ഗാർഗി
'മടുപ്പിക്കുന്ന പതിവുകാഴ്ചകളിൽനിന്ന് മാറിനടക്കുന്ന ഒരുവീട്'-സ്വന്തം വീടെന്ന സ്വപ്നം മനസിൽ ചേക്കേറിയ നാളുമുതൽ കോഴിക്കോട്ടുകാരിയും സാമൂഹിക പ്രവർത്തകയുമായ ഗാർഗിയുടെ ആഗ്രഹമായിരുന്നു ഇത്. സുഹൃത്തുക്കളായ ആർട്ടിസ്റ്റുകളുമായി ആശയങ്ങൾ പങ്കുവെച്ചതോടെ മാസങ്ങൾക്കുള്ളിൽ പിറന്നത് പതിവു ശൈലികളെ പൊളിച്ചെഴുതുന്ന ഒരു സ്വപ്നവീട്. ഇവിടെയെത്തുന്ന പലർക്കും പുറംകാഴ്ച കണ്ട് അതിശയം തോന്നിയേക്കാം. തീർത്തും പരിസ്ഥിതി സൗഹൃദമായും പരമാവധി പാഴ്വസ്തുക്കൾ ഉപയോഗിച്ചു കൊണ്ടുമാണ് വീടിന്റെ ഭൂരിഭാഗം നിർമാണങ്ങളും പൂർത്തിയാക്കിയത്.
ചെങ്കല്ലും ഹോളോ ബ്രിക്സും ജിപ്സം ചുവരുകളും മാത്രം ശീലിച്ചവർക്കിടയിയിൽ തനിമ ചോരാതെ മണ്ണുകൊണ്ടാണ് ഈ വീടൊരുക്കിയത്. വീട്ടിന്റെ ഒരു ഭാഗത്തും പ്രത്യേക കോർണറുകളില്ലായെന്നതും പ്രത്യേകതയാണ്. ഓർഗാനിക് ഫീലുള്ള വീടായി തോന്നണമെന്നുള്ളതിനാലാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. പരമാവധി ഓപ്പൺ സ്പെയ്സ് നൽകിയതിനാൽ പകൽസമയത്ത് ലൈറ്റിന്റെ ആവശ്യം വരുന്നേയില്ല. ചൂടുകുറവായതിനാൽ ഫാനിന്റെ ഉപയോഗവും വല്ലപ്പോഴും മാത്രം മതി. പരമാവധി തുറസ്സായ രീതിയിലാണ് അകത്തളങ്ങൾ ഒരുക്കിയിരിക്കുന്നത്.
രണ്ടു നിലകളായി ഒരുക്കിയ വീട്ടിൽ ഹാൾ, ലിവിങ് ഏരിയ താഴെയും മുകളിലും ഒരോ കിടപ്പുമുറികൾ രണ്ട് ബാത്ത്റൂമുകൾ, എന്നിവയാണ് ഉള്ളത്.
മണ്ണ്, സ്റ്റീൽ, കോൺക്രീറ്റ് എന്നിവകൊണ്ടുള്ള പുറംതോടിനുള്ളിൽ ഒളിഞ്ഞിരിക്കുകയാണ് വീട്. മുഴുവൻ സ്ട്രക്ച്ചറും പില്ലറുകളുമെല്ലാം സ്റ്റീൽ ഉപയോഗിച്ചാണ് നിർമിച്ചത്. ചെറിയ സ്റ്റീൽ കമ്പികളിൽ പൊട്ടിയ ഓട് വെച്ച് പിന്നീട് അതിനെ കമ്പികൊണ്ട് കെട്ടി മണ്ണ് നിറച്ചാണ് ചുവരുകൾ തയ്യാറാക്കിയത്. മേൽക്കൂര ഓട് പാകിയതാണ്. ഓടുകൾക്കിടയിൽ ഇടക്കിടെയായുള്ള വിവിധ വർണങ്ങളിലുള്ള ചില്ലുകൾ വീടിന്റെ ഭംഗി കൂട്ടുന്നു. ഉപയോഗശൂന്യമായ പൊട്ടിയ ടൈലുകൾ കൊണ്ടാണ് നിലം പാകിയത്.
