സ്വന്തമായി അധ്വാനിച്ചുണ്ടാക്കി വീട് കെട്ടിപ്പൊക്കുന്നതിന്റെ സന്തോഷം ഒന്നു വേറെ തന്നെയാണ്. ആഗ്രഹങ്ങൾ ഒരുപാടുണ്ടെങ്കിലും കഷ്ടപ്പാട് കാരണം അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പോലും അന്യമായിട്ടുള്ളവരുണ്ട്. അത്തരത്തിലൊരാളായിരുന്നു കോഴിക്കോട് സ്വദേശിയായ ജയേഷും. ചോര്‍ന്നൊലിക്കുന്ന ഓലപ്പുരയില്‍, മണ്ണെണ്ണ വെളിച്ചത്തിലിരുന്നു പഠിച്ച കുട്ടിക്കാലമാണ് ജയേഷിന്റെ വീട് എന്ന സ്വപ്നത്തിന് ആക്കം കൂട്ടിയത്. ഒടുവില്‍ ഐസ്ആര്‍ഒയില്‍ ജോലി കിട്ടിയതോടെ നാല്പതു ലക്ഷം രൂപയ്ക്ക് ജയേഷിന്റെ നിര്‍മാല്യം എന്ന സ്വപ്നഗൃഹം സഫലമായി. സ്വന്തമായി ഡിസൈന്‍ ചെയ്തതാണെന്ന പ്രത്യേകതയും ഈ വീടിനുണ്ട്. ജയേഷിന്റെ വാക്കുകളിലേക്ക്...
ഓലപ്പുരയില്‍ നിന്ന് ഇരുനില വീട്ടിലേക്ക്
ചോര്‍ന്നൊലിക്കുന്ന ഒരോലപ്പുരയില്‍, മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു. ഓരോ ഇടവപ്പാതിയും, കൊല്ലവര്‍ഷവും വീട്ടിനുള്ളിലേക്ക് തുള്ളിക്കൊരുകുടം കണക്കിന് വെള്ളം കോരിയൊഴിച്ചു കൊണ്ട് കടന്നുപോയപ്പോള്‍, സ്കൂള്‍ പുസ്തകങ്ങള്‍ മഴയത്തു നനയാതിരിക്കാന്‍ പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി സൂക്ഷിക്കേണ്ടി വന്നു. മഴക്ക് കൂട്ടായെത്തുന്ന കാറ്റ് പഴയ സാരിത്തുമ്പ് വലിച്ചു കെട്ടിയ ജനാലയുടെ വിടവിലൂടെ ഒളിച്ചു കടന്ന്, മുനിഞ്ഞു കത്തുന്ന മണ്ണെണ്ണ വിളക്കിനെ വീണ്ടും വീണ്ടും കെടുത്തുന്നതില്‍ ഹരം കണ്ടെത്തി. അടച്ചുറപ്പുള്ള ഒരു വീട് നല്കുന്ന സുരക്ഷിതത്വം അന്നേ കൊതിച്ചതാണ്. വര്‍ഷങ്ങളായി അത് മനസ്സില്‍ കൊണ്ട് നടക്കുകയായിരുന്നു. അന്ന് കണ്ട സ്വപ്നം, എന്റെ സ്വന്തം വീട് എന്ന സ്വപ്നം ഇന്ന് യാഥാര്‍ഥ്യമായിരിക്കുകയാണ്. ആദ്യ ജോലി കിട്ടി ഹൈദരാബാദില്‍ ചെന്നെത്തിയപ്പോഴാണ് വീടെന്ന സ്വപ്നത്തിനു ചിറകുകള് വെക്കാന്‍ തുടങ്ങിയത്. രണ്ടു മുറിയുള്ള ഒരു നില വീട്, അതായിരുന്നു മനസ്സില്‍. പിന്നീട് ഐസ്ആര്‍ഒയില്‍ ജോലി കിട്ടി ബാംഗ്ലൂര്‍ക്ക് വണ്ടി കയറി. കൈയില്‍ അല്‍പ്പം കാശായതോടെ നാട്ടില്‍ റോഡ് സൈഡില്‍ കുറച്ചു സ്ഥലം വാങ്ങിച്ചു. കിണറും കുഴിച്ചു. അടുത്ത വര്‍ഷം തിരുവനന്തപുരത്തേക്ക് ട്രാന്‍സ്ഫര്‍ കിട്ടി. അതോടൊപ്പം തന്നെ ഒരു നില വീട് എന്ന പ്ലാന്‍ രണ്ടു നിലയിലേക്ക് വളര്‍ന്ന് പന്തലിച്ചു. ബഡ്ജറ്റ് കുറക്കാന്‍ ലക്ഷ്യമിട്ടാണ് വീട് സ്വന്തമായി ഡിസൈന്‍ ചെയ്തു നിര്‍മിക്കാം എന്ന് കരുതിയത്.
