അപേക്ഷിച്ച് ലൈഫ് പദ്ധതിയില്‍ നിന്ന് നാലുലക്ഷം രൂപ കിട്ടി. പണി തുടങ്ങാന്‍ സുഹൃത്തായ ഷഫീക്ക് 5000 രൂപ തന്ന സഹായിച്ചു. ഒടുവില്‍ എട്ടുമാസം മുമ്പ് വീട് നിര്‍മാണം തുടങ്ങി. 

ബോക്‌സ് ആകൃതിയില്‍ പരമാവധി സ്ഥലം ലഭ്യമാക്കുന്ന ആകൃതിയിലാണ് വീടിന്റെ രൂപകല്‍പന. മൂന്ന് മുറിയും മൂന്ന് ബാത്ത് റൂമും ചെറിയ ലിവിങ് റൂമും ഉള്‍പ്പെടുന്ന ലളിതമായ വീടാണ് ഇത്. കിച്ചണ്‍, വര്‍ക്കേരിയ, ബാല്‍ക്കണി എന്നിവയുമുണ്ട്. 

700 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വീടിന്റെ പ്രധാന ആകര്‍ഷണം 10 അടി ഉയരമുള്ള വാതിലാണ്. പുറം ഭിത്തിയിൽ ക്ലാഡിങ് പതിച്ച് ഭംഗിയാക്കിയിട്ടുണ്ട്.  കുറച്ച് ഫര്‍ണിച്ചറുകള്‍ മാത്രമാണ് വീട്ടില്‍ ഉപയോഗിച്ചിട്ടുള്ളത്. 

അങ്ങനെ സുഹൃത്തുക്കളുടെ സഹായത്തിലും പിന്തുണയിലും മഞ്ജുക്കുട്ടന്റെ സ്വപ്നം യാഥാര്‍ഥ്യമായി. ഓഗസ്റ്റ് 31 നായിരുന്നു വീടിന്റെ പാലുകാച്ചല്‍. ഗൃഹപ്രവേശനത്തിന് നിരവധി അന്വേഷണങ്ങളാണ് മഞ്ജുക്കുട്ടനെ തേടിയെത്തിയത്. 

ഈ വീട് നിന്നിടത്തായിരുന്നു ഞങ്ങളുടെ പഴയ വീട് ഉണ്ടായിരുന്നത്. പുതിയ വീട്ടില്‍ ആദ്യമായി താമസിക്കാന്‍ കയറിയത് തന്നെ നിറഞ്ഞ കണ്ണുകളോടെയാണെന്ന് മഞ്ജുക്കുട്ടന്‍ പറയുന്നു. വീടില്ലാത്ത ഒരുപാട് കുടുംബങ്ങള്‍ക്ക് കയറിക്കിടക്കാന്‍ വഴിയുണ്ടാകട്ടെയാണ് ഈ ദിനത്തില്‍ ആശംസിക്കാനുള്ളത്. 

Project facts Location- Karunagappally 
Plot- 2.25 cent 
Area- 700 Sq.ft 
Owner- Manjukuttan 
Design- Akhil 
Contractor- Shafeeq