സ്വപ്‌നങ്ങള്‍ ചെറുതും സുന്ദരവുമാക്കുക. ബജറ്റിനനുസരിച്ച് ആരും നോക്കിപ്പോകുന്ന വീടൊരുക്കുന്ന ആര്‍ക്കിടെക്ടാണ് ജയന്‍ ബിലാത്തികുളം. ഡിസൈനറുടെ ക്രിയേറ്റിവിറ്റി അടിച്ചേല്‍പ്പിക്കുന്നതിനുപകരം ഉടമസ്ഥന്റെ ആഗ്രഹങ്ങള്‍ക്ക് ഗൈഡന്‍സ് നല്‍കുകയാണ് ഒരു ഡിസൈനറുടെ ജോലി എന്ന് വിശ്വസിക്കുന്ന ശില്പിയാണ് ജയന്‍. അതുകൊണ്ടുതന്നെ നിര്‍മിക്കാനുള്ള വീട് ആദ്യം വരയ്‌ക്കേണ്ടത് ഉടമസ്ഥനാണെന്നാണ് ഈ ഡിസൈനറുടെ ന്യായം.

1

കോഴിക്കോട് എലത്തൂര്‍ ചെട്ടിക്കുളത്ത് അറബിക്കടലിലേക്ക് മുഖംനോക്കിനില്‍ക്കുന്ന ഈ വീട് നൂറു ശതമാനം പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്നു. പത്ത് സെന്റ് സ്ഥലത്ത് 1300 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച വീടിന്റെ ഉടമ ദീപകാണ്. 

jayan

അറബിക്കടലിന് അഭിമുഖമായി നില്‍ക്കുന്ന വീട്, ഫ്രഞ്ച് കൊളോണിയല്‍ വാസ്തുകല ഓര്‍മിപ്പിക്കുന്ന രീതിയിലാണ് രൂപകല്പന ചെയ്തത്.മുറ്റത്തൊരു ലോണ്‍, ഫുഡ്കോര്‍ട്ട്, അതിനു മുകളില്‍ കാറ്റുകൊള്ളാന്‍ 20 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഗസീബോ. താഴെയും മുകളിലുമായി രണ്ട് ബെഡ്റൂം, കിച്ചന്‍, ബാത്ത് ടബ്ബ്, ലിവിങ് റൂം, സിറ്റ്ഔട്ട് എന്നിവ ചേര്‍ന്നതാണീ കൊതിപ്പിക്കുന്ന കൊച്ചു വീട്. 

jayan
ബെഡ്‌റൂമില്‍ നിന്നുള്ള കടല്‍ക്കാഴ്ച

തീരത്തെ പഴയൊരു വീടാണ് രസകരമായ ഈ വീടാക്കി മാറ്റിയത്. കൗതുകം നിറഞ്ഞ വീടിന്റെ പുതുമകള്‍ ജയന്‍ പറയുന്നു. 
''ഒരു വീട് ഒരുക്കുന്ന കോസ്റ്റ് അല്ല ഒരു വീട് നല്‍കുന്ന ഇഫക്ട്. കോടികള്‍ ചെലവഴിച്ച് ഇഫക്ട് ഉണ്ടാക്കുന്നതില്‍ അര്‍ഥമില്ല. ചെറിയ കോസ്റ്റില്‍ ഇഫക്ട് കൂട്ടുന്ന രീതിയാണ് എനിക്കിഷ്ടം.'' ആര്‍ക്കിടെക്റ്റ് പറയുന്നു.

jayan
 ഗസീബോയില്‍ നിന്നുള്ള കാഴ്ച

ആ രീതിയില്‍ പ്രകൃതിയോടിണങ്ങിയ ഒരു വീടാണിത്. കടല്‍ത്തീര ത്തെ വീട് എന്നനിലയില്‍ അന്തരീക്ഷത്തിലെ ലവണാംശത്തില്‍ ദ്രവിക്കാത്ത വസ്തുക്കള്‍ ഇതിനുവേണ്ടി ഉപയോഗിച്ചു. കാസ്റ്റ് അയേണ്‍, തേക്ക് മരം, ഗ്‌ളാസ്, നാച്വറല്‍ സ്റ്റോണ്‍, സെറാമിക് ടൈല്‍, അലൂമിനിയം എന്നിവയാണ് കൂടുതലായി ഉപയോഗിച്ച മെറ്റീരിയല്‍.

jayan

ആദ്യം കാഴ്ചയിലെത്തുന്നത് മരം പാകിയ പുറം മതിലും അതിനു നടുവിലായി വലിയ ഗേറ്റുമാണ്. മരത്തിനു പകരം വുഡന്‍ ഇഫക്ടിലുള്ള ടൈലും തുരുമ്പിക്കാതിരിക്കാനായി കാസ്റ്റ് അയേണ്‍ ഗേറ്റുമാണ് ഇവിടെ ഉപയോഗിച്ചത്.

