അച്ഛനുമമ്മയ്ക്കും മൂന്ന് ആണ്‍മക്കള്‍. മൂവരും വിവാഹിതരായി, കുഞ്ഞുങ്ങളായി. കുടുംബങ്ങള്‍ വലുതായപ്പോള്‍ തറവാട്ടുവീട്ടില്‍ സ്ഥലം പോര. വെവ്വേറെ വീട് വച്ചു പിരിയാന്‍ അവര്‍ക്കാര്‍ക്കും ഇഷ്ടവുമില്ല. കണ്‍ഫ്യൂഷന്‍ തീര്‍ക്കാന്‍ അവരൊരു പരിഹാരം കണ്ടെത്തി; കമ്യൂണിറ്റി ലിവിങ് ! കോഴിക്കോട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സിനു പിന്നിലെ ശ്രീദേവിക എന്ന വീട് കണ്ടാല്‍ ഒരു വലിയ ഇരുനില വാര്‍പ്പ് വീടെന്നേ പറയൂ. സത്യത്തില്‍ ഇത് മൂന്നു വീടുകള്‍ ചേര്‍ന്ന ഒറ്റ വീടാണ്. 

'' നാല് കിടപ്പുമുറികളുള്ള ഒരു വാര്‍പ്പ് വീടായിരുന്നു ഇത്. കുറച്ചുകൂടി സൗകര്യം വേണമെന്നായി. വീടിന്റെ പിന്നില്‍ കുറച്ച് സ്ഥലമുണ്ട്. ഒരു അഞ്ചു സെന്‌റ് സ്ഥലം കൂടി വാങ്ങി രണ്ട് വീടുകള്‍ പുതുതായി പണിയാമെന്ന് ആദ്യം ആലോചിച്ചു, '' കുടുംബനാഥന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. നാട്ടിലെ പരമ്പരാഗത കച്ചവടക്കാരനാണ് സുബ്രഹ്മണ്യന്‍. വീടിനോട് ചേര്‍ന്ന് ദേവിക സ്റ്റോര്‍സ് എന്ന കടയും ക്വാട്ടേഴ്‌സ് ജങ്ഷനിലെ സുരേഷ് ബേക്കറിയും നടത്തുന്നു. 

നാട്ടുകാരനായ എഞ്ചിനീയര്‍ സതീഷാണ് ഒരു വീടിനെ മൂന്ന് വീടാക്കാമെന്ന ആശയം മുന്നോട്ടു വെക്കുന്നത്. '' മുകളില്‍ രണ്ടു മുറികളുള്ള 1800 സ്‌ക്വയര്‍ഫീറ്റ് വാര്‍പ്പ് വീടാണ് ഞങ്ങളുടേത്. അപാര്‍ട്‌മെന്റ് രീതിയില്‍ പണിതുടങ്ങി. പഴയ വീടിനുള്ളിലെ സ്റ്റെയര്‍കേയ്‌സ് പൊളിച്ച് ആ ഭാഗത്ത് വാര്‍പ്പിട്ട് അടച്ചു. വീടിന്റെ ഉള്ളില്‍ എക്സ്റ്റന്‍ഷന്‍ കൊടുത്ത് മൂന്നു ബെഡ്‌റൂമുകളുള്ള വീടാക്കി സൗകര്യപ്പെടുത്തി''. 

community living
താഴത്തെ വീടിനോട് ചേര്‍ന്ന് മുകളിലെ അപാര്‍ട്‌മെന്റുകളിലേക്കുള്ള മെയിന്‍ വാതിലും സ്റ്റെയര്‍കെയ്‌സ് റൂമും

താഴെ പുതുക്കിയ പഴയ വീട്. അവിടെ കുടുംബനാഥനും ഇളയമകനും കുടുംബവും താമസിക്കുന്നു. മുറ്റത്തിറങ്ങിയാല്‍ പുറത്ത് ഉമ്മറക്കോലായയോട് ചേര്‍ന്ന മുറിയിലാണ് മുകളിലെ അപാര്‍ട്‌മെന്റുകളിലേക്കുള്ള സ്റ്റെയര്‍കെയ്‌സ്. അതിനൊരു മെയിന്‍ വാതില്‍. 

ഒന്നിച്ച് ഒരു കുടുംബമായി, അതേസമയം വെവ്വേറെ വീടുകളിലുള്ള സ്വാതന്ത്ര്യത്തോടെയുള്ള ജീവിതം. വേണമെങ്കില്‍ പുതിയകാലത്തെ കൂട്ടുകുടുംബ മാതൃക എന്നും പറയാം. പുതിയ ജീവിതത്തിന്റെ ഗുണങ്ങള്‍ എല്ലാവര്‍ക്കുമുണ്ട് പറയാന്‍. 

'' ഞങ്ങള്‍ക്ക് വയസ്സായി, ഇവരൊക്കെ വേറെ വീട് വച്ചുപോയാല്‍ പിന്നെ ആരാ ഉണ്ടാവുക എന്നായിരുന്നു ടെന്‍ഷന്‍. വിചാരിച്ചിരുന്നില്ല എല്ലാവരും ഒരുമിച്ചായിരിക്കുമെന്ന്. ഇപ്പോള്‍ ഈശ്വരാധീനം കൊണ്ട് സന്തോഷമായിക്കഴിയുന്നു. ഞങ്ങള്‍ക്ക് ഏത് വീട്ടിലും നില്‍ക്കാം. ഇപ്പോള്‍ ഇളയ മകന്റെ കൂടെയാണ്. വീട്ടില്‍ ആളില്ല എന്ന അവസ്ഥയില്ല. നാലു പേരക്കുട്ടികളും എന്നും എന്റെ അടുത്തുവരും. സ്‌കൂളില്‍ പോവുമ്പോഴും വരുമ്പോഴും കുട്ടികള്‍ റ്റാറ്റാ പറഞ്ഞിട്ടേ പോവൂ. '', സുബ്രഹ്മണ്യന്റെ ഭാര്യ ബേബി പേരക്കുട്ടികളെ ഒരുമിച്ച് അടുത്തുതന്നെ കിട്ടിയതിന്റെ സന്തോഷത്തിലാണ്. 

