വീടിന്റെ പുറംമോടി നാട്ടുകാര്‍ക്കും അകംമോടി വീട്ടുകാര്‍ക്കും എന്നാണ് ചൊല്ല്. എന്നാല്‍ പലരും വീടിന്റെ പുറംമോടി കൂട്ടി അകക്കാഴ്ചകള്‍ക്ക് വലിയ പ്രാധാന്യം നല്‍കാതെയാണ് വീടൊരുക്കുന്നത്. വിശ്രമിക്കാനും സന്തോഷിക്കാനും ധാരാളം സൗകര്യങ്ങളുള്ള വീടാണ് സെയ്ബ്. മാഹി-കണ്ണൂര്‍ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഈ വീട് കാണാതെ പോകാന്‍ കഴിയില്ല. 

ഫ്രഞ്ച് കൊളോണിയല്‍ വാസ്തുകലയാണ് ഈ വീടിന്റെ എക്സ്റ്റീരിയര്‍ ഹൈലൈറ്റ്സ്. നാഷണല്‍ ഹൈവേ സൈഡില്‍ തട്ടുതട്ടായി താഴ്ന്നുനില്‍ക്കുന്ന സ്ഥലത്ത്, ഭൂമിയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടാണ് നിര്‍മാണം. 50 സെന്റ് സ്ഥലത്ത് 10000 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് ഒരുക്കിയത്. മാഹിയുടെ ഫ്രഞ്ച് ടച്ച് നിലനിര്‍ത്തുന്ന മൂന്ന് ബാസ്‌കറ്റ് ആര്‍ച്ചുകള്‍ എക്സ്റ്റീരിയറിന്റെ മാറ്റുകൂട്ടുന്നു.

coloniel

ആര്‍ക്കിടെക്ചറല്‍ ഡിസൈനര്‍ നസീര്‍ഖാനാണ് ഈ വീടിന്റെ ഡിസൈനും ഇന്റീരിയര്‍ ഡിസൈനും നിര്‍വഹിച്ചത്. ഒരുനിലയുള്ള വീടാണ് പെട്ടെന്നുള്ള കാഴ്ചയില്‍ ആദ്യം ശ്രദ്ധയില്‍പെടുക.

dryരണ്ടുനിലയും വിശാലമായ അണ്ടര്‍ഗ്രൗണ്ട് ഹാളും ചേര്‍ന്നതാണീ വീട്. ഒന്നാംനിലയിലും രണ്ടാംനിലയിലുമായി അഞ്ച് ബെഡ്റൂം, രണ്ടു ഹാള്‍, അടുക്കള, ഫാമിലി ലിവിങ്, പാന്‍ട്രി, പ്രാര്‍ഥനാമുറി, പിറകുവശത്ത് നീണ്ട വരാന്ത, കാര്‍പോര്‍ച്ച്, ഗസ്റ്റ് ഹൗസ് എന്നിവ ചേര്‍ന്നതാണ് ഈ വീട്.

റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന വലിയ ഗേറ്റുകടന്ന് അകത്ത് എത്തിയാല്‍ വിശാലമായ മുറ്റം കാണാം, അതിനു നടുക്കായി വലിയ ഫൗണ്ടൈന്‍. ടൈല്‍ പാകിയ വഴിക്ക് ഇരുവശത്തും പൂച്ചെടികളാല്‍ അലങ്കരിച്ച പുല്‍മൈതാനം.
ബെയ്ജ് കളറാണ് വീടിന് നല്‍കിയിരിക്കുന്നത്. ഒന്‍പത് വലിയ തൂണുകള്‍ ചേര്‍ന്നതാണ് വീടിന്റെ പൂമുഖം. എല്‍ ആകൃതിയിലുള്ള സിറ്റൗട്ടും അതിനടുത്തായി കാര്‍പോര്‍ച്ചും. റൗണ്ട് ടീ ടേബിളും നാലു മരക്കസേരകളുമാണ് സിറ്റൗട്ടിലെ പ്രധാന ഫര്‍ണിച്ചര്‍. സിറ്റൗട്ടിനുചുറ്റും ടൈല്‍പാകിയ തിണ്ണകളുണ്ട്. വരാന്തയോടുചേര്‍ന്ന് ചെറിയൊരു ലോണ്‍, അതില്‍ അലങ്കാരമായി പൂച്ചെടികള്‍.

