നാല്‍പതു വര്‍ഷം കൊണ്ടു പണി തീര്‍ത്ത വീട്. പൊളിച്ചു മാറ്റിയ പഴയവീടുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ ഇവയുടെ ഭാഗങ്ങള്‍ കൊണ്ടാണ് നിര്‍മാണം. ഒറ്റ നോട്ടത്തില്‍ പഴയൊരു തറവാടാണെന്ന് തോന്നും, എറണാകുളം മുളന്തുരുത്തിയില്‍ നിന്ന് ആറേഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അഡ്വക്കേറ്റ് കെ.എ. അലക്‌സാണ്ടറുടെ ഈ വീട്ടിലെത്താം. 

പ്ലാന്‍

ഡിസൈനിങ്ങും പ്ലാനിങ്ങും അലക്‌സാണ്ടറുടേതു തന്നെ. നടുവില്‍ ഒരു പത്തായപ്പുരയും ചുറ്റും രണ്ടു മുറികളും ഉള്ള വീടിനെ അങ്ങനെതന്നെ നിലനിര്‍ത്തി അതിനു ചുറ്റും ബാക്കി മുറികള്‍ കൂടി പണിതു. വാസ്തുപരമായ ചിട്ടകള്‍ പരമാവധി ഒഴിവാക്കിയാണ് വീടിന്റെ നിര്‍മാണം. മേല്‍ക്കൂര പഴയ ഓടാണ്, അതുകൊണ്ട് വീടിനുള്ളില്‍ എത്ര വേനലിലും തണുപ്പ് നില്‍ക്കും. 

മുറ്റത്ത് ഒരുവശത്തായി പഴയ തൊഴുത്ത്, മുറ്റത്തിന്റെ പലഭാഗങ്ങളിലായി കരിങ്കല്ലിന്റെ ഒറ്റപ്പാളികള്‍ വിരിച്ച ഇരിപ്പിടങ്ങള്‍. വീടിനുചുറ്റും പലതരം ഫലവൃക്ഷങ്ങളും കാട്ടുചെടികളും. പ്രകൃതിയോടിണങ്ങി ജീവിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് എല്ലാം. ജനാലകള്‍ ധാരാളമുള്ളതുകൊണ്ട് വീടിനുള്ളില്‍ വെളിച്ചവും കാറ്റും ഇഷ്ടംപോലെ. 

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

പ്രത്യേകതകള്‍

വീടിന്റെ പോര്‍ച്ചില്‍ എത്തുമ്പോഴേ വരവേല്‍ക്കുന്നത് മൂന്ന് കല്‍ത്തൂണുകളാണ്. ചെറിയ കല്‍കഷ്ണങ്ങള്‍ ചേര്‍ത്താണ് ഓരോ തൂണും പണിതിരിക്കുന്നത്. വീടിന്റെ രണ്ടുവശത്തുള്ള വരാന്തകള്‍ കുത്തഴി പലകകള്‍ കൊണ്ടു മറച്ചിട്ടുണ്ട്. 

സ്വീകരണമുറിയിലെ നീളന്‍മേശ പഴയ ആട്ടുകട്ടിലാണ്. വശങ്ങളിലെ കൊത്തുപണികളൊക്കെ ഹാന്‍ഡ് വര്‍ക്കും. ഹാളില്‍ മച്ചിന് താങ്ങായി ഉപയോഗിച്ചിരിക്കുന്നത് തൂണുകളുടെ പഴക്കം ആര്‍ക്കും അറിയില്ല. മേശപ്പുറത്ത് വച്ചിരിക്കുന്ന മെഴുകുതിരി പാത്രം പണ്ട് തൈരും മോരും എടുക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രമാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഡൈനിങ് ടേബിളിലെ ഗ്ലാസ് ടോപ്പിന്റെ ഫ്രെയിം പഴയൊരു വീടിന്റെ കഴുക്കോലുകളാണ്. 

മച്ചില്‍ ഉപയോഗിച്ചിരിക്കുന്ന തടികള്‍. കൊത്തുപണികളുള്ള ഉത്തരം, വീടിനുള്ളില്‍ പലയിടങ്ങളിലായി വച്ചിരിക്കുന്ന പുഷ്പചക്രം, വീടിനുമുന്നിലെ വലിയ ലോഹമണി... എല്ലാം ആക്രിക്കടകളില്‍ നിന്നും എത്തിയവ. ഹാളിലെ ഭിത്തിയിലെ പകുതി മാത്രമുള്ള ക്രൂശിതരൂപം കൗതുകമുണര്‍ത്തും. 

പ്രധാന കിടപ്പുമുറിയിലെ കൊത്തുപണികളുള്ള കട്ടില്‍, സാധാരണ കട്ടിലിനോട് കൊത്തുപണികളുള്ള ഒരു കിളിവാതില്‍ മറ ചേര്‍ത്ത് വച്ചതാണ്. വീടിനെ ചെറിയൊരു ഹോംസ്റ്റേ ആക്കാനുള്ള ശ്രമത്തിലാണ് അലക്‌സാണ്ടര്‍.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക​

Content Highlights: home built in 40 years traditional house kerala home designs