-
തൃശ്ശൂര്‍ സ്വദേശി ഹനീഷ് ഇന്റീരിയര്‍ ഡിസൈനറാണ്. അതുകൊണ്ടു തന്നെ സ്വന്തം വീട് പണിതപ്പോള്‍ ഇന്റീരിയര്‍ മാത്രമല്ല വീട് മൊത്തമായും ഹനീഷ് തന്നെ ഡിസൈന്‍ ചെയ്തു. അതോടെ ചെലവും കുറഞ്ഞു. 22 ലക്ഷം രൂപമാത്രമാണ് ഈ വീടിന്റെ നിര്‍മാണച്ചെലവെന്ന് പറഞ്ഞാല്‍ കാണുന്നവര്‍ ആരും വിശ്വസിക്കില്ല. കണ്ടംപററി സ്‌റ്റൈലില്‍ ഓപ്പണ്‍ ശൈലിയിലാണ് ശ്രീയ എന്ന ഈ ഇരുനില വീടിന്റെ നിര്‍മാണം.
രണ്ട് നിലയില്‍ കോണ്‍ക്രീറ്റ് അധികമുപയോഗിക്കാതെ ജിപ്‌സം പ്ലാസ്റ്ററിലാണ് വീട് പണിതിരിക്കുന്നത്. നിര്‍മാണത്തിന് ആവശ്യമായ തടി, കട്ട, റൂഫ് ടൈല്‍സ് എല്ലാം റീയൂസ്ഡ് മെറ്റീരിയലുകളും. ഏഴുസെന്റ് സ്ഥലത്ത് 1550 സ്‌ക്വയര്‍ ഫീറ്റാണ് വീടിന്റെ വലിപ്പം.

ക്ലോസ്ഡ് ആയ വീട് വേണ്ട നല്ല വായുവും വെളിച്ചവും നിറയുന്ന വീട് മതിയെന്നതായിരുന്നു ഹനീഷിന്റെ ആഗ്രഹം. മാത്രമല്ല ചെലവും ചൂടും കുറക്കാനും ഇത്തരം സംവിധാനം സഹായിച്ചു. ചൂട് കൂടി വരുന്നതിനാല്‍ കോണ്‍ക്രീറ്റ് അധികം ഉപയോഗിക്കാതെ ജിപ്‌സം പ്ലാസ്റ്ററിങാണ് വീടിന്റെ ഉള്‍ഭിത്തികളിലെല്ലാം നല്‍കിയത്. വീടിന്റെ പുറം ഭാഗം മാത്രമാണ് കോണ്‍ക്രീറ്റ് ഉപയോഗിച്ച്് പ്ലാസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് ചെലവും കുറച്ചു. മുകള്‍ നില കോണ്‍ക്രീറ്റ് ചെയ്യുന്നതിന് പകരം ഓട് വിരിച്ചു. പഴയ ഓട് റീയൂസ് ചെയ്യുകയാണ് ചെയ്തത്. ബ്രിക്‌സുകള്‍ക്കിടയില്‍ സ്ഥലമിട്ട് ചൂട് കുറക്കുന്ന രീതിയിലാണ് ഭിത്തിയുടെ നിര്‍മ്മാണം. റാറ്റ് ട്രാപ്പ് മോഡല്‍ എന്നാണ് ഇതിനെ പറയുക. സ്‌റ്റെയര്‍ വാര്‍ക്കുന്നതിന് പകരം ജി.ഐ സ്റ്റീലുപയോഗിച്ച് പടികള്‍ നിര്‍മിച്ചു. ജിപ്‌സം ഷീറ്റുകള്‍ കൊണ്ട് കവര്‍ ചെയ്ത ശേഷം കോസ്റ്റ് കുറഞ്ഞ പ്രൊസസ്ഡ് പൈന്‍ ഉപയോഗിച്ച് ഇത് പ്ലാസ്റ്റര്‍ ചെയ്തു.

