നെഗറ്റീവ് എനര്‍ജി നിറയ്ക്കുന്ന ചിന്തകളൊക്കെയും മാറ്റിവച്ച് സമാധാനമായി കിടന്നുറങ്ങാന്‍ കഴിയുന്ന വീടാണ് പലരുടെയും സ്വപ്നം. നെഗറ്റീവ് എനര്‍ജിയുടെ കാരണങ്ങള്‍ കണ്ടെത്തി അവിടെ പോസിറ്റീവ് എനര്‍ജി കൊണ്ടുവരുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മണ്‍കുടില്‍ എന്ന വീട് അത്തരത്തിലൊന്നാണ്.

ജോമി തോമസ് കവുങ്ങുംപിള്ളിയിലിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത് വാസ്തുകം ഓര്‍ഗാനിക് ആര്‍ക്കിടെക്റ്റ് പി.കെ ശ്രീനിവാസനാണ്. രണ്ടാം ഘട്ടം ആര്‍ക്കിടെക്റ്റ് പ്രതീഷ് മാത്യുസാണ് ചെയ്തത്. 

തട്ടേക്കാട് പക്ഷിസങ്കേതത്തിന് അടുത്താണ് മണ്‍കുടില്‍ നിര്‍മിച്ചിരിക്കുന്നത്. കിളികളുടെ ശബ്ദം, ചുറ്റും പച്ചപ്പ്, പുറകു വശത്തെ പുഴ.. തുടങ്ങി മനസ്സിന് കുളിര്‍മ നല്‍കുന്ന അന്തരീക്ഷമാണ്  വീടിന് ചുറ്റുമുള്ളത്. വീടിന്റെ ഗേറ്റ് തുറന്ന് കടക്കുന്നതു മുതല്‍ പച്ചപ്പു നിറച്ച നാച്ചുറല്‍ ലാന്റ്‌സ്‌കേപ്പാണ് കാണാന്‍ കഴിയുന്നത്. വര്‍ഷത്തില്‍ പത്തു മാസവും കായ്ക്കുന്ന പഴങ്ങളുള്ള ചെടികളും ധാരാളം ഔഷധച്ചെടികളും ഈ വീട്ടിലുണ്ട്.

കേരള സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് വീടിന്റെ ഡിസൈന്‍, സൂര്യനെ പ്രതിനിധീകരിക്കുന്ന ഒരു മുഖപ്പാണ് വീടിന്റെ എലിവേഷനിലെ മുഖ്യആകര്‍ഷണം. വീടിന്റെ വരാന്തയില്‍ കേരള പാരമ്പര്യത്തെ സൂചിപ്പിക്കുന്ന കാര്‍ത്തിക വിളക്ക് സ്ഥാപിച്ചിട്ടുണ്ട്. ഓര്‍ഗാനിക് മെറ്റീരിയലുകളാണ് പ്രധാനമായും നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ചെങ്കല്ലുകള്‍ ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ചൂടുകാലത്ത് തണുപ്പും തണുപ്പുകാലത്ത് ചൂടും ലഭിക്കുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

നടുമുറ്റത്തിനു പകരം ഫിഷ്ടാങ്ക് കം വാട്ടര്‍ ബോഡിയാണ് നല്‍കിയിരിക്കുന്നത്. താഴെയും മുകളിലുമായി ഫിഷ് ടാങ്കുകള്‍ വീടിന്റെ അകത്തളത്തെ മനോഹരവും വ്യത്യസ്തവുമാക്കുന്നു. വീട്ടിനകത്തെ വാഷ് ബെയ്സിന്‍ വരെ കളിമണ്ണുപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫിഷ് ടാങ്കിനുള്ളിലേക്ക് പ്രവേശിക്കാനായി പ്രത്യേക പടവുകളും നല്‍കിയിട്ടുണ്ട്. പടവുകളുടെ രണ്ടു വശങ്ങളിലായി മണി പ്ലാന്റ് വെച്ചിട്ടുണ്ട്. ചെങ്കല്ലുകള്‍ കൊണ്ടുള്ള തൂണുകളാണ് വീടിനകത്ത് നല്‍കിയിരിക്കുന്നത്. ചെങ്കല്‍ പൊടിച്ച് മണ്ണെണ്ണയും മറ്റു ഓര്‍ഗാനിക് സാധനങ്ങളും ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത്. 

മണ്ണ് കൊണ്ടാണ് വീട് നിര്‍മിച്ചിരിക്കുന്നതെന്ന് വ്യക്തമാകാതിരിക്കാനും തിളക്കം ലഭിക്കാനുമാണ് മണ്ണെണ്ണ ഉപയോഗിച്ചത്. മതേതരം വിളിച്ചോതുന്ന പ്രാര്‍ത്ഥനാ മുറിയാണ് വീട്ടിലുള്ളത്. വീടിന്റെ പല വശങ്ങളിലായി കളിമണ്ണ് കൊണ്ടുള്ള ചിത്രപ്പണികളുമുണ്ട്. 

ചുവരുകളില്‍ പകുതി റഫ് ഫിനിഷിങ്ങും പകുതി സ്മൂത്ത് ഫിനിഷിങ്ങുമാണ്. പഞ്ഞി കൊണ്ടുള്ള കിടക്കയാണ് മുറികളില്‍ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ ഓരോ മുറികളിലും യോഗ, ധ്യാനം എന്നിവയുടെ തീം കൊണ്ടുവരുന്നുണ്ട്. അടുക്കളയിലെ മുഖ്യാകര്‍ഷണം മണ്ണ് കൊണ്ടുള്ള ഫ്രിഡ്ജാണ്. 48 മണിക്കൂര്‍ വരെ പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കാവുന്നതാണിത്.. ഫ്രിഡ്ജിലെ സ്റ്റോറേജ് സ്പെയ്സിനു മുകളിലായി വെള്ളം വെക്കാനും സംവിധാനമുണ്ട്. വെള്ളത്തിന്റെ തണുപ്പു കൊണ്ടാണ് ഇവ കേടു കൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്നതെന്നാണ് ജോമി പറയുന്നത്. 

 വീടിനോട് ചേര്‍ന്ന് ഒരു ഏറുമാടവും നിര്‍മിച്ചിട്ടുണ്ട്. 20 അടി ഉയരത്തിലാണ് ഏറുമാടം നിര്‍മിച്ചിരിക്കുന്നത്. വീടില്‍ നിന്നുള്ള ഒരു ചെറിയ നടപാതയിലൂടെയാണ് ഏറുമാടത്തിലേക്ക് കയറാന്‍ സാധിക്കുക. രണ്ട് തേക്ക്,ഒരു ആഞ്ഞിലിമരം എന്നീ മരങ്ങളുടെ പിന്‍ബലത്തിലാണ് ഏറുമാടം നിര്‍മിച്ചിരിക്കുന്നത്.

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights:Home Filled With Positivity