വീട് അഴിച്ചുകൊണ്ടു പോകാമോ? സ്ഥലപരിമിതികളുള്ള സ്ഥലത്ത് ഇഷ്ടമുള്ളതുപോലെ വീട് പണിയാന്‍ കഴിയുമോ? പറ്റുമെന്നാണ് ഉത്തരം. ഡിസൈനർ വാജിദ് റഹ്മാന്‍ തന്റെ ന്യൂജെന്‍ വീടൊരുക്കിയത് ഇങ്ങനെയാണ്. ചുരുങ്ങിയ ചെലവില്‍ പരിസ്ഥിതി സൗഹൃദമായി നിര്‍മിച്ച വീടാണിത്. അഴിച്ചെടുത്ത് ഇഷ്ടമുള്ള സ്ഥലത്ത് മാറ്റിപ്പണിയാം. ഇഷ്ടിക, സിമന്റ്, മണല്‍ ഇതൊന്നും ഇല്ല. ഇനി വരുന്ന കാലത്ത് ഇത്തരം വീടുകള്‍ക്കായിരിക്കും സാധ്യത കൂടുതല്‍. എട്ട് സെന്റില്‍ 1700 സ്‌ക്വയര്‍ഫീറ്റില്‍ പണിത ഈ വീടിന് 22ലക്ഷം രൂപയാണ് ചെലവായത്. 

പ്ലാന്‍

വീതി കുറഞ്ഞ, നീളം കൂടിയ പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. അവിടെ പല തട്ടുകളിലാണ് വീടിന്റെ ഓരോ സ്‌പേസും. തറ, ഭിത്തി, മേല്‍ക്കൂര എന്നിവയ്‌ക്കെല്ലാം പ്രധാനമായും ഫൈബര്‍ സിമന്റ് ബോര്‍ഡാണ് ഉപയോഗിച്ചിരിക്കുന്നത്. കണ്ടംപററി മെറ്റീരിയലുകള്‍ ഉപയോഗിച്ച് പരമ്പരാഗത ശൈലിയില്‍ റൂഫിങ് നല്‍കിയാണ് വീടിന്റെ എലവേഷന്‍. 

ഏറ്റവും മുന്നിലായി കാര്‍പോര്‍ച്ച്. ഇതിന്റെ അരികിലൂടെ മുകളിലെ ഓഫീസ് മുറിയിലേക്കുള്ള സ്റ്റെയര്‍. പ്രധാനവാതില്‍ കടന്നുചെല്ലുന്നത് ലിവിങ് റൂമിലേക്കാണ്. അവിടെ എല്‍ ഷേപ്പിലുള്ള ഒരു സീറ്റിങ്. അടുത്ത 60 സെന്റിമീറ്റര്‍ ലെവലില്‍ ഊണ്‍മുറിയും അടുക്കളയും. അടുക്കളയുടെ അതേ നിരപ്പിലാണ് ആദ്യ കിടപ്പുമുറി. ഇതിനോടു ചേര്‍ന്ന് അറ്റാച്ച്ഡ് ബാത്‌റൂമും. ഊണുമുറിയില്‍ നിന്നാണ് മുകളിലത്തെ കിടപ്പുമുറിയിലേക്കുള്ള പടികള്‍. 

നാല് ഭാഗങ്ങളായി തിരിച്ചതാണ് കിടപ്പുമുറി. ബാത്ത്‌റൂം സ്‌പേസ്, ആക്റ്റിവിറ്റി സ്‌പേസ്, ബെഡിങ് ഏരിയ, ഡ്രസ്സിങ് ഏരിയ. 13 അടി നീളവും വീതിയും ഉണ്ട് മുറിക്ക്. ഇന്‍ബില്‍ഡിങ് ബെഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അവിടെ നിന്ന് സ്റ്റെയര്‍ കയറിയാല്‍ ഓഫീസും സ്റ്റുഡിയോ സ്‌പേസും. 

GRIHALAKSHMI
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

പ്രത്യേകതകള്‍

കുന്നിന്‍ ചെരിവായ സ്ഥലത്തിന് ഒരു മാറ്റവും വരുത്തിയില്ല. ഇതിന് എം.എസ്, ജി.ഐ സ്റ്റീല്‍ പൈപ്പുകളുടെ 12 തൂണുകള്‍ നല്‍കി, വീടിനെ ഉയര്‍ത്തി പണിതു. ചെങ്കല്ല് നിറഞ്ഞ മണ്ണായതിനാല്‍ ടാര്‍ ഡ്രമ്മുകളില്‍ കോണ്‍ക്രീറ്റ് നിറച്ച് അതിലാണ് തൂണുകള്‍ ഉറപ്പിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ വീടിനെ മുഴുവനായി അഴിച്ചു മറ്റൊരിടത്തു വെക്കാനും പറ്റും. ഭിത്തികള്‍ ഫൈബര്‍ സിമന്റ് ബോര്‍ഡ് ഉപയോഗിച്ച് സാന്‍ഡ് വിച്ച് മാതൃകയില്‍ പണിതതിനാല്‍ വീടിനുള്ളില്‍ ചൂട് കുറവാണ്. മികച്ച ഫിനിഷിങ് ഉള്ളതുകൊണ്ട് പ്ലാസ്റ്ററിങ് ആവശ്യമില്ല. മഴ നനഞ്ഞാലും കുഴപ്പമില്ല. വിള്ളല്‍ വീഴില്ല, വീട് വലുതാക്കാനും എളുപ്പം. സ്‌ക്രൂ ചെയ്തു പിടിപ്പിക്കാവുന്ന അലുമിനിയം ജനാലകളും വാതിലുകളും ആണ്. മേല്‍ക്കൂര സ്ലോപ്പിങ് സെക്ഷനായി നല്‍കി. അതില്‍ ജി.ഐ ബോര്‍ഡുകള്‍ പിടിപ്പിച്ചു. ഇതിനു മുകളില്‍ പഴയ വീടുകളില്‍ നിന്ന് ശേഖരിച്ച ഓടുകളും മേഞ്ഞിരിക്കുന്നു.

ഡിസൈനര്‍- വാജിദ് റഹ്മാന്‍ മലപ്പുറം

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്  

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: low cost new generation home for 22 lakh budget homes home plans