പെരിന്തല്‍മണ്ണയിലെ അഹമ്മദ് ബാബുവിന്റേതാണ് ഈ ആഡംബര വീട്. രണ്ടു നിലകളിലായി 4000 സ്‌ക്വയര്‍ഫീറ്റിലാണ് വൈറ്റ് തീമിലൊരുക്കിയ ഈ വീട് തലയുയര്‍ത്തി നില്‍ക്കുന്നത്.
വൈറ്റ് ഫ്‌ളോര്‍ ബ്രിക്ക് വിരിച്ച മുറ്റത്തിന്റെ ഇരുവശങ്ങളിലുമായി ഡിസൈന്‍ ചെയ്ത ലോണ്‍ ആണ് കയറിച്ചെല്ലുമ്പോള്‍ പെട്ടെന്ന് ശ്രദ്ധിക്കുക.
മുറ്റത്ത് നിന്ന് മൂന്ന് ചെറിയ പടികള്‍ കയറിയാണ് ഓപ്പണ്‍ സിറ്റ്ഔട്ടിലേക്ക് ആദ്യം കയറുന്നത്. മൂന്ന് വൈറ്റ് ചെയറുകളാണ് ഇവിടെ ഇടംപിടിച്ചിരിക്കുന്നത്. ഇതിനോട് ചേര്‍ന്ന് വലതുവശത്തായിട്ടാണ് കാര്‍ പോര്‍ച്ച് സ്ഥിതി ചെയ്യുന്നത്.
സിറ്റ്ഔട്ടില്‍ നിന്ന് വുഡന്‍ ഫിനിഷ്ഡ് വാതില്‍ തുറന്ന് ഒരു ഫോയറിലൂടെ ഉള്ളിലേക്ക് കടക്കുന്നത് ലിവിങ് റൂമിലേക്കാണ്. വുഡന്‍ ക്ലാഡിങ്ങ് ചെയ്ത വോള്‍ ആണ് ഇവിടുത്തെ പ്രത്യേകത. ഗ്ലാസ് ടോപ്പുള്ള ചെറിയ ടീപോയ്ക്ക് ചുറ്റുമായി ലൈറ്റ് ഷേഡിലുള്ള സെറ്റിയും വ്യത്യസ്തമായ ചെയറുകളും സെറ്റ് ചെയ്തിരിക്കുന്നു. ഡിസൈനര്‍ മാറ്റ് ഈ വുഡന്‍ കളര്‍ ഫ്‌ളോറിനെ അലങ്കരിച്ചിരിക്കുന്നു.
ലിവിങ്ങില്‍ നിന്ന് ഫോയറിനോട് ചേര്‍ന്ന് വൈറ്റ് പെബ്ബിള്‍സ് വിരിച്ച ഒരു ചെറിയ കോർട്ട് യാർഡ് ഒരുക്കിയിട്ടുണ്ട്. ലിവിങ് ഏരിയയില്‍ നിന്നും ഫാമിലി ലിവിങ് ഏരിയയില്‍ നിന്നും ഈ കോർട്ട് യാർഡിലേക്ക് നല്ല കാഴ്ചയൊരുക്കുന്നു. ലിവിങ്ങില്‍ നിന്ന് നേരിട്ട് കടക്കുന്നത് ഫാമിലി ലിവിങ് ഏരിയയിലേക്കാണ്. ഒരു വലിയ ഫ്‌ളോര്‍ ആണിത്.
ഫാമിലി ലിവിങ്ങിന്റെ ഒരു വശത്തായി പുറത്തെ കാഴ്ചകളിലേക്ക് തുറക്കുന്ന ഫ്‌ളോര്‍ ലെവലിലുള്ള വലിയ ജനാലകളുണ്ട്. വൈറ്റ് കളറിലുള്ള ഈ ജനാലകളോട് ചേര്‍ന്നാണ് എല്‍ ഷേപ്പില്‍ ലൈറ്റ് ഷേഡിലുള്ള കുഷ്യന്‍ ഉള്‍പ്പടെയുള്ള വുഡന്‍ സെറ്റി ഒരുക്കിയിരിക്കുന്നത്. നടുവിലായി ഗ്ലാസ് ടോപ്പ് ഉള്ള കുഞ്ഞു ടീപോയും സെറ്റ് ചെയ്തിട്ടുണ്ട്.
സെറ്റിയില്‍ നിന്ന് നേരെ മുന്നോട്ട് നോക്കുന്ന ഭാഗത്താണ് വുഡന്‍ ഫിനിഷിലുള്ള വോളില്‍ ടി.വിയുടെ സ്ഥാനം. സെറ്റിയുടെ പിന്നിലൂടെയാണ് മുകളിലേക്കുള്ള സ്റ്റെയര്‍കേസ് ഒരുക്കിയിരിക്കുന്നത്. വുഡന്‍ ഫിനിഷിലുള്ള സ്റ്റെയര്‍കേസിന്റെ സൈഡ് ബാര്‍ ടഫന്‍ഡ് ഗ്ലാസിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഫാമിലി ലിവിങിന്റെ എതിര്‍ വശത്തായാണ് ഡൈനിങ് സെറ്റ് ചെയ്തിരിക്കുന്നത്. ഒരു വശത്ത് നാല് പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഗ്ലാസ് ടോപ്പ് ഡൈനിങ് ടേബിള്‍ ആണ് ഇവിടെ സെറ്റ് ചെയ്തിരിക്കുന്നത്. വുഡന്‍ ഫിനിഷില്‍ ഡിസൈന്‍ ചെയ്ത ചെയറുകളാണ് ഇവിടുത്തെ ഹൈലൈറ്റ്. ഡൈനിങ് ടേബിള്‍ സെറ്റ് ചെയ്ത ഭാഗത്തെ ഫ്‌ളോര്‍ ബാക്ക് ആന്‍ഡ് വൈറ്റ് കോമ്പിനേഷനിലാണ്.