13
ഷാരംപൂര്‍ ലൈറ്റുകള്‍ 

മുറ്റത്ത് നാച്വറല്‍ സ്റ്റോണ്‍ പാകിയ നടവഴിക്ക് ഇരുവശത്തുമായി ചെറിയ പുല്‍ത്തകിടി. അതിന് നടുക്കായി കാസ്റ്റ് അയേണില്‍ തീര്‍ത്ത ടീ ടേബിളും കസേരകളും. അകത്തുനിന്ന് കാണുന്ന മതില്‍ ചുവരില്‍ ഫെറോസിമന്റില്‍ തീര്‍ത്ത ചുമര്‍ ചിത്രം.

12
ഷാരംപൂര്‍ ലൈറ്റുകള്‍ 

വീടിനു മുന്നിലായി ഒരുക്കിയ ഫുഡ്കോര്‍ട്ടാണ് പ്രധാന കൗതുകം. മുഗള്‍ വാസ്തുകലയുടെ പ്രൗഢിയിലാണിത് പണിതത്. അതിന്റെ മുന്‍തൂണുകള്‍ ഡിസൈന്‍ഡ് ടൈലും മരവും ചേര്‍ത്താണ് അലങ്കരിച്ചിരിക്കുന്നത്. റൂഫിന് ചേര്‍ന്ന സൈഡ് ഭാഗം മരവും ഫ്‌ളോറ കളര്‍ ഗ്ലാസ്സും ചേര്‍ത്ത് മോടികൂട്ടുന്നു. പഴക്കം ചെന്ന പഴയ മരത്തിലാണ് സൈഡ് പാനല്‍ ഒരുക്കിയത്. 

ഈ ഫുഡ് കോര്‍ട്ടിന് മുകളിലാണ് ഗസീബോ. മുകളിലേക്കുള്ള ഗോവണി പഴയ തേക്കു മരത്തിലാണ് തീര്‍ത്തത്. അതുകൊണ്ടുതന്നെ കാറ്റും മഴയും അവ അതിജീവിക്കുന്നു. ഗസീബോ മലേഷ്യയില്‍നിന്നും ഇറക്കുമതി ചെയ്ത തെങ്ങില്‍ തീര്‍ത്ത മേല്‍ക്കൂരയോടുകൂടിയതാണ്. ഗസീബയുടെ ഫ്‌ളോര്‍ ഫൈബര്‍ ഷീറ്റാണ്. ചെറിയ പാര്‍ട്ടി നടത്താന്‍ ഇവിടം 9ധാരാളമാണ്.
 
വീടിനു മുന്നിലെ പ്രധാന അലങ്കാരം മൂന്നുവിളക്കുകള്‍ ചേര്‍ന്ന പില്ലറാണ്. വീടിന്റെ ചുവരുകള്‍ പെയിന്റിനുപകരം നാച്വറല്‍ സ്റ്റോണ്‍ ക്ലാഡിങ് ഉപയോഗിച്ചാണ് അലങ്കരിച്ചിരിക്കുന്നത്. അത് ഏറെക്കാലം നിലനില്‍ക്കും. സിറ്റ്ഔട്ടിലേക്കുള്ള ചവിട്ടുപടിയില്‍ റഫ് ഗ്രാനൈറ്റ് പാകിയിട്ടുണ്ട്. അലൂമിനിയം പാനല്‍ ഘടിപ്പിച്ച ഗ്ലാസ് ഡോര്‍ കടന്നാല്‍ സിറ്റ്ഔട്ടില്‍ എത്താം. ഡിസൈന്‍ഡ് ടൈലും ലൈറ്റ് കളര്‍ ടൈലും ചേര്‍ത്ത് ഫ്‌ളോര്‍ എലഗന്റ് ലുക്ക് നല്‍കുന്നു. നാച്വറല്‍ സ്റ്റോണ്‍ പതിച്ച ചുവരിനു താഴെ തോണി രൂപത്തില്‍ തീര്‍ത്ത ടേബിളുണ്ട്. ഇന്‍ഡൊനീഷ്യയില്‍നിന്ന് ഇറക്കിയ ആന്റിക് ഫര്‍ണീച്ചറുകളാണ് സിറ്റ്ഔട്ടിന്റെ ആഡംബരം. ഡേ ആന്‍ഡ് നൈറ്റ് ഇഫക്ടില്‍ തിളങ്ങുന്ന ഗാസിയാബാദ് ഷാരംപുര്‍ ലൈറ്റുകളാണ് ഇവിടെ പ്രധാന അലങ്കാരം.