ഇറ്റാലിയന്‍ മാര്‍ബിളാണ് വീടിന്റെ നിലത്ത് പതിച്ചത്. നാല് ജനലുകളോട് ചേര്‍ന്ന പ്രധാന വാതില്‍ കടന്ന് അകത്തുകടന്നാല്‍ വിശാലമായ ലിവിങ്ഹാള്‍. അവിടെനിന്ന് രണ്ടുപടി കയറിയാല്‍ ലിവിങ് ഏരിയയിലേക്ക് എത്താം.

ലിവിങ് ഹാളിനൊരു വശത്ത് രണ്ടു മലേഷ്യന്‍ സെറ്റികളും വുഡന്‍ ടീ ടേബിളും കോര്‍ണര്‍ സ്റ്റാന്‍ഡും മറുവശത്ത് ഗ്‌ളാസ് ഷോകേസും വുഡന്‍ടേബിളും സെറ്റ് ചെയ്തിട്ടുണ്ട്. അവിടെനിന്ന് വലത്തോട്ട് തിരിഞ്ഞാല്‍ സ്വീകരണമുറിയിലെത്താം. ചുറ്റുമുളള നാല് ജാലകങ്ങള്‍ മുറിയില്‍ പ്രകാശം നിറയ്ക്കുന്നു. നാല് ഡബിള്‍ കോട്ട് വെല്‍വെറ്റ് സെറ്റികളും വുഡന്‍ ടീ ടേബിളും ആള്‍ക്കണ്ണാടിയുമാണ് മുറിയിലെ പ്രധാന ഇന്റീരിയര്‍. ബെയ്ജ് നിറമുള്ള ഞൊറിയിട്ട ജാലക കര്‍ട്ടനും ചുവരിലെ പെയിന്റിങ്ങും മുറിയുടെ മാറ്റുകൂട്ടുന്നു. ഡിസൈന്‍ ചെയ്ത് ഇറക്കിയ ഫര്‍ണിച്ചറുകളാണ് ഇന്റീരിയര്‍ പ്രോപ്പര്‍ട്ടികളില്‍ കൂടുതലും.colonial

സ്വീകരണമുറിയില്‍നിന്ന് ഒരു രണ്ട് സ്റ്റെപ്പ് കയറിയാല്‍ ഡൈനിങ് ഏരിയയില്‍ എത്താം. ആറു കുഷ്യന്‍ ടോപ്പ് കസേരകളും ഗ്രാനൈറ്റ് ടോപ്പ് മേശയും ചുറ്റും ഷോ കേസുകളും ചേര്‍ന്നതാണ് ഡൈനിങ് ഏരിയ. ചില്ലുവാതിലുള്ള ഷോകേസില്‍ വിദേശനിര്‍മിത സ്ഫടികപാത്രങ്ങളാണ് അലങ്കാരം. അതിനടുത്തുതന്നെ വിശാലമായ വാഷ് ഏരിയയുണ്ട്.

ലിവിങ് ഏരിയയില്‍നിന്ന് ഇടതുഭാഗത്ത് കടന്നാല്‍ താഴത്തെ ബെഡ് റൂമിലെത്താം. കിച്ചണിലേക്കുള്ള വഴിയിലാണ് ലേഡീസ് റൂം. അവിടെനിന്ന് നേരെ കടന്നാല്‍ കിച്ചണില്‍ എത്താം. യു ആകൃതിയിലാണ് കിച്ചണ്‍ സെറ്റ് ചെയ്തത്.

സിങ്കും ഓവണും ഫ്രിഡ്ജും കുക്കിങ് റേഞ്ചും ഡിഷ് വാഷ് സെറ്റും ചേര്‍ന്ന കോമ്പിനേഷന്‍. താഴെയും മുകളിലുമായി മള്‍ട്ടി വുഡ് മരത്തില്‍തീര്‍ത്ത ക്യാബിനുകളുള്ള ന്യൂജനറേഷന്‍ കിച്ചണ്‍. ബ്‌ളാക്ക് ഗ്രാനൈറ്റ് ടോപ്പുള്ള പാന്‍ട്രിക്കകത്തിരുന്ന് ഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്. ആ മുറിയില്‍നിന്ന് താഴേക്ക് ഇറങ്ങിയാല്‍ വര്‍ക്കിങ് കിച്ചനിലെത്താം. അവിടെനിന്ന് വാതില്‍ തുറന്നാല്‍ അണ്ടര്‍ ഗ്രൗണ്ട് ഹാളിലെത്താം. വലിയ പാര്‍ട്ടികള്‍ നടത്താനുള്ള സൗകര്യമുണ്ടിവിടെ. അതിനടുത്ത വര്‍ക്ക് ഏരിയയും സെര്‍വന്റ് റൂമും സെറ്റ് ചെയ്തിട്ടുണ്ട്.

