തിരുവല്ലയിലെ തുകലശ്ശേരിയിലുള്ള ശശികുമാറിന്റെ 'ചൈതന്യ' എന്ന വീട്
29 വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു തിരുവല്ലയ്ക്കടുത്ത് തുകലശ്ശേരിയിലെ ശശി കുമാറിന്റെ ചൈതന്യ എന്ന വീടിന്. ഒരു കിടപ്പുമുറി, അടുക്കള, ഹാള്‍, സിറ്റൗട്ട്, ടോയ്ലറ്റ് എന്നിവയായിരുന്നു വീട്ടിലെ സൗകര്യങ്ങള്‍. എന്നാല്‍, മക്കളൊക്കെ വലുതായതോടെ വീടിനുള്ളിലെ സൗകര്യങ്ങള്‍ മതിയാകാതെ വന്നു. തുടര്‍ന്ന് വീടിനു പുറകിലേക്ക് ഒരു മുറിയും ടോയ്ലറ്റും കൂട്ടിയെടുത്തെങ്കിലും പിന്നീട് കേടുപാടുകള്‍ ഉണ്ടായി.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ എച്ച്&ആര് ബ്ളോക്ക് സോഫ്റ്റ്വെയര് എന്‍ജിനീയറായ ശശികുമാറിന്റെ മകന് അമല്‍ വീട് പുതുക്കി പണിയുന്നതിനായി തീരുമാനിക്കുകയായിരുന്നു. അങ്ങനെ സൗകര്യങ്ങള്‍ കൂട്ടി വീട് പണിയുന്നതിനുള്ള കരാര്‍ അമല്‍ ആര്‍ക്കിടെക്റ്റായ ആഷ്ന ജീവനെ ഏല്പിച്ചു.

രണ്ടാമതായി കൂട്ടിയെടുത്ത ഭാഗം പൂര്‍ണമായും നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്. കോണ്‍ക്രീറ്റ് ചെയ്ത വീടായിട്ടുകൂടി പഴയവീടിനുള്ളിലേക്ക് തീരെ കുറച്ച് വെളിച്ചം മാത്രമാണ് കടന്നുവന്നിരുന്നത്.
850 ചതുരശ്ര അടിയായിരുന്നു പഴയ വീടിന്റെ ആകെ വിസ്തീര്‍ണം. 1900 ചതുരശ്ര അടിയാണ് പുതിയ വീടിന്റെ ആകെ വിസ്തീര്‍ണം. 18 ലക്ഷം രൂപയാണ് പുതുക്കിപണിയലിന് ആകെ ചിലവായത്.
ഏകദേശം ഒരു വര്‍ഷം കൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. ഇടയ്ക്ക് കോവിഡ് മൂലം ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയത് പണികള്‍ തീരുന്നതിന് കാലതാമസമെടുത്തു. സിറ്റൗട്ട് രണ്ട് കിടപ്പുമുറികള്‍, ഡൈനിങ് ഏരിയ, ലിവിങ് ഏരിയ, പൂജാ സ്പേസ്,കിച്ചന്, വര്‍ക്ക് ഏരിയ, രണ്ട് ടോയ്ലറ്റുകള് എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിലെ സൗകര്യങ്ങള്‍. ഫസ്റ്റ് ഫ്ളോറില്‍ രണ്ട് കിടപ്പ് മുറിയും ടോയ്ലറ്റുമാണ് ഉള്ളത്. ഇവിടെ ഒരു മുറിയ്ക്ക് ബാല്‍ക്കണിയുമുണ്ട്. വീടിരിക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് ഒരു ഇല്ലമുണ്ട്. അവിടേക്ക് അഭിമുഖീകരിക്കുന്ന വിധമാണ് ഈ ബാല്‍ക്കണി നിര്‍മിച്ചിരിക്കുന്നത്.