വെര്‍ട്ടിക്കല്‍ കര്‍ട്ടന്‍കൊണ്ട് മറച്ച മറ്റൊരു ചില്ലുവാതില്‍ തുറന്നാല്‍ ഫാമിലി ലിവിങ് റൂമിലെത്താം. അകത്തു കടന്നാല്‍ ചുവരില്‍ ബ്രാസ് ഇഫക്ടില്‍ ഫെറോ സിമന്റില്‍ തീര്‍ത്ത റിലീഫാണ് ആദ്യം കണ്ണില്‍പ്പെടുക. അതിനു താഴെ ചുവപ്പ് വെല്‍വെറ്റ് പതിച്ച മലേഷ്യന്‍ ഫര്‍ണിച്ചര്‍. അതിന് നേരെ മുന്നിലെ ചുവരില്‍ വലിയൊരു ആള്‍ക്കണ്ണാടിയുണ്ട്. മുറിയുടെ വ്യാപ്തി തോന്നിപ്പിക്കുന്ന ഇന്റീരിയല്‍ പ്രോപ്പര്‍ട്ടിയാണ് ആ കണ്ണാടി. മരത്തിന്റെ കോര്‍ണര്‍ സ്റ്റാന്‍ഡും എല്‍.ഇ.ഡി. ടിവിയുമാണ് ആ മുറിയിലെ മറ്റ് പ്രോപ്പര്‍ട്ടികള്‍. ചുവപ്പും പച്ചയും നിറമുള്ള ഷാരംപുര്‍ ആന്റിക് ലൈറ്റുകള്‍ ചേര്‍ന്ന ഹാങ്ങിങ് സെറ്റാണ് മുകള്‍ ഭിത്തിയിലെ പ്രധാന ആകര്‍ഷണം. വിലകൂടിയ കാര്‍പ്പറ്റ് ടൈലും വിലകുറഞ്ഞ ഓഡിനറി ഡിസൈന്‍ ടൈലും ചേര്‍ത്താണ് ഫ്‌ളോര്‍ സെറ്റ് ചെയ്തത്. അത് മുറിക്ക് ക്ലാസിക്ക് ലുക്ക് സമ്മാനിക്കുന്നു.

11
ഓപ്പണ്‍ ബാത്ത് ഷവര്‍ 

ലിവിങ് ഏരിയയില്‍നിന്ന് നേരെ കടന്നാല്‍ പാന്‍ട്രിയില്‍ എത്താം. മോഡുലര്‍ കിച്ചന്‍, ഇലക്ട്രിക് അവന്‍, വാട്ടര്‍ പ്യൂരിഫയര്‍, മിക്‌സി, ഫ്രിഡ്ജ് എന്നിവ ചേര്‍ന്നതാണ് കിച്ചന്‍. സാധനങ്ങള്‍ സൂക്ഷിക്കാന്‍ മരത്തില്‍ തീര്‍ത്ത സൈഡ് ബോഡുകളുണ്ട്. മാര്‍ബിളാണ് കിച്ചന്‍ ടേബിള്‍ ടോപ്പ്. അതിനടുത്ത് രണ്ട് റോളിങ് ചെയറുകളുണ്ട്. കിച്ചണിന്റെ മുകളിലെ ഇന്‍ഡൊനീഷ്യന്‍ വുഡന്‍ പാര്‍ട്ടീഷ്യനാണ് ഇതിന്റെ പ്രധാന അലങ്കാരം.

10

ലിവിങ് ഹാളില്‍നിന്ന് നാലു പടികളുള്ള ചെറിയ ഗോവണി കയറിയാല്‍ മുകളിലെ ബെഡ്റൂമിലെത്താം. ഈ ഗോവണിയുടെ അടിഭാഗത്ത് ചെറിയ ഷോക്കേസ് സെറ്റ് ചെയ്തിരിക്കുന്നു. ഈ ബെഡ് റൂമിലെ ചില്ലുവാതിലിലൂടെ കടല്‍ കാണാം. ബെഡ്റൂമിനടുത്തുള്ള വാതില്‍ തുറന്ന് കടന്നാല്‍ വലിയ ബാത്ത്ടബ് ഏരിയയില്‍ എത്താം. കടല്‍ കണ്ട്, അതില്‍കിടന്ന് കുളിക്കാം.

