സെറിനിറ്റി - ഫ്രഞ്ച് കൊളോണിയല്‍ വാസ്തുകലയുടെ ആരാധകനും ദുബായില്‍ ബിസിനസുകാരനുമായ ജാഹിറിന്റെതാണ് ഈ സ്വപ്‌നഗൃഹം. കാലം മാറിയാലും മാറാത്ത പൈതൃകഭംഗിയാണ് ഈ വീടിന്റെ ഹൈലൈറ്റ്സ്. പുഴയോരത്ത് തട്ടുതട്ടായി ഉയര്‍ന്നു നില്‍ക്കുന്ന സ്ഥലത്ത്, ഭൂമിയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടാണ് നിര്‍മാണം. ആര്‍ക്കിടെക്ചറല്‍ ഡിസൈനര്‍ നസീര്‍ഖാന്റെ രൂപകല്പനയില്‍ പിറന്നതാണിത്. 70 സെന്റ് സ്ഥലത്ത് 8500 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് ഒരുക്കിത്. 

star
വീടിന്റെ സിറ്റൗട്ടിനോട് ചേര്‍ന്ന നീണ്ട വരാന്ത.ഫോട്ടോ:  മധുരാജ്‌

വീട്ടിനു പിന്നിലെ വലിയ സ്വപ്‌നങ്ങളുടെ കഥ വീട്ടുടമ ജാഹിര്‍ പറഞ്ഞു: ''തലശ്ശേരിയിലെ പഴക്കംചെന്ന തച്ചറക്കല്‍ തറവാട്ടിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. വലിയ മുറ്റം. ഓടിക്കളിക്കാന്‍ വലിയ ഇടനാഴികള്‍. ചെറുതും വലുതുമായ ഒട്ടേറെ മുറികള്‍. ഒരു വീടുണ്ടാക്കാന്‍ ചിന്തിച്ചപ്പോള്‍ ഓര്‍മകളിലെ നൊസ്റ്റാള്‍ജിയ ഉണ്ടായിരുന്നു.  

ചരിത്രമുറങ്ങുന്ന മാഹിയില്‍ സ്ഥലം കിട്ടിയപ്പോള്‍ ഒരുക്കുന്ന വീട്ടില്‍ ഫ്രഞ്ച് പൈതൃകവും വേണമെന്ന് തോന്നി. കൂള്‍ ഗസ്റ്റ് ഹൗസിന്റെ മൂഡില്‍ ശാന്തമായിരിക്കാന്‍ ഒരു സ്ഥലം. എന്റെ ആഗ്രഹം ഡിസൈനര്‍ക്ക് പെട്ടെന്ന് മനസ്സിലായി.'' 

light
സ്പാനിഷ് ആന്റിക്ക് കലക്ഷന്‍സ് ലൈറ്റ്. ഫോട്ടോ: മധുരാജ്‌ 

 

house
മാസ്റ്റര്‍ ബെഡ്‌റൂം. ഫോട്ടോ:മധുരാജ്‌

 ബേയ്ജ് കളറാണ് വീടിന് നല്‍കിയിരിക്കുന്നത്.അത് ഏറെ ക്ലാസി ലുക്ക് സമ്മാനിക്കുന്നു

സ്ഥലം വാങ്ങിയപ്പോള്‍ അവിടെ ഉയര്‍ന്നുതാഴ്ന്ന സ്ഥലവും അതില്‍ കടത്തനാടന്‍പോരാളി തച്ചോളി ഒതേനന്‍ കുഴിപ്പിച്ചതെന്ന് പറയുന്ന കിണറും മാത്രം. അതെല്ലാം നിലനിര്‍ത്തിക്കൊണ്ടായിരുന്നു പ്‌ളാന്‍. അങ്ങനെയാണ് താഴത്തും മുകളിലുമായി അഞ്ച് ബെഡ് റൂം, രണ്ടു ഹാള്‍, അടുക്കള, പാന്‍ട്രി, പ്രാര്‍ഥനാമുറി, വീടിന് നാലുവശത്തും നീണ്ട വരാന്ത, കാര്‍പോര്‍ച്ചും അതിന് മുകളില്‍ രണ്ടുമുറികളും ചേര്‍ന്ന ഗസ്റ്റ് ഹൗസ് എന്നിവ ചേര്‍ന്ന ഈ വീട് പണിതത്.