പഴയവീടിന്റെ മുകള്ഭാഗം ഉറപ്പ് കുറവായതിനാല്‍ അവിടെ ഓപ്പണ്‍ ടെറസായി ഇട്ടു. കലാകാരനായ അമലിന് ചിത്രങ്ങള്‍ വരയ്ക്കാനും മറ്റുമായി ഈ ഭാഗത്ത് പ്രത്യേകസ്ഥലം ഒരുക്കിയിട്ടുണ്ട്.
പഴയവീടിന്റെ ചിമ്മിനി നീക്കം ചെയ്തശേഷം അവിടെ മള്‍ട്ടിവുഡ് വെച്ച് അടച്ചു. ചിമ്മിനിയുടെ മുകളില്‍ അമലിന്റെ നേതൃത്വത്തില്‍ ആര്‍ട്ട് വര്‍ക്ക് ചെയ്തപ്പോള്‍ വലിയ രൂപമാറ്റമാണ് സംഭവിച്ചത്.

കോണ്‍ക്രീറ്റ് വീടായിട്ട് പോലും പഴയവീടിനുള്ളില് പ്രകാശം വളരെ കുറവായിരുന്നു. വീട് പുതുക്കി പണിതപ്പോള്‍ ഡൈനിങ് ഏരിയയുടെ ഉള്ളിലേക്ക് തീരെ പ്രകാശം എത്താത്ത അവസ്ഥയുമുണ്ടായി. ഈ പ്രശ്നം പരിഹരിക്കുന്നത് ലൈറ്റ് വെല്‍ എന്ന സൗകര്യം കൂടി ഒരുക്കി. സ്റ്റെയര്‍ കേസിനോട് ചേര്‍ന്ന് കട്ടൗട്ട് സ്പേസാണ് ഇതിനായി നല്‍കിയത്. ഓപ്പണ്‍ ടു സ്കൈ നല്‍കാതെ ഫസ്റ്റ് ഫ്ളോറിലേക്ക് കയറുന്ന വഴിയില്‍ ഒരു വശത്തായി ഗ്ലാസ് നല്‍കുകയാണ് ചെയ്തത്. ഇതുകൊണ്ട് ഒരു കിണര്‍ പോലെ ഡൈനിങ് ഏരിയയിലേക്കും ഗ്രൗണ്ട് ഫ്ളോറിലേക്കും പ്രകാശം വരും. വീടിനുള്ളില്‍ കൃത്രിമമായി പ്രകാശം നല്‍കാതെ പരമാവധി സൂര്യപ്രകാശം തന്നെയാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. ഇതില്‍ ഊന്നല്‍ നല്‍കിയായിരുന്നു വീടിന്റെ പുതുക്കിപ്പണിയല്‍.

ഓട്, വാതിലുകള്‍, കട്ടിളകള്‍ തുടങ്ങിയവ പഴയവീട് പൊളിച്ചിടത്തുനിന്ന് മേടിച്ച് ഉപയോഗിച്ചതിനാല്‍ ചിലവ് കുറയ്ക്കാന്‍ കഴിഞ്ഞു. വീടിനുള്ളിലെ പ്ലാസ്റ്ററിങ് പോലുള്ള അലങ്കാരപ്പണികള്‍ പരമാവധി ഒഴിവാക്കിയാണ് ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്. വെയ്സ്റ്റേജ് കുറയ്ക്കാന്‍ പരമാവധി ശ്രമിച്ചതും ചെലവ് കുറയ്ക്കാന്‍ കാരണമായി.

അടുക്കളയിലൊഴികെ ഫ്ളോറിങ് വിര്ട്ടിഫൈയ്ഡ് ടൈലാണ് കൊടുത്തിരിക്കുന്നത്. അടുക്കളയില്‍ ഗ്രാനൈറ്റ് നല്കി. സെമി മോഡുലാര്‍ കിച്ചനും അതിനോട് ചേര്‍ന്ന് വര്‍ക്ക് ഏരിയയും നല്‍കിയിട്ടുണ്ട്.
Project details
Owner : Sasi Kumar M
Location: Thiruvalla, Thukalassery
Architect: Aashna Jeevan, Phn: 06282905937
Zrika Architectural Design Studio
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..