8

ആ മുറിയില്‍നിന്ന് താഴോട്ട് ഇറങ്ങിയാല്‍ മറ്റൊരു ബെഡ്റൂമിലെത്താം. കസ്റ്റമൈസ്ഡ് ബെഡും വാര്‍ഡ്രോബുമാണ് മുറിയില്‍ സെറ്റ് ചെയ്തത്. ബെഡില്‍ കിടന്നാല്‍ ആര്‍ത്തിരമ്പുന്ന തിരമാലകള്‍ കാണാം. ചില്ലുവാതില്‍ തുറന്നിട്ടാല്‍ കടല്‍ക്കാറ്റുകൊണ്ട്, കടല്‍ കണ്ട് കിടക്കാം.

7
വീടിന്റെ മുറ്റം

വീടിന് ഫ്രഞ്ച് കൊളോണിയല്‍ സ്‌റ്റൈല്‍ കൊടുക്കുന്നത് വീടിന്റെ എക്സ്റ്റീരിയലാണ്. ചരിച്ചുവാര്‍ത്ത റൂഫില്‍ നിറംമങ്ങാത്ത പോര്‍ച്ചുഗീസ് കളര്‍ടൈല്‍ പാകിയിട്ടുണ്ട്. മുകളിലെ വാട്ടര്‍ ടാങ്ക്, പുകക്കുഴലാക്കി മാറ്റി. അലങ്കാരങ്ങളില്‍ ഫെറോ സിമന്റ് വര്‍ക്കുകള്‍ വീടിന്റെ ടോട്ടല്‍ ലുക്ക് മാറ്റിമറിക്കുന്നു.

6
ബാത്ത് ടബ്ബ് 

ഡിസൈന്‍, യൂട്ടിലിറ്റി, ഐഡന്റിറ്റി എന്നീ ഘടകങ്ങള്‍ കോര്‍ത്തിണക്കിയ ഡ്രീം ഹൗസാണിത്. ധൂര്‍ത്തടിക്കുന്ന കോടികളല്ല മനം മയക്കുന്ന മറ്റ് ഘടകങ്ങളാണ് ഒരു വീടിന്റെ മാറ്റ് കൂട്ടുന്നതെന്ന് ഈ വീട് നമ്മളെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കും.

5
 മാസ്റ്റര്‍ ബെഡ് റൂം

വീട് ധൂര്‍ത്താകരുത്! ഇന്നത്തെ അണുകുടുംബത്തിന് 3000 ചതുരശ്ര അടിയില്‍ കൂടുതല്‍ വീട് അനാവശ്യമാണ്. കോടികള്‍ വാരി എറിയാതെ നമ്മുടെ പൈതൃകത്തെ നിലനിര്‍ത്തുന്ന ഈടുറ്റതും രസകരവുമായ വീടാണ് എന്റെ സ്വപ്‌നം. അതുകൊണ്ടുതന്നെ നമ്മളെ പെട്ടെന്ന് മടുപ്പിക്കുന്ന കണ്ടംപററി ഗണത്തിലുള്ള വീടുകള്‍ ഞാന്‍ നിര്‍മിക്കാറില്ല. കാലത്തെ അതിജീവിക്കുന്ന, നമ്മുടെ പ്രകൃതിയോടിണങ്ങുന്ന വീടുകളാണ് എനിക്ക് പ്രിയം.

jayan bilathikkulam
 ജയന്‍ ബിലാത്തിക്കുളം 

ഇത് എനിക്കൊരു ജോലിയല്ല, പാഷനാണ്. അതിന്റെ നേരുംനെറിയും ഞാന്‍ സൂക്ഷിക്കാറുണ്ട്. പഴയ മരവും കല്ലും ഇരുമ്പും ഗ്ലാസ്സും എങ്ങനെ മനോഹരമായി പുനരവതരിപ്പിക്കാം എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ഷോക്കേസുകളല്ല കയറിക്കിടക്കാന്‍ തോന്നുന്ന വീടുകള്‍..... അതായിരിക്കണം നമ്മുടെ ഗൃഹസങ്കല്പം.

4
പാന്‍ട്രിയുടെ മുന്‍വശം

 

3
കിച്ചണ്‍

 

2
ഷാരംപൂര്‍ ലൈറ്റുകള്‍ 
2
ലിവീങ് റൂം

 2017 നവംബര്‍ ലക്കം സ്റ്റാര്‍  ആന്റ് സ്‌റ്റൈലില്‍ പ്രസിദ്ധീകരിച്ചത്  സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ വാങ്ങിക്കാം