അച്ഛന്റെ സഹായം, സ്വന്തം ഡിസൈന്‍
അച്ഛന് ഒരു കണ്‍സ്ട്രക്ഷന്‍ വര്‍ക്കര്‍ ആയതിനാല്‍ അളവുകള്‍ക്കും മറ്റു ടെക്നിക്കല്‍ ഡീറ്റെയില്‍സിനും അച്ഛന്റെ സഹായമുണ്ടായിരുന്നു. മാത്രവുമല്ല പണിക്കാര്‍ക്കായി അലഞ്ഞു തിരിയേണ്ട ആവശ്യവും വന്നിട്ടില്ല. ഫൗണ്ടേഷന് മുതല്‍ ഫിനിഷിങ് വരെ എല്ലാത്തിനും അച്ഛന്റെ സുഹൃത്തുക്കളും പരിചയക്കാരും ഉണ്ടായിരുന്നു. ആ ഒരു ധൈര്യമാണ് സ്വന്തമായി വീട് ഡിസൈന്‍ ചെയ്തു നിര്‍മിക്കാം എന്ന തീരുമാനത്തിലേക്കെത്തിച്ചത്. പ്ലാന്‍ വരയ്ക്കാനായി ഓണ്‍ലൈനില്‍ ലഭ്യമായ ഡ്രോയിങ് സോഫ്ട്വെയറുകള് ഉപയോഗപ്പെടുത്തി. കൂടാതെ ഓട്ടോ-കാഡ് ചെറുതായി പഠിക്കുകയും ചെയ്തു. വീടിന്റെ പ്ലാന്‍ വരക്കല്‍ മുതല്‍ വീട്, പണി പൂര്‍ത്തിയായാല്‍ എങ്ങനെയിരിക്കും എന്ന് വിഷ്വലൈസ് ചെയ്യാന്‍ വരെയുള്ള ടൂളുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. പഞ്ചായത്തില്‍ പെര്മിഷന് എടുക്കാനുള്ള ഡ്രോയിങ് മാത്രം ഒരു ആര്‍ക്കിടെക്ടിനെ കൊണ്ട് വരപ്പിച്ചു. ചെങ്കല്‍പ്രദേശമായതിനാല്‍ ഫൗണ്ടേഷന് പണിയാന്‍ പൈലിങ്ങിന്റെയോ, ബെല്‍റ്റ് വാര്‍ക്കേണ്ടതോ ആയ ആവശ്യം വന്നില്ല. കരിങ്കല്ല് കൊണ്ടാണ് ഫൗണ്ടേഷന് പണിതത്. കിണറു കുഴിക്കുമ്പോള്‍ പൊട്ടിച്ചെടുത്ത പാറക്കഷണങ്ങള്‍ മാത്രമാണ് ഇതിനുപയോഗിച്ചത്. വീടിന്റെ ചുറ്റുമതിലിന്റെ ഒരു വശം പണിയാനും ഇതുപയോഗിച്ചു. അങ്ങനെ വലിയൊരളവില്‍ കോസ്റ്റ് കട്ടിങ് ഇവിടെ സാധ്യമായി.
സ്വപ്നത്തിലേക്ക് അടുക്കുന്നു...