ഡൈനിങ്ങിനോട് ചേര്‍ന്നാണ് ആദ്യത്തെ ബെഡ്‌റൂം. ഡ്രെസ്സിങ് ഏരിയയും ടോയ്‌ലറ്റും ബെഡ്‌റൂമിന്റെ ഒരു വശത്ത് സെറ്റ് ചെയ്തിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടെ ഡ്രൈ, വെറ്റ് ഏരിയകളായാണ് ടോയ്‌ലറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. ഡൈനിങ്ങിനും ആദ്യത്തെ ബെഡ്‌റൂമിനും ഇടയിലുള്ള ചെറിയ ഭാഗത്ത് കോമണ്‍ ടോയ്‌ലറ്റ് സെറ്റ് ചെയ്തിട്ടുണ്ട്.
ഇതിന് അപ്പുറത്തായാണ് രണ്ടാമത്തെ ബെഡ്‌റൂം. ഡ്രെസ്സിങ് ഏരിയയും ടോയ്‌ലറ്റും ഇതിനൊപ്പമുണ്ട്. ഡൈനിങ്ങില്‍ നിന്ന് നേരിട്ട് അടുക്കളയിലേക്ക് കടക്കാം. ഫാമിലി ലിവിങ്-ഡൈനിങ് ഏരിയയില്‍ നിന്ന് അടുക്കളയെ വേര്‍തിരിക്കുന്നത് സ്റ്റെയര്‍കേസാണ്. കിച്ചണിനോട് ചേര്‍ന്നാണ് സ്റ്റോര്‍ റൂം. കിച്ചണില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത് വർക്ക് ഏരിയയിലേക്കാണ്. അവിടെ നിന്ന് പിന്‍വശത്തെ മുറ്റത്തേക്കിറങ്ങാം.
പ്രൗഢിയോടെ രണ്ടാം നില
ഗ്രൗണ്ട് ഫ്‌ളോറിലെ ഫാമിലി ലിവിങ്ങില്‍ നിന്നും സ്റ്റെയര്‍കേസ് വഴി എത്തിച്ചേരുന്നത് ചതുരാകൃതിയിലുള്ള അപ്പര്‍ സിറ്റിങ്ങിലേക്കാണ്. ഇവിടെ ചെറിയ ഒരു ഗ്ലാസ് ടോപ്പ് ടേബിളും അതിന് ചുറ്റുമായി നീളത്തിലുള്ള വുഡന്‍ സെറ്റികളും ഒരിക്കിയിരിക്കുന്നു. ചെരിച്ചു വാര്‍ത്ത റൂഫില്‍ വുഡന്‍ ക്ലാഡിങ് ചെയ്തിരിക്കുന്നു. വലിയൊരു ഡിസൈനര്‍ മിററും ഇവിടുത്തെ വോള്‍ ഡെക്കറേഷനില്‍ പ്രധാനപ്പെട്ടതാണ്.
ഇതിനു ചുറ്റുമായി മൂന്ന് ബെഡ്‌റൂമുകളുണ്ട്. എല്ലാ ബെഡ്‌റൂമുകള്‍ക്കുള്ളിലും ഡ്രെസ്സിങ് ഏരിയയും ടോയ്‌ലറ്റും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അപ്പര്‍ സിറ്റിങ്ങിനോട് ചേര്‍ന്ന് വീടിന്റെ മുന്‍ഭാഗം മുഴുവന്‍ കാണാനാവുന്ന വിശാലമായ ബാല്‍ക്കണിയുണ്ട്. അപ്പര്‍ സിറ്റിങ്ങില്‍ നിന്നും മുന്‍വശത്തെ ബെഡ്‌റൂമിലേക്ക് കയറി പുറത്തേക്കുള്ള വാതില്‍ തുറന്നാല്‍ ചെറിയൊരു ബാല്‍ക്കണിയിലേക്കിറങ്ങാം.
ബെഡ്‌റൂമുകള്‍
ലൈറ്റ് ഷേഡിലുള്ള നിറങ്ങളാല്‍ അലങ്കരിച്ച് വെളിച്ചം വിതറുന്ന അഞ്ച് ബെഡ്‌റൂമുകളാണുള്ളത്. വുഡന്‍ കാബിനുകളും വലിയ വുഡന്‍ ടേബിളും കസേരയും ബെഡ്‌റൂമുകളിലുണ്ട്. വുഡന്‍ ഫ്രെയിമുകളും പാനലുകളും ക്ലാഡിങ്ങുകളും തറയില്‍ മാച്ചിങ് റെഗുമുണ്ട്. വുഡന്‍ പാനലുകളില്‍ നിന്ന് കൊളുത്തിയിട്ടിരിക്കുന്ന ഡിസൈനര്‍ ലാംപുകളും ഡിസൈന്‍ ചെയ്ത വിരികളും മാച്ചിങ്ങായ തലയിണകളും ബെഡ്‌റൂമില്‍ കാണാം.
ഇറ്റാലിയന്‍ മാര്‍ബിളാണ് ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. വെളള നിറത്തിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയതോടു കൂടി വെളിച്ചം നിറഞ്ഞു നില്‍ക്കുകയാണ് ഈ വീട്ടില്‍.
Owner: Ahmed Babu
Location: Perinthalmanna
Designer: Architect Muneer, MM Architects Kozhikode
Area in Square Feet: 4000
Content Highlights: myhome home plans Ahmed Babu Perinthalmanna, My Home