രോ വീടും കെട്ടിപ്പൊക്കുന്നതിനൊപ്പം ഓരോ സ്വപ്‌നങ്ങളും കൂടിയാണ് സഫലമാകുന്നത്. ചെലവ് കൂടുതലായാലും സങ്കല്‍പത്തിന് അനുസരിച്ച വീട് സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ നിര്‍വൃതി നല്‍കുന്ന മറ്റൊന്നില്ല. തൃപ്രയാറിലെ എടമുട്ടത്തുള്ള ഹയാത്ത് വില്ല എന്ന വീടും ഉടമയുടെ മനസ്സറിഞ്ഞു പണിതതാണ്.

hayath

പ്രവാസിയായ ഫൈസലും ഭാര്യ നൂറയും മക്കളുമാണ് ഈ വീട്ടിലെ താമസക്കാര്‍. നാലു വര്‍ഷത്തോളമെടുത്തു പണി പൂര്‍ത്തിയാക്കിയ വീടിന് അമ്പതു ലക്ഷം രൂപയാണ് ചെലവായത്. 2700 ചതുരശ്ര അടിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. 

കരാര്‍ നല്‍കിയാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ഖത്തറില്‍ നിന്ന് അവധിക്കാലങ്ങളില്‍ നാട്ടിലെത്തിയാണ് ഫൈസലും കുടുംബവും വീടുപണിക്കു മേല്‍നോട്ടം വഹിച്ചിരുന്നത്. വീടിന്റെ ഡിസൈനും ഇന്റീരിയര്‍ ഡിസൈനിങ്ങുമൊക്കെ നാട്ടിലുള്ള കോണ്‍ട്രാക്റ്ററാണ് ചെയ്തത്. 

hayath

ഇരുവശത്തു നിന്നും എന്‍ട്രന്‍സ് ഉള്ള മനോഹരമായ സിറ്റ്ഔട്ട് ആണ് ഈ വീടിന്റെ പ്രത്യേകത. കണ്ടുശീലിച്ചിട്ടുള്ള ചെറിയ സിറ്റ്ഔട്ടുകളില്‍ നിന്നു വ്യത്യസ്തമായി നീളന്‍ വരാന്തയാണ് ഇവിടെ നല്‍കിയിരിക്കുന്നത്. എല്‍ ഷെയ്പ്പിലുള്ള വരാന്തയാണ് ആദ്യം ഉണ്ടായിരുന്നത്, പിന്നീട് കാര്‍പോര്‍ച്ച് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴാണ് വരാന്ത വിശാലമാക്കാമെന്ന് തീരുമാനിച്ചതെന്ന് വീട്ടുടമ പറയുന്നു. 

hayath

സിറ്റ്ഔട്ട് കടന്നു ചെല്ലുന്നത് ലിവിങ് റൂമിലേക്കാണ്. ലിവിങ് റൂമിന്റെ വലതുവശത്തായി കോര്‍ട്ട്‌യാര്‍ഡും അതിനോടു ചേര്‍ന്ന് ഡൈനിങ് റൂമും കാണാം. ഡൈനിങ് റൂമിന്റെ ഇടതും വലതും വശത്തായി രണ്ടുമുറികളുണ്ട്. ഇവയ്‌ക്കൊപ്പം കോമണ്‍ ടോയ്‌ലറ്റ്, വാഷ് ഏരിയ, കിച്ചണ്‍, വര്‍ക്ക് ഏരിയ എന്നിവയുമാണ് താഴത്തെ നിലയിലുള്ളത്. 

hayath

ഡൈനിങ് റൂമില്‍ നിന്നാണ് സ്റ്റെയര്‍കെയ്‌സ് ആരംഭിക്കുന്നത്. ഒരു ചെറിയ ഹാളും രണ്ട് ബാത് അറ്റാച്ച്ഡ് റൂമുകളും ബാല്‍ക്കണിയും ഓപ്പണ്‍ ടെറസുമാണ് മുകളിലത്തെ നിലയിലുള്ളത്.

hayath

hayath

hayath

hayath

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: home for fifty lakhs home plans budget home