ഭാവനയിലെ വീട് എഞ്ചിനീയറെയും മറ്റും ബോധിപ്പിക്കുന്നത് വലിയ തലവേദനയാണ്. വാക്കുകള്‍ മുട്ടുമ്പോള്‍ മനസ്സിലെ ചിത്രങ്ങള്‍ നേരിട്ട് പ്രിന്റെടുക്കാനായെങ്കില്‍ എന്ന് തോന്നിപ്പോവും. മനസ്സില്‍ക്കണ്ടതെന്തും കടലാസില്‍ വരയ്ക്കാന്‍ എല്ലാവര്‍ക്കും കഴിയില്ലല്ലോ. ഇവിടെ നമ്മുടെ സഹായത്തിനെത്തുകയാണ് ഒരുപറ്റം ആപ്പുകളും സൈറ്റുകളും. വരയറിയില്ലെങ്കിലും സ്‌ക്രീനില്‍ ഇഷ്ടഭവനം രൂപപ്പെടുത്താം. പല ഡിസൈനുകളില്‍നിന്ന് ആവശ്യമായവ തെരഞ്ഞെടുക്കാം.   ഈ ചിത്രങ്ങള്‍ എഞ്ചിനീയര്‍ക്കോ ഡിസൈനര്‍ക്കോ കൈമാറുകയും ചെയ്യാം.

പ്ലേ സ്റ്റോറില്‍ Home design എന്നു തിരഞ്ഞാല്‍ വീടിന്റെ മാതൃകകള്‍ തയ്യാറാക്കാനുള്ള ആപ്പുകള്‍ ലഭിക്കും. ഇവയില്‍ത്തന്നെ ഇന്റീരിയറും എക്സ്റ്റീരിയറും ഫ്‌ളോര്‍പ്ലാനുമെല്ലാം വെവ്വേറെ രൂപപ്പെടുത്താനുള്ള ആപ്പുകളുണ്ട്. ത്രീഡി ഗ്രാഫിക്‌സിനെപ്പറ്റി ഒന്നുമറിയാത്തവര്‍ക്കും ത്രീഡി മോഡലുകള്‍ തയ്യാറാക്കാം. ചില ആപ്പുകളില്‍ ഫര്‍ണീച്ചറടക്കം പൂര്‍ത്തിയായ ഒരു വീടിന്റെ മാതൃക രൂപപ്പെടുത്താനോ തെരഞ്ഞെടുക്കാനോ കഴിയും. അളവുകളും കണക്കുകളും നിറഞ്ഞ എഞ്ചിനീയറിങ് പ്ലാനുകളില്‍നിന്നും വ്യത്യസ്തമായി 'സാധാരണക്കാരന്റെ' പ്ലാന്‍ ഒരുക്കുകയാണ് ഇത്തരം ആപ്പുകളുടെ ലക്ഷ്യമെന്ന് ചുരുക്കം.

ഡിസൈനിങ് ആപ്പുകളില്‍ ഏറെ പ്രചാരമുള്ള ഒന്നാണ് Home Design 3D. റ്റുഡി, ത്രീഡി മോഡലുകള്‍ പിന്തുണയ്ക്കുന്ന ഇതില്‍ വാതിലും ജനലും എന്തിന്, ചുമരിന്റെ കനവും ഉയരവും വരെ നമ്മുടെ ഇഷ്ടത്തിന് ക്രമീകരിക്കാം. ഫര്‍ണീച്ചറും അലങ്കാരങ്ങളുമെല്ലാം തെരഞ്ഞെടുക്കുന്നതോടൊപ്പം ഓരോന്നിന്റെയും നിറവും ക്രമീകരിക്കാം.

നിലത്തിന്റെ പ്ലാനുകള്‍ക്ക് ശ്രദ്ധ കൊടുക്കുന്ന ആപ്പാണ് Floorplanner. മുറികളുടെ വലിപ്പത്തോടൊപ്പം ഓരോ വസ്തുവും വീടിനുള്ളില്‍ എവിടെയിരിക്കണം എന്നത് തീരുമാനിക്കാന്‍ ഇത് സഹായിക്കും. മുന്‍കൂട്ടി തയ്യാറാക്കിയ ഒരുപാട് പ്ലാനുകള്‍ ഇവരുടെ വെബ്‌സൈറ്റില്‍ (floorplanner.com) ലഭ്യമാണ്. അതില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുകയുമാവാം.

ഇന്റീരിയര്‍ ഡിസൈനില്‍ ശ്രദ്ധയൂന്നുന്ന ആപ്പുകളാണ് Planner 5D  Interior Design, Houzz Interior Design Ideas എന്നിവ. ആദ്യത്തെ ആപ്പിന്റെ വെബ്‌സൈറ്റായ planner5d.com ല്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരുപാട് മാതൃകകള്‍ ലഭ്യമാണ്. ലക്ഷക്കണക്കിന് മാതൃകകളാണ് രണ്ടാമത് പറഞ്ഞ ആപ്പ് അവകാശപ്പെടുന്നത്. സ്വീകരണമുറിയുടെ അലങ്കാരം മാത്രം ലക്ഷ്യം വച്ച് Living Room Decorating Ideas എന്ന ആപ്പുമുണ്ട്.

ആന്‍ഡ്രോയ്ഡില്‍ മാത്രമല്ല, കമ്പ്യൂട്ടറിലുപയോഗിക്കാനും ഡിസൈനിങ് ആപ്പുകളുണ്ട്. Roomsketcher.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഫയര്‍ഫോക്‌സ് പോലുള്ള ബ്രൗസറുകളില്‍ത്തന്നെ പ്ലാന്‍ വരച്ചെടുക്കാം. ആന്‍ഡ്രോയ്ഡിന് യോജിച്ച റൂംസ്‌കെച്ചര്‍ ആപ്പ് RoomSketcher Home Designer എന്ന പേരില്‍ പ്ലേ സ്റ്റോറില്‍ കിട്ടും.