സ്ഥലം അധികം കിട്ടാനില്ലാത്ത ഇടങ്ങളില്‍ ഒരു സെന്റില്‍ ഒരു വീട് വെക്കണമെന്ന് ആഗ്രഹിച്ചാല്‍ നടക്കുമോ? മലപ്പുറം ജില്ലയിലെ തെന്നല സ്വദേശി ഹനീഫയുടേതാണ് ഒരു സെന്റിലെ ഈ വലിയ വീട്. നാനോ ഹോം എന്ന് വിളിക്കാം. തറവാടിനോട് ചേര്‍ന്ന് ഒന്നേകാല്‍ സെന്റ സ്ഥലം മാത്രം, അതില്‍ ഒരു സെന്റില്‍ ഒതുങ്ങുന്ന രീതിയിലായിരുന്നു പ്ലാന്‍. മൂന്നു സെന്റില്‍ താഴെയുളള സ്ഥലങ്ങളില്‍ പണിയുന്ന വീടുകള്‍ക്കുള്ള നിര്‍മാണ ഇളവുകളും കിട്ടി. 900 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് നിലകളില്‍ നിര്‍മാണവും ഫര്‍ണിഷിങ്ങും അടക്കം 12 ലക്ഷം മാത്രം. 

പ്ലാന്‍

വീതി കുറഞ്ഞ നീളത്തിലുള്ള സ്ഥലമായതിനാല്‍ അതേ ആകൃതിയില്‍ മുറികളും പണിതു. താഴത്തെ നിലയില്‍ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, അടുക്കള, ഒരു അറ്റാച്ച്ഡ് ബെഡ്‌റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്. 

സ്റ്റെയര്‍കെയ്‌സ് ലാന്‍ഡിങ്ങില്‍ ഒരു സ്റ്റഡി സ്‌പേസ്, ഇവിടെ ചെറിയൊരു ടേബിള്‍ ക്രമീകരിച്ചു. ക്രോസ് വെന്റിലേഷനായതിനാല്‍ കാറ്റും വെളിച്ചവും ഇഷ്ടംപോലെ. മൂന്നു കിടപ്പുമുറികളാണ് മുകള്‍ നിലയില്‍. മൂന്നിലും വാര്‍ഡ്രോബും ഡ്രസ്സിങ് സ്‌പേസും അറ്റാച്ച്ഡ് ബാത്‌റൂമും നല്‍കിയിരിക്കുന്നു.

സിറ്റൗട്ട് വേണം എന്നാല്‍ വേണ്ടത്ര സ്ഥലവുമില്ല എന്നതായിരുന്നു അവസ്ഥ. അങ്ങനെ രണ്ട് കസേര ഇടാനുള്ള വലിപ്പത്തില്‍ സിറ്റൗട്ട് പണിതു. ഭിത്തിയില്‍ വുഡന്‍ ഫിനിഷിങ്ങും നല്‍കി. തറയില്‍ മാര്‍ബിള്‍ വിരിച്ചു. 

സ്റ്റെയര്‍ ലാന്‍ഡിങ്ങിന്റെ വലതുവശത്ത് ലിവിങ് റൂമാണ്. ഇവിടെ എല്‍ ആകൃതിയില്‍ ഒരു സോഫയും തടിയിലുള്ള ടീപോയും. ലിവിങ് റൂമിനോട് ചേര്‍ന്ന് ഒരു ചെറിയ ഡൈനിങ് ഏരിയയും, ഇതിനോടു ചേര്‍ന്നാണ് അടുക്കള. 

പ്രത്യേകതകള്‍

വലിയ വീടിന്റെ പ്ലാനില്‍ പണിത ചെറിയ വീടെന്ന് പറയാം. ഗൃഹോപകരണങ്ങളുടെ വലിപ്പത്തിന് അനുസരിച്ചാണ് ഓരോ മുറിയും നിര്‍മിച്ചിരിക്കുന്നത്. സ്ഥലം കൂടുതല്‍ തോന്നാനും ചൂട് കുറയ്ക്കാനും ഭിത്തികളുടെ ഉയരം 3.7 മീറ്ററാക്കി. 

നീളത്തില്‍ കൂടുതല്‍ സ്ഥലം തോന്നുന്ന രീതിയിലാണ് അടുക്കള. സ്ഥലം കുറവായതുകൊണ്ട് റൂഫിങ് അടുത്തവീടിന്റെ ബൗണ്ടറി വാളിലേക്ക് നല്‍കി. ബൗണ്ടറി വാളിലാണ് അടുക്കളയുടെ കാബിനറ്റുകള്‍ സെറ്റ് ചെയ്തിരിക്കുന്നത്. 

ഡിസൈനര്‍: പി.എം. സാലിം
എ.എസ് ഡിസൈന്‍ ഫോറം, കോട്ടക്കല്‍

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത് 

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: home in one cent for 12 lakh kerala house design budget homes