ലിവിങ്ഹാളിനു നടുവില്‍നിന്നാണ് മുകളിലേക്കുളള സ്റ്റെയര്‍കേസ് തുടങ്ങുന്നത്. കട്ടിയേറിയ തേക്കുമരത്തിലാണ് സ്റ്റെയര്‍ പണിതത്. ഗോവണി പത്തുപടി കയറിയാല്‍ അത് രണ്ടുഭാഗങ്ങളിലേക്കായി പിരിയും. പ്രകാശം കടത്തിവിടാന്‍ കഴിയുന്ന വൈറ്റ് ഓനിക്സ് മാര്‍ബിള്‍കൊണ്ടാണ് അവിടെ അലങ്കരിച്ചത്. 

15

ഒന്നാംനിലയില്‍ വിശാലമായ രണ്ട് ഓപ്പണ്‍ ഏരിയയുണ്ട്. മുകളിലെ ഫാമിലി ലിവിങ് ഏരിയയിലെ ചുവര് അലങ്കരിക്കുന്നത് രണ്ടു മണല്‍ച്ചിത്രങ്ങള്‍കൊണ്ടാണ്. നാല് സെറ്റികളും എല്‍.ഇ.ഡി. ടി.വി. സെറ്റും ഷോക്കേസ് സ്റ്റാന്‍ഡുകളുംകൊണ്ട് അവിടം പ്രൗഢമാക്കിയിട്ടുണ്ട്. അവിടെനിന്ന് പുറത്തേക്കുള്ള വാതില്‍ തുറന്നാല്‍ മുറ്റത്തെ പൂന്തോട്ടം കാണാം. ലിവിങ് ഏരിയയില്‍നിന്നാണ് ബെഡ്‌റൂമിലേക്ക് കടക്കുന്നത്. 

13

പ്രീമിയം സ്യൂട്ട് മോഡലിലാണ് മാസ്റ്റര്‍ ബെഡ്‌റൂം സെറ്റ് ചെയ്തത്. വുഡന്‍ ടൈലുകളാണ് നിലത്ത് പതിച്ചത്. ഡിസൈന്‍ഡ് ബെഡും വുഡന്‍ സൈഡ് റാക്കും വാര്‍ഡ്രോബും ഇന്‍ഡൊനീഷ്യന്‍ ക്‌ളാസിക് ഫര്‍ണിച്ചറുകളും ഇറ്റാലിയന്‍ ഓഫ് കളര്‍ സില്‍ക്ക് കര്‍ട്ടനുകളും മുറിക്ക് പ്രൗഢികൂട്ടുന്നു.മുകളിലെ മറ്റൊരു ബെഡ്റൂമില്‍ ഗ്രീന്‍ ടെക്ചര്‍ പെയിന്റിങ്ങാണ് ഹൈലൈറ്റ്സ്. മുറിയുടെ ഓരോ മൂലയിലും അതിനനുസരിച്ച ഇന്റീരിയര്‍ പ്രോപ്പര്‍ട്ടികൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

12

വുഡ് ആന്‍ഡ് ഗ്‌ളാസ് വര്‍ക്കുകള്‍ ഇന്റീരിയര്‍ സ്‌റ്റൈല്‍ ഒരേ യൂണിറ്റായി ഫീല്‍ ചെയ്യിക്കുന്നുണ്ട്. ഈ വീടിന്റെ പ്രധാന ഹൈലൈറ്റാണ് മുറികളില്‍ ഉപയോഗിച്ചിരിക്കുന്ന ഹാങ്ങിങ് ലൈറ്റുകള്‍. ഇറക്കുമതി ചെയ്ത ഇറ്റാലിയന്‍ ക്രിസ്റ്റല്‍ ആന്റിക് ലൈറ്റുകളാണ് അവയില്‍ കൂടുതലും.

10

കമനീയമായ ക്‌ളാസിക് ഇന്റീരിയര്‍ വര്‍ക്കുളള ഈ ഡ്രീം ഹൗസ് സൗദി അറേബ്യയില്‍ ബിസിനസുകാരനായ ഇ.കെ. മുഹമ്മദിന്റെതാണ്.  

8
Caption

2

Content Highlight: French colonial style home in kerala  french colonial style architecture french colonial style interiors

 സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ 2017 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്  സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ വാങ്ങിക്കാം