light
അടുക്കള. ഫോട്ടോ: മധുരാജ്‌


വീട്ടിലേക്ക് രണ്ടുവഴികളുണ്ട്. അതില്‍ ഒന്ന് കരിങ്കല്ല് പാകിയൊരുക്കി വാഹനം കയറ്റാന്‍ പറ്റിയ വഴിയും മറ്റൊന്ന് ചെറിയ പടിപ്പുരയോടുകൂടിയ നടവഴിയും. വീടിനു ചുറ്റും വള്ളിച്ചെടികളും കൊച്ചു തണല്‍മരങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

house
കോര്‍ണര്‍ സ്റ്റാന്റും ചുവരില്‍ പതിച്ച കൈറ ടൈലും.ഫോട്ടോ: മധുരാജ്‌ 

വീട്ടുമുറ്റത്ത് ആദ്യം ശ്രദ്ധയില്‍പെടുന്നത് വട്ടത്തില്‍ ചെമ്പുകുടം കമിഴ്ത്തിയപോലെ മോഡിഫൈ ചെയ്ത കിണറാണ്. അതിനടുത്തുതന്നെയാണ് രണ്ടുനിലകളുള്ള ഗസ്റ്റ്ഹൗസ്. അതിന്റെ ഗോപുരം ഫ്രഞ്ച് വാസ്തുശൈലിയിന്‍ അലങ്കരിച്ചിരിക്കുന്നു.ബേയ്ജ് കളറാണ് വീടിന് നല്‍കിയിരിക്കുന്നത്. അത് ഏറെ ക്‌ളാസി ലുക്ക് സമ്മാനിക്കുന്നു.

house
 സ്വീകരണമുറിയിലെ ചിത്രക്കട്ടില്‍
നിലത്ത് പാകിയ  സാനിപെക്ട് ഇറ്റാലിയന്‍ ടൈല്‍.ഫോട്ടോ: മധുരാജ്‌

12 ബാസ്‌കറ്റ് ആര്‍ച്ചുകള്‍ കോര്‍ത്തിണക്കിയാണ് വീടിന്റെ നീണ്ട സിറ്റൗട്ട് തീര്‍ത്തത്. അതിനുചുറ്റും ടൈല്‍ പാകിയ തിണ്ണകള്‍. വരാന്തയിലേക്ക് തലനീട്ടിനില്ക്കുന്ന നീണ്ട തണല്‍ച്ചെടികള്‍. ഉമ്മറത്ത് കയറുമ്പോള്‍തന്നെ മച്ച് പാകിയ തറവാട്ട് വീട്ടിലെത്തിയതുപോലെ തണുപ്പാണ്. വീടിന് പഴമയുടെ ക്‌ളാസിക് ടച്ച് നല്‍കാന്‍ ടൈലിലൂടെയാണ്ശ്രമിച്ചത്. സിറ്റൗട്ടില്‍ വെള്ളയും ഓറഞ്ചും ചേര്‍ന്ന സാനിപെക്സ് ഇറ്റാലിയന്‍ ടൈല്‍സാണ് പാകിയത്.