ചുമര് കെട്ടാനായി ചെങ്കല്ലാണ് ഉപയോഗിച്ചിരിക്കുന്നത്. മിനിമലിസ്റ്റിക് ശൈലിയില്‍ ഫ്ലാറ്റ് ആയിട്ടാണ് റൂഫ് പണിതിരിക്കുന്നത്. ബാല്‍ക്കണി റൂഫില്‍ പര്‍ഗോളകള്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍ തന്നെ കണ്‍സീല്‍ഡ് എല്‍.ഇ.ഡി ലൈറ്റുകള്‍ക്കുള്ള ഇലക്ട്രിക്ക് പോയിന്റുകളും ബോക്സും ഇട്ടു വച്ചിരുന്നു. അങ്ങനെ ഫാള്‍സ് സീലിങ് ഇല്ലാതെ തന്നെ സീലിങ് ലൈറ്റ്സ് ഫിറ്റ് ചെയ്യാന്‍ സാധിച്ചു. രണ്ടു റൂമുകളിലാണ് അറ്റാച്ചഡ് ബാത്റൂമുകള്‍ നല്‍കിയിട്ടുള്ളത്. ബാത്റൂമിനെ വെറ്റ് / ഡ്രൈ ഏരിയകളായി തിരിച്ചാണ് സാനിറ്ററി ഐറ്റംസ് പ്ലേസ് ചെയ്തിട്ടുള്ളത്. കണ്‍സീല്‍ഡ് ക്ലോസറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരുനിലകളിലുമുള്ള ബാത്റൂമുകള്‍ വീടിന്റെ ഒരേ ഭാഗത്തു വരുന്നതിനാല്‍, പ്ലംബിങ് ലൈനുകളുടെ ദൈര്‍ഘ്യം കുറക്കാന്‍ സഹായകമായി. രണ്ടു ബാത്റൂമുകളിലേക്കായി ഒരു ഹീറ്റര്‍ യൂണിറ്റ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. മുകളിലെ നിലയില്‍ സ്ഥാപിച്ച ഹീറ്ററില്‍ നിന്ന് താഴത്തെ ബാത്റൂമിലേക്ക് ഹോട്ട് ലൈനുകള്‍ ഇട്ടിട്ടുണ്ട്. രണ്ടു ബാത്റൂമില്‍ നിന്നും ഓണ്‍ ചെയ്യാവുന്ന രീതിയിലാണ് ഹീറ്റര്‍ പവര്‍ സ്വിച്ച് ക്രമീകരിച്ചിട്ടുള്ളത് വിട്രിഫൈഡ് ടയിലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. എളുപ്പം ലഭ്യമാകുന്ന, എന്നാല്‍ എലഗന്റ് ലുക്ക് നല്കുന്ന ഐവറി കളറാണ് തിരഞ്ഞെടുത്തത്. അടുക്കളയില്‍ മാറ്റ് ഫിനിഷുള്ള ടയിലും. ഓപ്പണ്‍ ടെറസിലും മാറ്റ് ഫിനിഷ് ടയിലുകള്‍ ഉപയോഗിച്ചു. സ്റ്റെയറിന് ബ്ലാക്ക് ഫുള്‍ ബോഡി ടയില്‍ ഉപയോഗിച്ചു. ഓഫ് വൈറ്റ് , ഗ്രേ എന്നീ രണ്ടു നിറങ്ങള്‍ മാത്രമേ പെയിന്റിങ്ങിന് ഉപയോഗിച്ചിട്ടുള്ളൂ. പാരപ്പെറ്റിനും ഷേഡിനുമാണ് ഗ്രേ കൂടുതലായി ഉപയോഗിച്ചത്. മറ്റിടങ്ങളെല്ലാം ഓഫ് വൈറ്റ് ആണ്.
ചെലവ് കുറയ്ക്കാന്‍ ചെയ്തത്
വീടുനിര്‍മ്മാണത്തിനു മരത്തിന്റെ ഉപയോഗം പരമാവധി കുറക്കുക എന്നത് തുടക്കം മുതലേ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ കഴിയാവുന്നിടത്തോളം മരത്തിനു പകരം ഇതര മാര്‍ഗങ്ങള്‍ അവലംബിച്ചു. ജനലിന്റെയും വാതിലിന്റെയും കട്ടിള സ്ക്വയര്‍ ഏക പൈപ്പുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇരുമ്പു പൈപ്പുകള്‍ മൊത്തത്തില്‍ വാങ്ങിച്ചു വീട്ടില്‍ത്തന്നെ വെല്‍ഡ് ചെയ്താണുണ്ടാക്കി. അലുമിനിയവും ഗ്ലാസ്സും ഉപയോഗിച്ചാണ് ജനല്‍പ്പാളികകള്‍ നിര്‍മിച്ചത്. വാതിലുകള്‍ക്കായി മോള്‍ഡഡ് പാനല്‍ ഡോറുകള്‍ വാങ്ങിച്ചു. മരം വാങ്ങുന്നവകയില്‍ ഒരു നല്ല തുക അങ്ങനെ കയ്യില്‍ത്തന്നെ ഇരുന്നു. പരമാവധി ക്രോസ് വെന്റിലേഷന് ലഭിക്കുന്ന രീതിയിലാണ് ജനലും വാതിലും നല്‍കിയിട്ടുള്ളത്. ഹാളിലെ ചൂടുവായു