.jpg?$p=bf27480&&q=0.8)
ചിരട്ടയും ഉണങ്ങിയ മരത്തിന്റെ ശിഖരങ്ങളും പഴയസാരികൊണ്ടുണ്ടാക്കിയ വിളക്കുകളുമാണ് ഉള്ളിൽ അലങ്കാര വസ്തുക്കളാക്കിയത്. അതുകൊണ്ടു തന്നെ രാത്രിയിൽ വീട് കൂടുതൽ സുന്ദരമാകും. സാരിത്തുമ്പുകളിൽ അലങ്കാരവെട്ടങ്ങൾ തെളിയുന്നതോടെ വീടിന്റെ രൂപം തന്നെ അടിമുടിമാറും. ഇതിൽ ഏറെ എടുത്തു പറയാവുന്ന ഒന്നാണ് ഹാളിന്റെ മധ്യ ഭാഗത്തായി ഉറപ്പിച്ച മരമാണ്. വിവിധ വർണത്തിലുള്ള കടലാസുകളും തുണികളും കൊണ്ട് മനോഹരമായി ശിഖരങ്ങൾ അലങ്കരിച്ചിട്ടുമുണ്ട്. ചുവരുകളിൽ അങ്ങിങ്ങായി ചില ചിത്രപ്പണികളും ഉണ്ട്. കണ്ണിൽ കുത്തികയറുന്ന നിറങ്ങൾ ഒന്നുമില്ലാതെ സ്വാഭാവികത്തനിമയിലാണ് വീടൊരുക്കിയതെന്നതും എടുത്തു പറയേണ്ട ഒന്നാണ്.
വീട്ടിലേയ്ക്ക് കയറാൻ ഒരു ഭാഗത്ത് ഭിന്നശേഷി സൗഹൃദ റാമ്പും തൊട്ടടുത്തായി സ്റ്റെപ്പുകളും ഒരുക്കിയിട്ടുണ്ട്. പിന്നീട് കയറിച്ചെല്ലുന്നത് വലിയൊരു ഹാളിലേക്കാണ്. ഇവിടുത്തെ ഏറ്റവും ആകർഷകമായ ഇടം ഹാളിന്റെ ഒരു ഭാഗത്തായി ഒരുക്കിയ ലിവിങ് ഏരിയയാണ്. മൂന്നടിയോളം താഴെയായി ഇരുപതോളംപേർക്ക് സുഖമായി ഇരിക്കാൻ പാകത്തിന് വൃത്താകൃതിയിലാണ് ഇവിടം ഒരുക്കിയത്. ഇതിനോട് ചേർന്ന് ഒരു ഭാഗത്തായി വീടിന്റെ അതേ ഉയരത്തിൽ മുളങ്കമ്പുകൾകൊണ്ട് അലങ്കാരം തീർത്തിട്ടുമുണ്ട്. ഈ ഭാഗം മുഴുവൻ ഓപ്പണാണ്. വീടിനകത്തേക്ക് പ്രധാനമായും കാറ്റും വെളിച്ചവുമെത്തുന്നതും ഈ ഭാഗത്തു കൂടിയാണ്.
.jpg?$p=f0948ce&&q=0.8)
40 ലക്ഷത്തോളം രൂപയാണ് വീടിനായി ചെലവായത്. പതിവിലും വ്യത്യസ്തമായി ആർക്കിടെക്ടുകൾക്കു പകരം എല്ലാ നിർമാണ മേഖലയിലും പ്രവർത്തിച്ചത് ആർട്ടിസ്റ്റുകളാണ്. തൃശൂർ സ്വദേശി ഷാന്റോ ആൻ്റണിയാണ് പ്രധാന ഡിസൈനർ. തൊണ്ടയാട് നെല്ലിക്കോട് ഭാഗത്താണ് വീട് സ്ഥിതിചെയ്യുന്നത്. ആഗ്രഹിച്ചതു പോലെ സ്വപ്നവീട് അതിന്റെ പൂർണതയിൽ ഒരുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗാർഗിയും മകനും.
ഈ വീട്ടിൽ പാചകം ഇരുന്നു മാത്രം
പഴയകാലത്ത് വീടിനു പുറത്ത് അടുപ്പുകൂട്ടി ഇരുന്നു പാകം ചെയ്യുന്ന രീതിയായിരുന്നു പലവീടുകളിലും. എന്നാൽ കാലം മാറിയതും ഗ്യാസും പുകയില്ലാ അടുപ്പുകളും വന്നതോടെയും പാചകം നിന്നു കൊണ്ടായി. എന്നാൽ താനൊരു വീടുവെക്കുമ്പോൾ അടുക്കളയിൽ ഇരുന്ന് പാകം ചെയ്യാനുള്ള സംവിധാനമൊരുക്കണമെന്നായിരുന്നു ഗാർഗി മുന്നോട്ടു വച്ച പ്രധാന നിർദ്ദേശം. കേരളത്തിലെ വീട്ടമ്മമാരിൽ ഭൂരിഭാഗം പേരുടെയും പുറംവേദനയ്ക്ക് കാരണം നിന്നുകൊണ്ടുള്ള ഭക്ഷണം പാകം ചെയ്യലാണെന്ന് ഇവർ പറയുന്നു. അതുകൊണ്ട് ഈ വീട്ടിലെ അടുക്കള ഇരുന്ന് പാകം ചെയ്യാൻ പറ്റുന്ന തരത്തിൽ നിർമിച്ചതാണ്.
Content Highlights: gargi's eco friendly home, eco friendly house design
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..