house
ഫാമിലി സിറ്റൗട്ട് .ഫോട്ടോ: മധുരാജ്‌

അത് വീടിനൊരു ആന്റിക് ലുക്കാണ് സമ്മാനിക്കുന്നത്. രണ്ട് ജനലുകളോട് ചേര്‍ന്ന പ്രധാന വാതില്‍ കടന്ന് അകത്തുകടന്നാല്‍ വിശാലമായ ഹാള്‍. അതിനകത്തെ വൈറ്റ് റൗണ്ട് ടീ ടേബിളും മൂന്ന് ലെതര്‍സെറ്റികളും ചേര്‍ന്ന ലിവിങ് ഏരിയ. ഹാളിന്റെ ഇടതുവശത്തെ ചുമരില്‍ ഇറ്റാലിയന്‍ കൈറ റഫ് ഷോ ടൈലുകളാണ് പതിച്ചത്. ആ ഭാഗത്തുതന്നെയാണ് താഴത്തെ നിലയിലെ രണ്ട് ബെഡ്റൂമുകള്‍. വലതുവശത്തെ മൂലയില്‍ ഒരു ചിത്രക്കട്ടിലുണ്ട്. മുറിയിലെ ഒരിഞ്ചു സ്ഥലംപോലും വെറുതെ കളയുന്നില്ല.സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന വലിയ മുറികള്‍.

house
 മാസ്റ്റര്‍ ബെഡ്‌റൂം.ഫോട്ടോ: മധുരാജ്‌ 

ഹാളില്‍നിന്ന് വലതുവശത്തേക്ക് തിരിഞ്ഞാല്‍ ഡൈനിങ് ഹാളിലെത്താം. ആന്റിക് ബ്രിട്ടീഷ് സ്റ്റെലിലാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തത്. ടേബിളും ചെയറും മുറിയിലെ അലമാരകളും റോസ് വുഡിലാണ് തീര്‍ത്തത്. ചുവരിലെ പത്തുകള്ളികളുള്ള ജാലകത്തിലൂടെ മുറിക്കകത്ത് പരക്കുന്ന പ്രകാശം ക്രീം ജനല്‍ കര്‍ട്ടന്‍ കൊണ്ട് ക്രമീകരിച്ചിരിക്കുന്നു. മിനുസമുള്ള കൈറ ടൈല്‍സ് പതിച്ച ചുവരില്‍ ബാങ്ക്ളോ കമ്പനിയുടെ വാഷ്ബേസിനാണ് ഉപയോഗിച്ചത്.

house
 ഡൈനിങ്ങ് ഹാള്‍.ഫോട്ടോ: മധുരാജ്‌

അടുത്ത ഷോ വാളില്‍ ഇറേഡിയം റഫ് മാര്‍ബില്‍ പതിച്ചിട്ടുണ്ട്. അതിനടുത്ത മുറിയാണ് പാന്‍ട്രി. സ്റ്റോറേജും സിങ്കും ഓവ്നും ഫ്രിഡ്ജും സീമെന്‍സ് കുക്കിങ് റേഞ്ചും ഡിഷ് വാഷ് സെറ്റും ചേര്‍ന്ന കോമ്പിനേഷന്‍. മള്‍ട്ടി വുഡ് മരത്തില്‍ തീര്‍ത്ത കാബിനുകളുള്ള ന്യൂജനറേഷന്‍ കിച്ചണ്‍.ഗ്രാനൈറ്റ് ടോപ്പുള്ള പാന്‍ ട്രിയ്ക്കകത്തിരുന്ന് ഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്. പുറത്തേക്കുള്ള ജാലകവാതില്‍ തുറന്നാല്‍ മുറ്റത്തെ ഫൗണ്ടൈന്‍ കാണാം. ആ റൂമിനടുത്തുതന്നെ വര്‍ക്കിങ് കിച്ചണും വര്‍ക്ക് ഏരിയയും സെര്‍വന്റ് റൂമും സെറ്റ് ചെയ്തിട്ടുണ്ട്.

