വീട് പണിയാന്‍ ആര്‍ക്കിടെക്റ്റ് വേണമെന്നില്ല. സ്വന്തം വീടിനെക്കുറിച്ച് നല്ല ഐഡിയയും നിരീക്ഷണപാടവവും ഉണ്ടെങ്കില്‍ സ്വയം ഒരു വീട് ഡിസൈന്‍ ചെയ്യാം. പക്ഷേ അതൊരു വെല്ലുവിളിയാണ്. ആ വെല്ലുവിളിയാണ് കണ്ണേട്ടന്‍ ഏറ്റെടുത്ത് നടപ്പാക്കിയത്.
പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരി- തൃപ്പാളൂര്‍ റോഡിലൂടെ പോകുമ്പോള്‍ എം.എന്‍.കെ.എം. ഹൈസ്‌ക്കൂളിന്റെ അടുത്തായി തെക്കുംപുറം ബസ് സ്റ്റോപ്പിന് സമീപത്താണ് ലിനേഷ് ഉണ്ണിക്കൃഷ്ണന്റെ(കണ്ണന്‍) ഈ വീട്. ഒറ്റനോട്ടത്തില്‍ തന്നെ എല്ലാവരും ഒന്ന് ശ്രദ്ധിക്കും. ജ്യോമട്രിക് ആകൃതിയിലാണ് വീടിന്റെ നില്‍പ്പ്. പലതരം ജ്യോമട്രിക് രൂപങ്ങള്‍ കൂട്ടിയൊട്ടിച്ച പോലെ.
റോഡില്‍ നിന്നും കുറച്ച് മാറിയാണ് വീടിന്റെ സ്ഥാനം. റോഡിനോട് ചേര്‍ന്ന് ഒരു ഇറിഗേഷന്‍ കനാല്‍ പോകുന്നുണ്ട്. അതിന് സമീപത്ത് ചുറ്റുമതിലിനോട് ചേര്‍ന്നാണ് വീട്ടിലേക്കുള്ള വഴി. അതുകൊണ്ട് ഗേറ്റ് കടക്കുമ്പോള്‍ തന്നെ വീടിന്റെ നല്ലൊരു വ്യൂ ലഭിക്കും.
ബ്ലാക്ക് ആന്‍ഡ് ആഷ് കളര്‍ ബ്രിക്‌സ് പാകിയ മുറ്റമാണ് വീടിന് ചുറ്റും. വടക്ക് കിഴക്ക് ദിശയിലാണ് വീടിന്റെ സ്ഥാനം. പതിനാറ് സെന്റില്‍ രണ്ടുനിലയിലായി 2150 സ്‌ക്വയര്‍ഫീറ്റിലാണ് വീട്. ജ്യോമട്രിക് ആകൃതിയില്‍ ചെരിച്ചു വാര്‍ത്ത് അതിനു മുകളില്‍ ബ്രൗണ്‍, ആഷ് കളറുകളില്‍ ഷിംഗിള്‍സ് വിരിക്കുകയാണ് ചെയ്തിരിക്കുന്നത്.
പുറത്തെ ചുവരുകളില്‍ മള്‍ട്ടി കളര്‍ സ്റ്റോണ്‍ ക്ലാഡിങ്ങാണ് ചെയ്തിരിക്കുന്നത്. വീട്ടിലേക്ക് കയറുമ്പോള്‍ ഇടതുവശത്ത് പിന്നിലേക്കായാണ് കാര്‍പാര്‍ക്കിങ് ഏരിയ. വീടിന് മുന്‍പില്‍ തന്നെ റൂഫ് ഇടാതിരിക്കാന്‍ ഇത് സഹായിച്ചു.
ഓപ്പണ്‍ സിറ്റ്ഔട്ടിലേക്കാണ് ആദ്യം കയറുക. ഇവിടെ നിന്നും ലിവിങ്ങിലേക്ക് കടക്കുമ്പോള്‍ വലതുവശത്താണ് പൂജാമുറി. സാധാരണയില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക മുറി ഒഴിവാക്കി തറനിരപ്പില്‍ നിന്നും അല്പം താഴെയായിട്ടാണ് പൂജാമുറിയുടെ സ്ഥാനം. മനോഹരമായ കൃഷ്ണ വിഗ്രഹമാണ് ഇവിടുത്തെ ഹൈലൈറ്റ്. ഈ സ്‌പേസിന്റെ നേരെ മുകളില്‍ ടെറസില്‍ ഗ്ലാസ് ഇട്ടിരിക്കുകയാണ്. അതിനാല്‍ തന്നെ സൂര്യപ്രകാശം നേരിട്ട് പൂജാമുറിയിലേക്ക് ലഭിക്കും.
