പുറത്തു നിന്നു നോക്കിയാല്‍ ഒരു ഒറ്റനിലവീട്, അകത്തേക്കു കടന്നാല്‍ മൂന്നുനിലകള്‍. കോഴിക്കോട് ജില്ലയിലെ ചേവായൂരിലുള്ള വെട്ടത്ത് ഹൗസിന് പ്രത്യേകതകള്‍ ഏറെയാണ്. ഡോ:മുരളി വെട്ടത്തിന്റെയും ഭാര്യ സുജയുടെയും ഉടമസ്ഥതയിലുള്ള വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് മകളും ആര്‍ക്കിടെക്ടുമായ അഭിരാമിയാണ്.

vettath

ഗോവയില്‍ പ്ലേഗ്രൂപ്പ് സ്റ്റുഡിയോയില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അച്ഛന്‍ മകളോട് പുതിയ സ്ഥലത്ത് വീട് നിര്‍മിക്കുന്നതിനെക്കുറിച്ചു പറയുന്നത്. ചെറിയൊരു വീടാണ് ഈ സ്ഥലത്ത് മുമ്പുണ്ടായിരുന്നത്. വാടകയ്‌ക്കോ ഹോം സ്റ്റേ ആക്കാനോ പറ്റുന്ന വിധത്തില്‍ ഒരു വീട് വേണമെന്നതായിരുന്നു അച്ഛന്റെ ആവശ്യമെന്ന് അഭിരാമി പറയുന്നു. നാല് ബെഡ്‌റൂം വേണമെന്നും രണ്ടു വീടാണെന്നു തോന്നണമെന്നതുമായിരുന്നു പ്രധാന നിര്‍ബന്ധങ്ങളിലൊന്ന്. വീടിന്റെ ഇരുവശത്തും പ്രവേശനം വേണമെന്നും അകത്തേക്കു കടന്നാല്‍ വേണമെങ്കില്‍ രണ്ടു വീടുകളായി വേര്‍തിരിക്കാനും കഴിഞ്ഞാല്‍ നല്ലതെന്നും പറഞ്ഞു. ഇതെല്ലാം ഉള്‍ക്കൊള്ളിച്ച് മകള്‍ അച്ഛനു വേണ്ടി വീട് ഡിസൈന്‍ ചെയ്യുകയായിരുന്നു.

കയറിച്ചെല്ലുമ്പോള്‍ കാണുന്നത് വീടിന്റെ പാര്‍ക്കിങ് ഏരിയയാണ്. പാര്‍ക്കിങ്ങ് സ്ഥലത്തിനു മുകളിലാണ് ഇവിടെ വീടുള്ളത്. ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ചുമരു കെട്ടിയ പാര്‍ക്കിങ് ഏരിയയുടെ വശത്തെ പടികള്‍ കയറിച്ചെല്ലുന്നത് ഗ്രൗണ്ട് ഫ്‌ളോറിലേക്കാണ്. സ്റ്റീല്‍ ഫ്രെയിമുകളില്‍ സിമന്റ് ഷീറ്റ് വച്ചു പിടിപ്പിച്ച പിവറ്റ് വാതിലുകളാണ് വീട്ടിലുള്ളത്. വാതില്‍ കടന്നെത്തുന്നത് വിശാലമായ ലിവിങ് മുറിയിലേക്ക്. ലിവിങ് റൂമിനും അടുക്കളയ്ക്കും ഇടയില്‍ ചുവരുകളില്ല. ഫെറോസിമന്റുകൊണ്ട് കിച്ചന്‍ കാബിനറ്റുകളും ഗ്രനേറ്റ് കൊണ്ട് കൗണ്ടര്‍ടോപ്പും നിര്‍മിച്ചു. കൗണ്ടര്‍ ടോപ്പിനോടു ചേര്‍ന്ന് കസേരകളിട്ട് ചെറിയൊരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