community living
മുകളിലെ രണ്ട് അപാര്‍ട്‌മെന്റുകളിലേക്കുള്ള മുന്‍വാതിലുകള്‍, വെളിച്ചത്തിന് പര്‍ഗോള

മുകളിലെ വീട്ടുകാര്‍ ടെറസ്സിലും ബാല്‍ക്കണിയിലും ചെടികള്‍ വച്ച് ചെറിയ തോട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. '' ഇവിടെ ആര്‍ക്കും പ്രത്യേകമായിട്ടൊന്നുമില്ല. എല്ലാവര്‍ക്കും എല്ലാമെടുക്കാം, ഉപയോഗിക്കാം. നന്നാക്കി കൊണ്ടുനടക്കാം'', ഈ വലിയ കുടുംബം ഒന്നിച്ചു പറയുന്നതില്‍ മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാവുന്ന എന്തൊക്കെയോ നന്മകളുണ്ട്. 

ഇനി വൃദ്ധസദനങ്ങള്‍ വേണ്ട

ഒരു കുടുംബം വലുതാവുമ്പോള്‍ ഒന്നിച്ച് ഒരു കെട്ടിടത്തില്‍ വ്യത്യസ്ത വീടുകളായി കഴിയുന്ന കമ്മ്യൂണിറ്റി ലിവിങ് എന്ന രീതിയാണിത്. ശ്രീദേവിക എന്ന പഴയ വീടിനെ മൂന്നു വീടുകളാക്കി മോഡിഫൈ ചെയ്തു. രണ്ട് വീടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. മൂന്ന് കിടപ്പുമുറികള്‍, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, വര്‍ക്ക് ഏരിയ, ബാല്‍ക്കണി, അടുക്കള, ബാത്‌റൂമുകള്‍ എന്നിങ്ങനെ മൂന്നു വീടുകള്‍ക്കും നല്‍കി. മുകളിലുള്ള ഒരുവീടിന് ഡൈനിങ്ങും ലിവിങ്ങും ഒരുമിച്ചാണ്. മറ്റേതിന് രണ്ടും രണ്ടായിട്ടു നല്‍കി. പഴയ വീടിന് മേല്‍ നിര്‍മാണമായതിനാല്‍ വീടുകളുടെ റൂം സൈസില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായി. 

community living
വിശാലമായ ലിവിങ് റൂം

വീട് നിര്‍മാണത്തില്‍ ചെറുതല്ലാത്ത സാമ്പത്തിക ലാഭവുമുണ്ടായി. അഞ്ച് സെന്റ് സ്ഥലം വാങ്ങി അതില്‍ മൂന്ന് ബെഡ്‌റൂമുകളുള്ള 1500 സ്‌ക്വയര്‍ഫീറ്റ് വീടുണ്ടാക്കുന്നു എന്ന് കരുതുക. ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള വീടാകുമ്പോള്‍ അതിന് പ്രത്യേകം സിറ്റൗട്ടും വര്‍ക്ക് ഏരിയയും വേണം. അങ്ങനെയുള്ള ഒരു വീടുണ്ടാക്കാന്‍ നിര്‍മ്മാണച്ചെലവ് മാത്രം 35 ലക്ഷം വരും. അഞ്ച് സെന്റ് സ്ഥലം വാങ്ങിയിട്ടാണെങ്കില്‍, മൊത്തം ചെലവ് 60 ലക്ഷം വരും. ഇവിടെ രണ്ട് വീടിനും കൂടിയിട്ട് മൊത്തം നിര്‍മ്മാണച്ചെലവ് 48 ലക്ഷമേ വന്നുള്ളു.

grihalakshmi
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

വീട് നിര്‍മ്മാണത്തിന് പുതിയതരം AAC ബ്ലോക്‌സ് ( ഓട്ടോ ക്‌ളേവ്ജ് എയറേറ്റഡ് കോണ്‍ക്രീറ്റ് ബ്‌ളോക്‌സ്) ആണ് ഉപയോഗിച്ചത്. ഇവയ്ക്ക് പ്ലാസ്റ്ററിങ് ആവശ്യമില്ല. പുട്ടി മാത്രം മതി. ഇത് കോസ്റ്റ് കുറയ്ക്കാന്‍ സഹായിച്ചു. സഹോദരങ്ങള്‍ ചേര്‍ന്ന് അപാര്‍ട്‌മെന്റ് പോലെ കഴിയുന്നതില്‍ ഒരുപാട് ഗുണവശങ്ങളുണ്ട്. പ്രായമാകുന്നവര്‍ ഒറ്റയ്ക്കാകുന്ന അവസ്ഥ കുറയും. വൃദ്ധസദനങ്ങള്‍ വേണ്ടിവരില്ല. 

സതീഷ്

സതീഷ് & പ്രഭാകരന്‍,
ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയര്‍, കാലിക്കറ്റ് 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

നിങ്ങളുടെ സ്വപ്നവീട് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Content Highlights: community living house in calicut Budget Home