ഇടതുവശത്താണ് ലിവിങ്. ഇവിടെ ഒരു വശത്തായി എല്‍ ഷേപ്പ് സോഫയാണുള്ളത്. ഒപ്പം ഒരു ചാരുകസേരയും മറ്റൊരു സെറ്റിയും ക്രമീകരിച്ചിട്ടുണ്ട്. ഇത് ലിനേഷിന്റെ കൂട്ടുകാരുടെ സമ്മാനമാണ്. ലിവിങ്ങിന്റെ മുകളില്‍ അര്‍ധഗോളാകൃതിയില്‍ ഫോള്‍സ് സീലിങ് ഡിസൈന്‍ ചെയ്ത് ക്ലാഡിങ് ചെയ്തിട്ടുണ്ട്. ഒപ്പം ബ്ലൂ, യെല്ലോ ലൈറ്റുകളും നല്‍കിയിട്ടുണ്ട്. പുറത്തേക്ക് വിശാലമായ കാഴ്ചയ്ക്ക് രണ്ട് വലിയ ജനാലകളുമുണ്ട്.
വീട്ടില്‍ എല്ലായിടത്തും പിങ്ക് പാരഡൈസ് ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഫ്‌ളോര്‍ ചെയ്തിരിക്കുന്നത്. കൂട്ടിച്ചേര്‍ക്കലുകള്‍ ഉള്ളതുപോലെ തോന്നാതിരിക്കാനും കണ്ട്യുന്യുവിറ്റി ലഭിക്കാനുമാണ് ഒറ്റനിറം തന്നെ ഫ്‌ളോറിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് ലിനേഷും കുടുംബവും പറയുന്നത്. വെെറ്റ്-ബ്ലൂ കോമ്പിനേഷനിലാണ് വീടിന്റെ എക്സ്റ്റീരിയറിലെ പെയ്ന്റിങ് ചെയ്തിരിക്കുന്നത്. ഉള്ളിലാകട്ടെ വെെറ്റ്- യെല്ലോ കോംബിനേഷനിലും.
ലിവിങ്ങിനോട് ചേര്‍ന്നാണ് ടി.വി. ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ ലിവിങ് റൂമിലെ സെറ്റിയുടെ അതേ മോഡലിലുള്‌ല സിംഗിള്‍ പീസ് ഇടംപിടിച്ചിരിക്കുന്നു. ഈ സെറ്റിയിലിരുന്ന് ടി.വി. കാണാം. ഇവിടെ തന്നെ പുറത്തേക്കുള്ള ഒരു വലിയ ഗ്ലാസ് ഡോര്‍ നല്‍കിയിട്ടുണ്ട്. പാളികളായുള്ള ഈ വാതില്‍ ആവശ്യത്തിന് അനുസരിച്ച് മുഴുവനായോ ഭാഗീകമായോ തുറക്കാം. വീടിനോട് ചേര്‍ന്നുള്ള സ്ഥലമെല്ലാം വീട്ടുകാരുടേത് തന്നെയാണ്. അങ്ങേയറ്റത്താണ് കുടുംബ വീട്. ഇവിടെ നിന്നും അങ്ങോട്ടും ഇങ്ങോട്ടും പോകാനുള്ള സൗകര്യത്തിനാണ് ഇവിടെ വാതില്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി നേരിട്ട് വീട്ടിലേക്ക് കയറാം.
ടി.വി. ഏരിയയുടെ എതിര്‍വശത്താണ് ഡൈനിങ്ങ് സെറ്റ് ചെയ്തിരിക്കുന്നത്. ഡെബിള്‍ ഹൈറ്റാണ് ഈ ഭാഗം. സ്റ്റെയര്‍കേസിന് താഴെയുള്ള സ്‌പേസ് ആണ് ഡൈനിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ആറ് പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിളാണ് ഇവിടെ. മഹാഗണിയുടെ ഫ്രെയിമില്‍ ഗ്ലാസിലാണ് ഡൈനിങ് ടേബിള്‍ തയ്യാറാക്കിയിരിക്കുന്നത്. തൊട്ടടുത്ത് തന്നെ വാഷ്‌ബേസിന്‍ സെറ്റ് ചെയ്തിരിക്കുന്നു.
ഡൈനിങ്ങിനോട് ചേര്‍ന്നാണ് അടുക്കള. അനാവശ്യമായ വലുപ്പമില്ലാതെ മിതമായ രീതിയിലാണ് എല്ലാ സൗകര്യങ്ങളുമുള്ള മോഡുലാര്‍ കിച്ചണ്‍ തയ്യാറാക്കിയിരിക്കുന്നത്. ആഷ്-വൈറ്റ് കോംബിനേഷനിലാണ് കിച്ചണ്‍ കബോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്. സിംപിള്‍ ലുക്കിലുള്ളതാണ് വോള്‍ ടൈലുകള്‍. കിച്ചണില്‍ നിന്ന് വര്‍ക്ക് ഏരിയയിലേക്കും അവിടെ നിന്നും പുറത്തേക്കും കടക്കാം.
