1.9 സെന്റ് സ്ഥലത്ത് ആരുടെയും മനം കുളിര്‍പ്പിക്കുന്ന ഒരു മണ്‍വീട്. സ്ഥലപരിമിതി ഉണ്ടായിട്ടും അത് തെല്ലും ഏശാതെ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു പ്രകൃതിദത്ത വീട് വേണമെന്നായിരുന്നു അടൂർ സ്വദേശിയും കൃഷി വകുപ്പിൽ ജോലി ചെയ്യുന്ന ബി. ഷിഹാബുദ്ദീന്റെ ആഗ്രഹം. അടൂര്‍-കായംകുളം റോഡില്‍ പഴംകുളം എന്ന സ്ഥലത്തുനിര്‍മിച്ച വീട് പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. ഡിസൈനറായ അഖില്‍ കെ.ആര്‍. ആണ് വീട് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഷിബാഹുദ്ദീന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പ്രകൃതിയെ അധികം മുറിവേല്‍പ്പിക്കാതെയാണ് വീടിന്റെ നിര്‍മാണം. ഇന്റര്‍ലോക്കിന്റെ മഡ് ബ്ലോക്കാണ് വീടിന്റെ മുഴുവന്‍ നിര്‍മാണത്തിനും ഉപയോഗിച്ചിരിക്കുന്നത്. ഒരു വര്‍ഷമാണ് വീടിന്റെ മുഴുവന്‍ നിര്‍മാണത്തിനുവേണ്ടി എടുത്തത്.

Living Room

1394 സ്‌ക്വയര്‍ഫീറ്റാണ് വീടിന്റെ ആകെ വിസ്തീര്‍ണം. സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ് റൂം, രണ്ട് ബെഡ് റൂമുകള്‍, ഒരു കോമണ്‍ ടോയ്‌ലറ്റ്. സിംഗിള്‍ കിച്ചണ്‍ എന്നിവയാണ് ഗ്രൗണ്ട് ഫ്‌ളോറിലുള്ളത്. രണ്ട് ബെഡ്‌റൂമുകള്‍ ഒരു കോമണ്‍ ടോയിലറ്റ്, ലിവിങ് ഏരിയ കൂടാതെ അപ്പര്‍ ലിവ്ങ് ഏരിയ എന്നിവയാണ് ഫസ്റ്റ് ഫ്‌ളോറിലുള്ളത്. ഭാരം കുറയ്ക്കുന്നതിന് ട്രസ് റൂഫ് ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 

തെങ്ങുകൊണ്ട് നിര്‍മിച്ച ഗോവണി

സി- ഷേപ്പിലുള്ള വുഡന്‍ സ്റ്റെയറാണ് ഗ്രൗണ്ട ഫ്ളോറിൽനിന്ന് നല്‍കിയിരിക്കുന്നത്. തെങ്ങുകൊണ്ടാണ് സ്റ്റെയര്‍ നിര്‍മിച്ചിരിക്കുന്നത്. കരുനാഗപ്പള്ളി മേഖലയില്‍നിന്ന് ശേഖരിച്ച തെങ്ങാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കടല്‍ത്തീരത്തോട് ചേര്‍ന്ന മേഖലയായതിനാല്‍ ഉപ്പിന്റെ അംശം തടിയിലുണ്ടാകും. അതിനാല്‍ ചിതല്‍ ആക്രമണത്തില്‍നിന്ന് തടി സംരക്ഷിക്കപ്പെടും. ഏകദേശം 30 വര്‍ഷം പഴക്കമുള്ള തെങ്ങിന്റെ താഴെ നിന്ന് പകുതി വരെയുള്ള ഭാഗമാണ് സ്റ്റെയര്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്റര്‍ലോക്ക് കൊണ്ട് നിര്‍മിച്ച വീടായതിനാല്‍ സ്‌റ്റെയറിന്റെ ഭാരവും ചെലവും കുറയ്ക്കാനാണ് തെങ്ങിന്റെ തടി ഉപയോഗിച്ചിരിക്കുന്നത്. 

Upper Living Area

ചെലവും ഭാരവും കുറച്ച് നിർമാണം

സ്‌ക്വയര്‍ ട്യൂബിന്റെ ജി.ഐ. പൈപ്പുകൊണ്ടാണ് ജനാലകളുടെ നിര്‍മാണം. തടിയുടെ ഉപയോഗവും ചെലവും കുറക്കാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. വീടിന്റെ മുന്‍വശത്തെ വാതിലുമാത്രമാണ് തടിയുപയോഗിച്ച് നിര്‍മിച്ചിരിക്കുന്നത്. അലൂമിനിയം ക്യാബിനാണ് അടുക്കളയില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ ട്രെന്‍ഡായ അലൂമിനിയം എ.സി.പി. ഷീറ്റാണ് ഇതിനായി തിരഞ്ഞെടുത്തത്. വളരെ ലളിതമായ ഡിസൈനാണ് അടുക്കളയില്‍ ഉപയോഗിച്ചിരിക്കുന്നത്. 

വിര്‍ട്ടിഫൈഡ് ടൈലാണ് വീടിനു മുഴുവനും ഉപയോഗിച്ചിരിക്കുന്നത്. വീടിനു് കൂടുതലും മണ്ണിന്റെ നിറമാണ് തീമായി നൽകിയിരിക്കുന്നത്. വീടിനിണങ്ങുന്ന ലളിതമായ ലൈറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ മുഴുവന്‍ സ്വന്തമായി നിര്‍മിച്ചെടുക്കുകയായിരുന്നു. ഒരു ഫര്‍ണിച്ചര്‍പോലും പുറത്തുനിന്ന് വാങ്ങിയിട്ടില്ലെന്ന് അഖില്‍ പറഞ്ഞു. ഫര്‍ണിച്ചര്‍ ഉള്‍പ്പടെ വീടിന്റെ നിര്‍മാണത്തിന് ആകെ 26 ലക്ഷം രൂപയാണ് ചെലവായത്. കേരളത്തിലെ നിലവിലെ കാലാവസ്ഥയ്ക്ക് പ്രകൃതിയോടിണങ്ങിയ ഇത്തരം വീടുകളാണ് മെച്ചമെന്നും അഖില്‍ പറയുന്നു. 

ground floor plan

 

first floor plan

Project Details
Owner -Shihabudheen B
Designer- Akhil K.R., GWARCHITECTURALSTUDIO

Mail id: gwarchitecturalstudio2013@gmail.com
Place- Pazhamkulam, Kayamkulam
Area Of the house-1394

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Content Highlights: house build in mud interlock suitable for nature cost 26 lakhs vazhamkulam alappuzha