കടുത്ത ചൂടിനാല്‍ നാടും നഗരവും വെന്തുരുകുകയാണ്. പകല്‍സമയത്ത് പുറത്തേക്കിറങ്ങി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. വീടിനകത്ത് ഫാനില്‍നിന്നും കിട്ടുന്നത് പോലും ഉഷ്ണക്കാറ്റ്. എങ്ങനെ കിടന്നുറങ്ങും? ചൂട് കുറയ്ക്കുന്ന വീടുകള്‍ താരമാകുന്നത് ഇവിടെയാണ്.
കോണ്‍ക്രീറ്റ് കുറച്ചു, ചൂടും കുറഞ്ഞു
വീട് പണിതപ്പോള്‍ ചൂടിനെ നേരിടാന്‍ കോണ്‍ക്രീറ്റ് കുറക്കാം എന്ന ഐഡിയ തോന്നിയത് മലപ്പുറം കാരനായ സമീര്‍ ബിന്‍സിക്കാണ്. പകരം സ്റ്റീല്‍ പില്ലറുകളും സ്റ്റീല്‍ ബീമുകളും ഉപയോഗിച്ചു. മെയിന്റനന്‍സും കുറവ് . വീടുപണി തീരാനോ അഞ്ച് മാസമേ വേണ്ടി വന്നുള്ളൂ.
എന്തൊക്കെ: ഹുരുഡീസ് ബ്ലോക്കുകള്‍ ലോക്ക് ചെയ്തശേഷം മച്ചടിച്ച് അതിന് മുകളില്‍ മണ്‍ടൈലുകള്‍ പാകി. ഇരുമ്പിന്റേതാണ് ജനാലകള്‍. ഇന്റീരിയര്‍ ഡോറുകളെല്ലാം റെഡിമെയ്ഡാണ്. കിച്ചന്കാബിനുകളും വാര്‍ഡ്രോബുകളും അലൂമിനിയം ഫാബ്രിക്കേഷന്‍. തടിക്ക് പകരം റബ് വുഡാണ് ഉപയോഗിച്ചത്. ഇന്‍ബില്‍റ്റ് ഷീറ്റുകള്‍ നല്കി. അഞ്ചര സെന്റിലാണ് മൂന്നുനിലയുള്ള ഈ വീട്.

എങ്ങനെ ചൂട് കുറയ്ക്കും: ഹുരുഡീസ് ബ്ലോക്കുകളുടെ ഉള്ള് പൊള്ളയായതിനാല്‍ വീടിനുള്ളിലെ ചൂട് കുറയും. ഉയരം കൂടിയ മേല്‍ക്കൂരയും ചൂടിനെ കുറയ്ക്കും. ചുവരുകള്‍ക്ക് കനം കുറവായതിനാല്‍ കാര്‍പ്പറ്റ് ഏരിയയും കൂടുതല്‍ ലഭിക്കും.
അങ്ങനെയൊന്നും ചൂടാവില്ല
കോണ്‍ക്രീറ്റ് വീടുകളുടെ ഒരു ദോഷം വേനലിലെ പൊള്ളുന്ന ചൂടാണ്. എന്നാല്‍ ചൂടാവാത്ത കോണ്‍ക്രീറ്റ് വീടാണ് കടന്നമണ്ണയിലെ നവാസിന്റേത്.
എങ്ങനെ ചൂട് കുറയ്ക്കും: ഗ്രൗണ്ട് ഫ്ളോര്‍ സ്ലാബ് ചെയ്തിട്ട് ഫസ്റ്റ് ഫ്ളോര്‍ ഔട്ടര്വാള് മാത്രം ചെയ്ത ശേഷം ഒന്നിച്ച് റൂഫ് ചെയ്തു. അതുകൊണ്ടുതന്നെ താഴത്തെ സ്ലാബുകള്‍ ചൂടുപിടിക്കില്ല. ലിന്റല്‍ ഒഴിവാക്കി മെയിന്‍ സ്ലാബ് വരെ ചുമരിന് ഉയരം കൂട്ടി. വലിയ ജനലുകള്‍ ചെയ്തതിനുശേഷം അതിന് മുകളില്‍ എയര്ഹോള് പണിതു. ലിന്റല്‍ ഒഴിവാക്കിയതിനാല്‍ അതിന്റെ ചെലവും കുറഞ്ഞു. കോണ്‍ക്രീറ്റിനെ സംരക്ഷിക്കാന്‍ ഫസ്റ്റ് ഫ്ളോറില്‍ റൂഫ് ചെയ്തതുകൊണ്ടും മുകളില്‍ ധാരാളം സ്പേസ് നല്കിയതും താഴെയുള്ള മുറികളിലെ ചൂട് കുറയ്ക്കും. നല്ല ഉയരത്തിലാണ് റൂഫ്. മാക്സിമം സണ്‍ഷെയ്ഡും നല്കിയിരിക്കുന്നു. വീടിന് ട്രെഡീഷണല്‍ ലുക്ക് നല്‍കാനും കഴിഞ്ഞിട്ടുണ്ട്.
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
വിവരങ്ങള്‍ക്ക് കടപ്പാട്:
വാജിദ് റഹ്മാന്, ഹൈറാര്‍ക്കി ആര്‍ക്കിടെക്ട്സ്
മങ്കട, മലപ്പുറം
Content Highlights: Cool Home Without Air Conditioning