ഒരു മാസ്റ്റര്‍ ബെഡ്‌റൂം അടക്കം മൂന്ന് ബെഡ്‌റൂമുകളാണ് വീട്ടിലുള്ളത്. അറ്റാച്ചഡ് ബാത്ത്‌റൂമും ആഷ് കളറിലുള്ള വാഡ്രോബും മുറികളിലുണ്ട്. വീട്ടില്‍ ജനാലകള്‍, വാതിലുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം പുരയിടത്തില്‍ തന്നെ ഉണ്ടായിരുന്ന തേക്ക് മരമാണ് ഉപയോഗിച്ചിരിക്കുന്നത്.
സ്റ്റീലും തേക്ക് തടിയും ഉപയോഗിച്ചാണ് സ്റ്റെയര്‍കേസ് നിര്‍മ്മിച്ചിരിക്കുന്നത്. മഹാഗണി കളറിന്റെ ഫിനിഷിങും നല്‍കിയിരിക്കുന്നു. സ്റ്റെയര്‍കേസ് കയറി എത്തുന്നത് വിശാലമായ ഒരു ഏരിയയിലേക്കാണ്. ഇവിടെ നിന്നും ബെഡ്‌റൂമിലേക്കും ബാല്‍ക്കണിയിലേക്കും ഓപ്പണ്‍ ടെറസ്സിലേക്കും കടക്കാം. ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നാല്‍ നേരെ കാണുന്നത് വിശാലമായ ഒരു ഏരിയയാണ്. ഇവിടെ മുകളില്‍ ഗ്ലാസ് പര്‍ഗോള നല്‍കിയിട്ടുണ്ട്. ഇരിക്കാനായി നല്ലൊരു വുഡന്‍ ഊഞ്ഞാലുമുണ്ട്. വീടും പരിസരവും റോഡും എല്ലാം ചേര്‍ന്നുള്ള വിശാലമായ ഒരു വ്യൂ ഇവിടെ നിന്നും ലഭിക്കും.
വീട് സ്വയം ഡിസൈന്‍ ചെയ്തപ്പോള്‍
ഒന്നര വര്‍ഷത്തോളം സമയമെടുത്ത് 2019 ഡിസംബര്‍ അവസാനമാണ് വീട് പണി പൂര്‍ത്തിയായത്. വീട് പണിയുന്നതിന് മുന്‍പ് വീടുകളുടെ ഡിസൈനുകളെക്കുറിച്ച് കുറേയധികം വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെന്ന് ലിനേഷ് പറയുന്നു. സ്വന്തം ഐഡിയയിലാണ് വീടിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. പറഞ്ഞ പ്ലാനില്‍ വാസ്തു ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കരിപ്പോട് സ്വദേശി സുനില്‍ ആണ് പ്ലാന്‍ വരച്ചത്. തേങ്കുറിശ്ശിയിലെ ഉണ്ണിയുടേതാണ് ഇന്റീരിയര്‍. വീടിന്റെ ഓരോ മുക്കും മൂലയും എങ്ങനെയിരിക്കണമെന്ന് മനസ്സിലൊരു ഐഡിയയുണ്ടായിരുന്നു. അതിന് അനുസരിച്ച് ഒരുക്കാന്‍ സാധിച്ചുവെന്ന സന്തോഷമുണ്ട്.- ലിനേഷ് പറയുന്നു.

ഉണ്ണിക്കൃഷ്ണന്റെയും പ്രേമകുമാരിയുടെയും മകനാണ് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷനിസ്റ്റായ ലിനേഷ്. ഭാര്യ നിമിത ഫാര്‍മസിസ്റ്റാണ്. ഏകമകന്‍ അനിരുദ്ധ് കൃഷ്ണ നാലാം ക്ലാസില്‍ പഠിക്കുന്നു. വീടിന് ചുറ്റും ചെടികള്‍ വെച്ചുപിടിപ്പിച്ച് ലാന്‍ഡ്‌സ്‌കേപ്പിങ് മനോഹരമാക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഈ കുടുംബം.
Project Details
Owner: Linesh Unnikrishnan, Nimitha
Location: Chittilanchery, Palakkad
Plot Area: 16 Cent
Area of the House: 2150 Square Feet
Designer: Linesh Unnikrishnan (House Owner)
Content Highlights: How to design a home without an architect see a luxury home at Palakkad Chittilanchery, Home Plan, My Home