house
സിറ്റൗട്ട് .ഫോട്ടോ: മധുരാജ്‌

ഹാളിലേക്കുള്ള വഴിയില്‍നിന്ന് ഇടത്തോട്ട് കടന്നാല്‍ ഗസ്റ്റ് റൂമില്‍ എത്താം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലെതര്‍ സെറ്റികളും ഐക്കിയ ഫര്‍ണിച്ചറും കൊണ്ടാണ് ഇവിടം ആകര്‍ഷകമാക്കിയിരിക്കുന്നത്. മുകളിലേക്കുള്ള സ്റ്റെയര്‍കേസാണ് ഈ വീടിന്റെ മറ്റൊരു കൗതുകം. ഗോവണിയുടെ കൈവരിയും നിലവും റോസ്വുഡില്‍ തീര്‍ത്തതാണ്. കയറിയെത്തുന്ന സ്ഥലത്ത് രണ്ട് ജാലകങ്ങള്‍ ഉണ്ട്. മുകളിലെ ഫാമിലി ലിവിങ് ഏരിയയിലെ ചുവര് അലങ്കരിച്ചിരിക്കുന്നത് രണ്ട് എണ്ണച്ചായച്ചിത്രങ്ങള്‍കൊണ്ടാണ്.

house 2
സ്വീകരണ മുറി 

ആ ഹാളില്‍നിന്ന് സിറ്റൗട്ടിലെത്തിയാല്‍ മയ്യഴിപ്പുഴയിലൂടെ വരുന്ന കാറ്റ് വന്ന് പൊതിയും. മുകളിലെ ഫാമിലി ലിവിങ് ഏരിയയില്‍ രണ്ട് സെറ്റികളും എല്‍.ഇ.ഡി. ടി.വി. സെറ്റും ഉണ്ട്. അവിടെനിന്ന് നേരെ കടക്കുന്നത് മാസ്റ്റര്‍ ബെഡ് റൂമിലേക്കാണ്. സ്യൂട്ട് മോഡലിലാണത് സെറ്റ് ചെയ്തത്. വുഡന്‍ ഇഫക്ടുള്ള സ്പാനിഷ് ടൈലാണ് നിലത്ത് പതിച്ചത്. ഡിസൈന്‍ഡ് ബെഡും സൈഡ്റാക്കും വാര്‍ഡ്റോബും മുറിക്ക് പ്രൗഢികൂട്ടുന്നു. വൈറ്റ് ആന്‍ഡ് ബ്ലാക്കാണ് റൂമിന്റെ കളര്‍ പാറ്റേണ്‍.

star
മുറ്റത്തെ കിണര്‍ .ഫോട്ടോ: മധുരാജ്‌

പാതി മിനുസപ്പെടുത്തിയ മരത്തിലാണ് വീടിന്റെ വാതിലും ജനലും പണിതത്. സ്‌പെയിനില്‍നിന്ന് ഇറക്കിയ ആന്റിക് ലൈറ്റ് കളക്ഷന്‍സാണ് മുറിയുടെ ചന്തം കൂട്ടുന്നത്. റഫ് ആന്‍ഡ് ടഫ് ഇഫക്ടില്‍ ശാന്തതയും കുളിര്‍മയും ഗാംഭീര്യവും നിലനിര്‍ത്തിയ സ്വപ്‌നവീടാണിത്. ഫ്രഞ്ച് വാക്കില്‍ സെറിനിറ്റി എന്നാല്‍ കാം ആന്‍ഡ് ക്വയറ്റ് തന്നെ.... 

2017 സെപ്റ്റംബര്‍ സ്റ്റാര്‍ ആന്റ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്‌

പ്രൊജക്ട് ഡിസൈന്‍: ആര്‍ക്കിടെക്റ്റ് സഹീര്‍ ഖാന്‍
ആര്‍ക്കിടെക്ച്വറല്‍ ഡിസൈന്‍

 

 

house owner
 ഗൃഹനാഥന്‍ ജാഹിറും 
കുടുംബവും 
 

 

star and style
സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ വാങ്ങിക്കാം