വീടിന്റെ മുറ്റം ഗേറ്റ് മുതല്‍ സിറ്റൗട്ട് വരെ ഇന്റര്‍ ലോക്ക് ചെയ്ത കല്ല് പതിച്ചിരിക്കുന്നു. ബാക്കി ഭാഗം മെറ്റല്‍ വിരിച്ച് ഭംഗിയാക്കി. സിറ്റൗട്ടില്‍ നിന്ന് നേരെ കടക്കുന്നത് ലിവിങ് റൂമിലേക്കാണ്. ഇവിടെ നിന്ന് വിശാലമായ കോര്‍ട്ട് യാര്‍ഡിലേക്കും. കോര്‍ട്ട് യാര്‍ഡില്‍ നിന്നാണ് ബാക്കിയുള്ള മുറികളിലേക്കുള്ള വാതിലുകളെല്ലാം. മുകളില്‍ റൂഫിങ് ഉണ്ടെങ്കിലും വളരെ വിശാലമായതിനാല്‍ ഓപ്പണ്‍ കോര്‍ട്ട് യാര്‍ഡ് ആണെന്ന ഫീലിങ് വരും.

ലിവിങില്‍ നിന്ന് കോര്‍ട്ടിയാര്‍ഡിലേക്ക് തുറക്കുന്ന വാതിലിന്റെ ഇരുവശത്തെയും ഭിത്തികള്‍ പകുതി ഭാഗം ഷോ വോള്‍ പോലെയാണ് തയ്യാറാക്കിയിരിക്കുന്നത്. ലിവിങില്‍ നിന്ന് കോര്‍ട്ട് യാര്‍ഡിലേക്കുള്ള കാഴ്ച മനോഹരമാക്കാനാണ് ഇങ്ങനെ ചെയ്തത്. ഓപ്പണ്‍ ഫീലിങ് നല്‍കാനും ഇത് സഹായിക്കുന്നു.

കോര്‍ട്ട് യാര്‍ഡിന്റെ നടുവിലൂടെ നടന്നുവേണം വീടിന്റെ അടുത്ത ഭാഗത്തേക്ക് പ്രവേശിക്കാന്‍. അതിനായി കോര്‍ട്ട് യാര്‍ഡിന്റെ നടുവിലൂടെ ഒരു ടൈല്‍ പതിച്ച നടപ്പാതയും നല്‍കിയിരിക്കുന്നു. ഇവിടെ നിന്ന് ഓപ്പണ്‍ കിച്ചണ്‍, ഡൈനിങ് എന്നിവിടങ്ങളിലേക്ക് കടക്കാം. താഴെ ഒരു കിടപ്പു മുറിയും അറ്റാച്ച്ഡ് ബാത്ത് റൂമും ഒരു കോമണ്‍ ബാത്ത്‌റൂമും ഒരുക്കിയിരിക്കുന്നു.

കോര്‍ട്ട് യാര്‍ഡാണ് ഈ വീടിന്റെ പ്രധാന ആകര്‍ഷണം. കോര്‍ട്ട് യാര്‍ഡിന്റെ ഒരു വശത്തെ ഭിത്തിയില്‍ വലിയൊരു ബുദ്ധരൂപമാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ നേരെ എതിര്‍വശത്തായി ഒരു തുളസിത്തറയുമുണ്ട്. കോര്‍ട്ട് യാര്‍ഡില്‍ നിന്നാണ് മുകളിലേ നിലയിലേക്കുള്ള സ്‌റ്റെയര്‍ ആരംഭിക്കുന്നത്.

മുകളില്‍ രണ്ട് മുറികള്‍. ഒരു മുറിയുടെ മുന്‍ഭാഗത്തായി ബാല്‍ക്കണി. ഒരുഭാഗത്ത് ഓപ്പണ്‍ ടെറസുമുണ്ട്. മുറിയുടെ പിന്‍ഭാഗത്തായി ഉള്ള ചെറിയ സ്ഥലം സ്റ്റഡി റൂമായി ഉപയോഗിക്കുന്നു. മഴവെള്ളം പാഴാക്കാതെ കിണര്‍ റീച്ചാര്‍ജ് ചെയ്യുന്ന രീതിയിലുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു.
Content Highlights: cost effective modern design home kerala home design
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..