നാനൂറ് സ്വയര്‍ ഫീറ്റില്‍ മൂന്ന് മുറികള്‍ മാത്രമുള്ള വീട്. അതും കുട്ടനാട്ടിലെ വെള്ളം കയറുന്ന സ്ഥലത്ത്. വീടൊന്ന് പുതുക്കിപ്പണിയേണ്ടി വരുമ്പോള്‍ എന്ത് ചെയ്യും എന്നായിരുന്നു രവീന്ദ്രന്റെ മനസ്സില്‍. ആര്‍ക്കിടെക്ട് കൂടിയായ മകന്‍ രഞ്ജിത്ത് വീടിനെയൊന്ന് മാറ്റിപ്പണിതു. കോസ്റ്റ് ഇഫക്റ്റീവാക്കാന്‍ എല്ലാ വഴിയും നോക്കി. 25 ലക്ഷം രൂപ ചെലവില്‍ 1250 സ്‌ക്വയര്‍ ഫീറ്റിലാണ് പുതിയ വീട്. ഭൂമിയെ നോവിക്കാതെ പണിത അടിപൊളി വീടിന്റെ വിശേഷങ്ങള്‍ നോക്കാം.
നനവുള്ള മണ്ണിന് അധികം ഭാരം നല്‍കാതെയാണ് വീട് പുതുക്കിപ്പണിതിരിക്കുന്നത്. പഴയ വീടിന്റെ മൂന്ന് മുറികള്‍ അങ്ങനെ തന്നെ നിലനിര്‍ത്തി. വീടിന്റെ സിറ്റൗട്ടില്‍ നിന്നും ആദ്യം എത്തുന്നത് ഒരു ഫോയറിലേയ്ക്കാണ്. ഫോയറിന്റെ വലതുഭാഗത്ത് ലിവിങ് റൂമാണ്. ഫോയറില്‍ നിന്ന് ഡൈനിങ് ഹാളിലേയ്ക്കാണ് മറ്റൊരു വാതില്‍. ഡൈനിങ് റൂമില്‍ നിന്നാണ് മറ്റ് മുറികളിലേയ്ക്കുള്ള പ്രവേശനം. ഡൈനിങ് റൂമിന്റെ ഒരു വശത്ത് ഓപ്പണ്‍ കിച്ചണ്‍ നല്‍കിയിരിക്കുന്നു. ഡൈനിങിന് നേരെയുള്ള ഭാഗമാണ് കോര്‍ട്ട് യാര്‍ഡ്. ഇതിന് ഇരു വശത്തും രണ്ട് കിടപ്പുമുറികള്‍ നല്‍കിയിട്ടുണ്ട്. ഒന്നില്‍ അറ്റാച്ച്ഡ് ബാത്ത് റൂമും നല്‍കി. ഒരു കോമണ്‍ ബാത്ത് റൂമും നല്‍കിയിരിക്കുന്നു.
നനവ് കൂടുതലുള്ള മണ്ണായതിനാലും വെള്ളം കയറുന്ന സ്ഥലമായതിനാലും വീടിന്റെ ഭാരം കുറച്ചു. ഇതിന് വേണ്ടി എ.സി.സി ബ്രിക്‌സ് ഉപയോഗിച്ച് ഭിത്തികള്‍ പണിതു വാര്‍പ്പിന് റൂഫിങ് ഓടും നല്‍കി. പാരപ്പറ്റ് കെട്ടുന്നതും രണ്ട് നില പണിയുന്നതും ഒഴിവാക്കി. ജനാലകള്‍ക്ക് അലുമിനിയം വിന്‍ഡോസാണ്. ഡോറുകള്‍ക്ക് മാത്രമാണ് തടി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ബെഡ്‌റൂമില്‍ ബില്‍റ്റ് ഇന്‍ കിടക്കകളും ഒരുക്കിയിരിക്കുന്നു. കോണ്‍ക്രീറ്റില്‍ പണിത് അതില്‍ തടി കൊണ്ട് പാനല്‍ ചെയ്താണ് കിടക്കകളുടെ നിര്‍മ്മാണം.
വീടിനുള്ളില്‍ ധാരാളം വായുവും വെളിച്ചവും ലഭിക്കാന്‍ വലിയ ജനാലകള്‍ നല്‍കി. ഒറ്റനില വീടായതിനാല്‍ മൂന്ന് ലെവലായാണ് ഇതിന്റെ നിര്‍മാണം. ആദ്യമേ ഉണ്ടായിരുന്ന മുറികളുടെ ഭിത്തി 9 അടി ഉയരത്തിലും പുതുതായി എടുത്ത മൂന്ന് മുറികള്‍ 11 അടി ഉയരത്തിലുമാണ്. അടുക്കള ഏഴടി ഉയരത്തിലും. എലവേഷന്‍ നന്നായി ലഭിക്കാനാണ് ഭിത്തികള്‍ക്ക് ഉയരം കൂട്ടി പല ലെവലുകളില്‍ പണിതിരിക്കുന്നത്.
വീട് മുഴുവന്‍ പെയിന്റ് ചെയ്തിട്ടില്ല. പകരം സിമന്റ് ഫിനിഷിങ് എടുത്ത് കാണുന്ന രീതിയില്‍ ഭിത്തികളില്‍ ക്ലിയര്‍ അടിച്ചിരിക്കുന്നു. പില്ലറുകളിലും സിമന്റ് ഫിനിഷ് തന്നെയാണ്. കിച്ചണിലും ഒരു കിടപ്പു മുറിയിലും മാത്രമാണ് സീലിങ് പെയിന്റ് ചെയ്തത്. ബാക്കി മുറികളില്‍ സീലിങ് പ്ലാസ്റ്റര്‍ ചെയ്തു, ഇവയെല്ലാം ചെലവു കുറച്ചു.
വീടിനുള്ളില്‍ ചൂട് കുറക്കാനും ഭംഗിക്കും വേണ്ടിയാണ് കോര്‍ട്ട്‌യാര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. ഇത് ഓപ്പണ്‍ കോര്‍ട്ട് യാര്‍ഡ് ആണ്. വെയിലും മഴയുമൊക്കെ ഉള്ളില്‍ ലഭിക്കുന്ന രീതിയില്‍. കോര്‍ട്ട്‌യാര്‍ഡിന്റെ ചുമര്‍ പകുതിവരെ സാധാരണ ഇഷ്ടിക ഉപയോഗിച്ചും ബാക്കി ഭാഗം ഹോളോ ബ്രിക്‌സും ഉപയോഗിച്ച് പണിതിരിക്കുന്നു. മുറ്റം മെറ്റലിട്ട് ഭംഗിയാക്കുകയാണ് ചെയ്തിട്ടുള്ളത്. സിറ്റൗട്ടിന് അരികിലായി മുറ്റത്ത് ചെറിയൊരു പച്ചക്കറിത്തോട്ടവും ഉണ്ട്.
Project Details
Location: Kuttanad
Owner: Raveendran
Designer: Ranjith Raveendran( Thoughtline Designers)
Cost: 25 Lakhs
Area in Square Feet : 1250 sqft
Content Highlights: Cost effective home renovations