20 സെന്റ് പ്ലോട്ടിലെ 15 സെന്റിലാണ് പെരിന്തല്‍ മണ്ണയിലെ ഉമ്മര്‍ മാസ്റ്ററുടെ മനോഹരമായ ഈ വീട്. ഒറ്റ നിലയില്‍ 2400 സ്‌ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. അകത്തും പുറത്തും വെള്ള നിറത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്നതിനാല്‍ വീടിനുള്ളില്‍ നല്ല വെളിച്ചമാണ്.
ഫ്‌ളാറ്റ് സ്ലാബ് വാര്‍ത്ത് ഫാബ്രിക്കേറ്റഡ് ചെയ്തതാണ് മേല്‍ക്കൂര.
മനോഹരമായ ചുറ്റുമതിലും വുഡന്‍ കളര്‍ ഷേഡില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗേറ്റും കടന്നാല്‍ വൈറ്റ് സ്റ്റോണ്‍ വിരിച്ച മുറ്റത്തെത്താം. തറ നിരപ്പില്‍ നിന്ന് ഏറെ ഉയരമില്ലാതെയാണ് വീട് സ്ഥിതി ചെയ്യുന്നത്. വീടിന് വശങ്ങളിലായി ചെടികള്‍ക്കായി പ്രത്യേക ഭാഗം നിലനില്‍ത്തിയിട്ടുണ്ട്.
വെള്ളയും വുഡന്‍ കളര്‍ സ്റ്റോണ്‍ ക്ലാഡിങ്ങും ചേര്‍ന്നതാണ് വീടിന്റെ എക്സ്റ്റീരിയറിന്റെ ആകര്‍ഷണം. ഉയരത്തില്‍ സെറ്റ് ചെയ്തിരിക്കുന്ന വെന്റിലേഷനുകള്‍ വീടിനകത്ത് വായുസഞ്ചാരവും വെളിച്ചവും വര്‍ധിപ്പിക്കുന്നു. വീടിന്റെ പുറംഭാഗത്തെ സ്റ്റോണ്‍ ക്ലാഡിങ്ങും കോട്ട്യാര്‍ഡ് വോളില്‍ ബ്രിക്ക് ക്ലാഡ്ഡിങ്ങും വെയിലിന്റെ ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നുണ്ട്.
വീട്ടിലേക്ക് കയറുമ്പോള്‍ ഇടതുവശത്താണ് കാര്‍ പോര്‍ച്ച്. ഇതിനോട് ചേര്‍ന്നാണ് എല്‍ ഷേപ്പിലുള്ള സിറ്റ്ഔട്ട്. ഇതിന്റെ ഇരു വശങ്ങളിലും ചെടികളും പെബ്ബിള്‍സ് വിരിച്ച ചെറിയ ഏരിയകളുമുണ്ട്. സമീപത്ത് അല്‍പം മാറിയാണ് കിണറിന്റെ സ്ഥാനം.
സിറ്റ്ഔട്ടില്‍ നിന്ന് ഒരു ഫോയര്‍ കടന്ന് ചെല്ലുന്നത് ലിവിങ് റൂമിലേക്കാണ്. എല്‍ ഷേപ്പ് ലെതര്‍ സോഫയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നിലത്ത് ബ്ലാക്ക് ഷേഡിലുള്ള മാറ്റ് വിരിച്ചിരിക്കുന്നു.
ലിവിങ്ങില്‍ നിന്ന് അകത്തേക്കെത്തിയാല്‍ കാണുന്നത് ഒരു വലിയ ഹാളാണ്. ഇതിന്റെ ചുറ്റുമായാണ് വീടിന്റെ മറ്റ് ഏരിയകള്‍ സെറ്റ് ചെയ്തിരിക്കുന്നത്.
ഒരു ചെറിയ നടുമുറ്റത്തോട് ചേര്‍ന്നാണ് ഫാമിലി സിറ്റിങ് ഏരിയ. ബ്രൗണ്‍ നിറമുള്ള സെറ്റികളും ടി.വി.യുമാണ് ഇവിടെയുള്ളത്. വുഡന്‍ ക്ലാഡിങ്ങും ചെയ്തിട്ടുണ്ട്.
ഇതിനോട് ചേര്‍ന്ന് തന്നെയാണ് ഡൈനിങ് റൂം. ഗ്ലാസ് ടേബിളും വുഡന്‍ സ്‌പെഷ്യല്‍ ചെയറുകളുമാണ് ഡൈനിങ്ങിന്റെ ഹൈലൈറ്റ്. ഇതിന് മുകളിലായി വുഡന്‍ ക്ലാഡിങ്ങുമുണ്ട്. വൈറ്റ് കളറിലുള്ളതാണ് ഇവിടുത്തെ ഫോള്‍ഡിങ് കര്‍ട്ടന്‍. സമീപത്തായി ഷോക്കേസുമുണ്ട്.
സമീപത്തായി വാഷ് ഏരിയയും ടോയ്‌ലറ്റും ഡ്രെസ്സിങ് ഏരിയയും സജ്ജീകരിച്ചിരിക്കുന്നു. ഫാമിലി സിറ്റിങ്ങിനോട് ചേര്‍ന്നാണ് ഒരു ബെഡ്‌റൂം. ഇതിനോട് ചേര്‍ന്ന് ടോയ്‌ലറ്റും ഡ്രെസ്സിങ് ഏരിയയുമുണ്ട്.
ഡൈനിങ്ങിന്റെ മറ്റൊരു വശത്തായി ഒരു ബെഡ്‌റൂം കൂടിയുണ്ട്. ബെഡ് റൂമില്‍ വുഡന്‍ കളറാണ് ഹൈലൈറ്റ്. ലൈറ്റ് ബ്ലാക്കിലാണ് ഫോള്‍ഡിങ് കര്‍ട്ടണുകള്‍.
സ്റ്റോര്‍ റൂമും മള്‍ട്ടി പര്‍പ്പസ് റൂമും ഡൈനിങ്ങില്‍ കിച്ചണ്‍ ഏരിയയോട് ചേര്‍ന്നു നില്‍ക്കുന്നു. സ്റ്റോര്‍ റൂമിനോട് ചേര്‍ന്നാണ് പാന്‍ട്രിയുടെ സ്ഥാനം. ഇവിടെ നിന്നാണ് സ്റ്റോര്‍ റൂമിലേക്കുള്ള വാതില്‍. ഡൈനിങ്ങില്‍ നിന്ന് പാന്‍ട്രിയിലേക്കാണ് പ്രവേശനം.
പാന്‍ട്രിയ്ക്ക് അപ്പുറത്താണ്, വിശാലമായ വീടിന്റെ വശങ്ങളിലേക്ക് കാഴ്ച നല്‍കുന്ന രീതിയിലുള്ള അടുക്കളയുടെ സ്ഥാനം. മോഡുലാര്‍ കിച്ചണിലെ കബോഡുകള്‍ വെറ്റ്, വുഡന്‍ കളറുകളിലാണ്. അടുക്കളയില്‍ നിന്നും വീടിന്റെ പിന്നിലെ മുറ്റത്തേക്കിറങ്ങാം.
Owner: Ummer Master
Location: Perinthalmanna
Designer: Architect Muneer(MM Architects), Kozhikode
Area in Square Feet: 2400
Content Highlights: home plan ummer master perinthalmanna