vettath

കഴിയാവുന്നത്ര ചുവരുകള്‍ കുറച്ച് ഓപ്പണ്‍ ശൈലിയിലാണ് വീട് നിര്‍മിച്ചത്. ബെഡ്‌റൂമുകള്‍ക്കിടയില്‍ മാത്രമാണ് ചുവരുകളുടെ മറയുള്ളത്. പരമാവധി ചിലവു കുറയ്ക്കാന്‍ നാട്ടില്‍ തന്നെ ലഭ്യമായിട്ടുള്ള മെറ്റീരിയലുകളാണ് തിരഞ്ഞെടുത്തതെന്ന് അഭിരാമി പറയുന്നു. ഇഷ്ടികകള്‍ കൊണ്ടാണ് ചുമരു കെട്ടിപ്പൊക്കിയത്. ലാറി ബേക്കര്‍ വികസിപ്പിച്ചെടുത്ത് റാറ്റ് ട്രാപ് ബോണ്ട് എന്ന രീതിയാണ് ഇഷ്ടികകള്‍ കെട്ടാന്‍ സ്വീകരിച്ചത്. ഇഷ്ടികകളുടെയും സിമന്റിന്റെയും അളവ് ഇരുപത്തിയഞ്ചു ശതമാനത്തോളം ഈ രീതിവഴി കുറയ്ക്കാന്‍ സാധിക്കുമെന്ന് അഭിരാമി പറയുന്നു. ഇഷ്ടികയും സ്റ്റീല്‍ഫ്രെയിമും കടപ്പയും കൊണ്ടാണ് ചുമര്‍ നിര്‍മിച്ചത്.

വായുവും വെളിച്ചവും ആവോളം കടക്കും വിധത്തില്‍ ധാരാളം ജനലുകളും വീട്ടില്‍ നല്‍കിയിട്ടുണ്ട്. പകല്‍സമയത്ത് വൈദ്യുതി ഇല്ലെങ്കിലും ചൂടോ വെളിച്ചക്കുറവോ അനുഭവപ്പെടില്ല. ഇഷ്ടികകള്‍ കൊണ്ടുള്ള ചുമരിനു മീതെ പ്ലാസ്റ്ററിങ് ചെയ്യാതിരുന്നതും പെയിന്റ് പൂശാതിരുന്നതും ചിലവു കുറച്ചു.

vettath

സ്റ്റെയര്‍കെയ്‌സ് കയറിച്ചെല്ലുന്നത് മറ്റൊരു ലിവിങ് റൂമിലേക്കാണ്. പുറത്തു നിന്നും ഈ നിലയിലേക്ക് മറ്റൊരു പ്രവേശനവഴിയുമുണ്ട്. താഴത്തെ നിലയിലേതു പോലെ ലിവിങ് റൂമിനോടു ചേര്‍ന്ന് ഓപ്പണ്‍ ശൈലിയിലാണ് അടുക്കളയുടെ നിര്‍മാണം, രണ്ടു ബെഡ്‌റൂമുകളും ഇവിടെയുണ്ട്. 

vettath

മൂന്നാമത്തെ നിലയില്‍ വിശാലമായൊരു ബെഡ്‌റൂമും ബാത്‌റൂമും. തുറസ്സായ പ്രതീതി നിലനിര്‍ത്തുന്നതിനൊപ്പം തന്നെ സ്വകാര്യതയ്ക്കും ഇടം നല്‍കുന്ന രീതിയിലാണ് വീടിന്റെ നിര്‍മാണം. ആവശ്യം വന്നാല്‍ രണ്ടു വീടായും ഉപയോഗിക്കാനാവും വിധത്തിലാണ് ഈ ഒറ്റവീടിന്റെ നിര്‍മാണം.

vettath


നിങ്ങളുടെ വീട് മാതൃഭൂമി ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Content Highlights: dr murali vettath house designed by daughter abhirami