പുറത്തുപോകാനായി സ്റ്റെയറിനു മുകളിലുള്ള ജനലിന്റെ ഒരു ഭാഗത്തു ജനല്‍പ്പാളി നല്‍കാതെ പകരം വീതികുറഞ്ഞ ഏക പൈപ്പുകള്‍ ആവശ്യത്തിന് വിടവിട്ടു ചരിച്ചു വെല്‍ഡ് ചെയ്തു. മോഡുലാര്‍ കിച്ചന് ചെയ്യണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പക്ഷേ അവസാനമാകുമ്പോഴേക്കും ബഡ്ജറ്റ് ബാക്കിയുണ്ടാകുമോ എന്നായിരുന്നു സംശയം, ബഡ്ജറ്റ് ചെറുതായിട്ട് കൈവിട്ടു പോയെങ്കിലും ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യാനുള്ള ഫണ്ട് ബാക്കിയുണ്ടായിരുന്നു. മറൈന്‍ പ്ലൈയും മൈക്കയും ആണ് കിച്ചണില്‍ യൂസ് ചെയ്തത്. നാനോ വൈറ്റ് നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും മെറ്റീരിയല്‍ കോസ്റ്റ് കൂടുതല്‍ ആയതിനാല്‍ ഗ്രാനൈറ്റ് ആണ് കിച്ചന് ടോപ്പ് ആയി യൂസ് ചെയ്തത്. ബെഡ് റൂമുകളിലെ കട്ടില്, വാര്‍ഡ്രോബ്, ഡ്രസിങ് ടേബിള്‍ എന്നിവ മറൈന്‍ പ്ലൈയും വെനീറും ഉപയോഗിച്ചാണ് നിര്‍മിച്ചത്. കട്ടിലിനുള്ളില്‍ സ്റ്റോറേജ് സ്പേസ് നല്കി. പ്ലൈ ഉപയോഗിച്ചുണ്ടാക്കിയ വാഷ് കൗണ്ടറുകളില്‍ ഗ്രാനൈറ്റ് ടോപ്പിങ്ങാണ് നല്‍കിയത്.
ടിവി വാള്, ഷോക്കേസ് മുതലായവയും മറൈന്‍ പ്ലൈ ഉപയോഗിച്ചാണ് ചെയ്തത്. സ്റ്റെയര്‍കേസിന്റ്റെ ഹാന്‍ഡ്റെയിലിനു സ്ക്വയര്‍ സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ചു. ബാല്‍ക്കണിയിലെ പര്‍ഗോള കവര്‍ ചെയ്യാന്‍ ഗ്ലാസിന് പകരം കളേഡ് പോളികാര്‍ബണേറ്റ് ഉപയോഗിച്ചത് ബഡ്ജറ്റ് സേവ് ചെയ്തു. ഇലക്ട്രിക്ക് ഫിറ്റിങ്ങുകളും വീട്ടുപകരണങ്ങളും മിക്കതും ഓണ്‍ലൈനിലാണ് വാങ്ങിച്ചത്. പല പ്രോഡക്റ്റുകളും വില കമ്പയര്‍ ചെയ്തും ഓഫറുകളും വിലക്കുറവും വരുമ്പോഴും വാങ്ങിച്ചു വെക്കാനും ഇത് മൂലം സാധിച്ചു. റെഡിമെയ്ഡ് കോണ്‍ക്രീറ്റ് ഷട്ടറുകള്‍ ഉപയോഗിച്ചാണ് ഒരു ഭാഗത്തെ കോമ്പൗണ്ട് വാള് ചെയ്തിരിക്കുന്നത്. മറു ഭാഗത്തു കിണറു കുഴിച്ചപ്പോള്‍ കിട്ടിയ കരിങ്കല്ലും ഉപയോഗിച്ചു. മുന്‍വശത്തെ മതിലിനു ചെങ്കല്ല് ഉപയോഗിച്ചു. ഗേറ്റ് ഏക സ്ക്വയര്‍ പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ചു. കാര്‍ പോര്‍ച്ചും വീടിന്റെ ചുറ്റുഭാഗവും സിമന്റ് ഇന്റര്‍ലോക്ക് ബ്രിക്സ് വിരിച്ചു. മുറ്റത്തു കല്ല് പാകാന്‍ നിന്നില്ല. മഴവെള്ളത്തെ മണ്ണിലേക്കിറങ്ങാന്‍ വിട്ടു. അങ്ങനെ ജീവിതത്തില്‍ ആകെ കണ്ട ഒരു സ്വപ്നം പൂര്‍ത്തിയായിരുന്നു. എന്റെ സ്വന്തം വീടെന്ന സ്വപ്നം. അതും സ്വന്തമായി ഡിസൈന്‍ ചെയ്തു നിര്‍മിക്കാന്‍ സാധിച്ചു എന്നത് ഇരട്ടി മധുരം തരുന്നു.
Project Details
Location: Kozhikode
Owner: Jayesh
Cost: 40 Lakhs
Area in Square Feet : 1950
Content Highlights: jayesh dream house kerala home designs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..