രു സെന്റിനകത്ത് ഒരു വീട്. സ്ഥലപരിമിതിയെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് അസ്‌ക്വയര്‍ ആര്‍ക്കിടെക്ട്‌സ ഉടമസ്ഥനും ഡിസൈനറുമായ ആശിഷ് ജോണ്‍ മാത്യു തന്റെ വീടുപണി തീര്‍ത്തത്. എന്നും സ്വന്തം വീടിനെക്കുറിച്ച് സ്വപ്‌നം കാണുമായിരുന്നെങ്കിലും പ്രളയത്തിന് ശേഷമാണ് കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ ചെലവില്‍ ഒരു വീട് പണിതു കാണിക്കണം എന്ന്  തീരുമാനിക്കുന്നത്. തന്റെ കസ്റ്റമേഴ്‌സിന് ഒരു മാതൃകയാവണം എന്ന ലക്ഷ്യവും ആശിഷിനുണ്ടായിരുന്നു. അങ്ങനെ പത്തനംതിട്ടയില്‍ തറവാടിനോട് ചേര്‍ന്ന് ഒരു സെന്റില്‍ വീടുയര്‍ന്നു. 900 ചതുരശ്രയടിയുള്ള വീട്ടില്‍ ലിവിങ്, ഫാമിലി ലിവിങ്, കിച്ചന്‍, ഡൈനിങ്, ഒരു ബെഡ്‌റൂം, കോമണ്‍ ബാത്‌റൂം എന്നിവയാണ് ഒരുക്കിയത്. വീട് തന്നെയാണ് ആശിഷിന്റെ ഓഫീസും. സ്ട്രക്ചറും ഫര്‍ണിഷിങ്ങുമടക്കം ആകെ ചെലവായത് എട്ടു ലക്ഷം രൂപ. കുറഞ്ഞ ചെലവില്‍ പണിത ഈ വീടിന്റെ പ്രത്യേകതകളറിയാം...

1. ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി ചെലവ് കുറച്ചു.

2. കരിങ്കല്ല് കൊണ്ടാണ് അടിത്തറ കെട്ടിയത്. ഭിത്തികള്‍ക്ക് ഇഷ്ടികയും വെട്ടുകല്ലും, ബെംഗളൂരുവില്‍ നിന്നും വരുത്തിയ Porotherm എന്ന വിശേഷയിനം മഡ് ബ്രിക്കും ഉപയോഗിച്ചു.

home

 3. വീടിന്റെ ചുവരുകള്‍ തേക്കാതെ എക്‌സ്‌പോസ്ഡ് ശൈലിയില്‍ നിലനിര്‍ത്തി. കോണ്‍ക്രീറ്റ് ഉപയോഗം പരിമിതപ്പെടുത്തി.

4. റൂഫിന് മുകളില്‍ ട്രസിട്ട് ഓട് വിരിച്ചു. ചൂട് വളരെ കുറവാണ്. ഓട്, ഇഷ്ടിക, കരിങ്കല്ല് തുടങ്ങിയ സാമഗ്രികള്‍ പഴയ വീടുകള്‍ പൊളിച്ചിടത്തുനിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിച്ചു.

5. പഴയ തടി വാങ്ങിച്ച് പുനരുപയോഗിച്ചാണ് അകത്തളം ഫര്‍ണിഷ് ചെയ്തത്. വാതിലും ജനലുകളും ഫര്‍ണിച്ചറുകളും മച്ചുമെല്ലാം തടിയില്‍ തന്നെ പണിതു. ബജറ്റിന്റെ പകുതിയോളം തടിപ്പണികള്‍ക്കാണ് ചെലവായത്. 

home

6. പല തട്ടുകളായി കിടക്കുന്ന സ്ഥലമായിരുന്നു. നാലു ലെവലുകള്‍ ആയാണ് ഭൂമിയുടെ കിടപ്പ്. അതുകൊണ്ട് വീടിന്റെ അകത്തളങ്ങളിലും ഈ ഉയരവ്യത്യാസമുണ്ട്. 

7. ഡെഡ് സ്‌പേസ് ഒഴിവാക്കാന്‍ കാന്റിലിവര്‍ ശൈലിയിലാണ് ഗോവണിയും ബാല്‍ക്കണിയും ഒരുക്കിയത്. ഇടങ്ങളെ വേര്‍തിരിക്കാനായി വിട്രിഫൈഡ് ടൈലും വുഡന്‍ ഫ്‌ളോറിങ്ങും നല്‍കിയിരിക്കുന്നു.
 
8. സ്വീകരണമുറിയില്‍ ജിപ്‌സം സീലിങ്ങും ലൈറ്റുകളും നല്‍കി. അടുക്കയില്‍ മുള കൊണ്ടാണ് സീലിങ്. മുകള്‍നിലയില്‍ സീലിങ്ങിന് കാല്‍സ്യം സിലിക്കേറ്റ് ബോര്‍ഡുകള്‍ ഉപയോഗിച്ചു. ഈര്‍പ്പത്തെയും ചോര്‍ച്ചയെയും പ്രതിരോധിക്കും, ചൂട് കുറവ്, ദീര്‍ഘകാലം ഈടുനില്‍ക്കുകയും ചെയ്യും.

home

9. സ്വിച്ച് ബോര്‍ഡുകള്‍, കര്‍ട്ടന്‍, ഗോവണിയുടെ കൈവരികള്‍, വയറിങ് കണ്‍സീല്‍ ചെയ്യാന്‍ തുടങ്ങിയതിനെല്ലാം മുള ഉപയോഗിച്ചു.

തയ്യാറാക്കിയത്- രേഖ നമ്പ്യാര്‍

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights:Low cost home build in one cent land