-
തിരൂര്‍ പുറത്തൂര്‍ സ്വദേശികളായ സാബിഖ്, മുബഷിറ ദമ്പതികളുടെ സ്വപ്നഭവനമാണ്' MASKAN '. വീതികുറഞ്ഞ പ്ലോട്ടില്‍ എല്ലാം സൗകര്യങ്ങളോടും കൂടിയാണ് ഈ വീട് പണിതിരിക്കുന്നത്. പതിനേഴ് സെന്റില്‍ കാര്‍ പോര്‍ച്ചും വര്‍ക്ക് ഏരിയയും അടക്കം 3500 ചതുരശ്ര അടിയിലാണ് വീട് നിര്‍മിച്ചത്. സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, കോര്‍ട്യാര്‍ഡ്, ഡൈനിങ്, കിച്ചന്, സ്റ്റോര്‍ റൂം, രണ്ട് യൂട്ടിലിറ്റി റൂമുകള്‍, വര്‍ക്കേരിയ, നാലു കിടപ്പുമുറികള്‍, അഞ്ചു ബാത്റൂമുകള്‍, റീഡിങ് ഏരിയ,അപ്പര്‍ ലിവിങ്, രണ്ടു ബാല്‍ക്കണികള്‍, ഓപ്പണ്‍ ടെറസ് എന്നിവയടങ്ങുന്നതാണ് മസ്കന്.

കണ്ടംപററി ക്യൂബ് ഹൗസ് ഡിസൈനിലാണ് വീട്. ഇതിനൊപ്പം പുറംഭിത്തികളില്‍ നാച്ചുറല്‍ സ്റ്റോണ്‍ ക്ലാഡിങ് നല്കിയതും എക്സ്റ്റീരിയര്‍ ആകര്‍ഷകമാക്കുന്നു.ആധുനികശൈലിയില്‍ മിനിമലിസം എന്ന ആശയം അന്വര്‍ഥമാക്കിയാണ് വീടിന്റെ സ്ട്രക്ചറും ഇന്റീരിയറും പണിതിരിക്കുന്നത്. വീതി കുറഞ്ഞ പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി. എങ്കിലും വശങ്ങളില് നിയമപ്രകാരം വിടേണ്ട സെറ്റ്ബാക്ക് വിട്ടിട്ടും ഞെരുക്കം വരാത്ത വിധത്തിലാണ് എലിവേഷന് ഡിസൈന്‍ ചെയ്തത്. സമകാലിക ശൈലിയില്‍ പരമാവധി കാറ്റും വെളിച്ചവും പുതിയകാല സൗകര്യങ്ങളും നിറയുന്ന വീട് എന്ന ആവശ്യം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതാണ് വീടിന്റെ ഡിസൈന്‍. സ്വാഭാവിക പ്രകാശത്തിനും ക്രോസ് വെന്റിലേഷനും പ്രാധാന്യം നല്‍കിയത് കൊണ്ട് വീടിനുള്ളില്‍ താരതമ്യേന അധിക ചൂട് അനുഭവപ്പെടാറില്ല.

ചെറിയ സിറ്റ്ഔട്ട് കടന്നു ചെല്ലുന്നത് ഫോര്‍മല്‍ ലിവിങ് ഏരിയയിലേക്കാണ്. ഓപ്പണ്‍ ശൈലിയിലാണ് അകത്തളങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റെയര്‍ എന്നിവയെല്ലാം ഓപ്പണ്‍ ഹാളിന്റെ ഭാഗമായി വരുന്നു.
ഡബിള്‍ ഹൈറ്റിലുള്ള കോര്‍ട്ട്യാര്‍ഡ് ആണ് ഫോര്‍മല്‍ ലിവിങ്ങിനെയും ഫാമിലി ലിവിങിനെയും വേര്‍തിരിക്കുന്നത്. നാച്ചുറല്‍ പ്ലാന്റുകളും പെബെള്സും കൊണ്ട് കോര്‍ട്ടിയാര്‍ഡ് മനോഹരമാക്കിയിരിക്കുന്നു. വശങ്ങളില് വെനീര്‍ കൊണ്ടു പാനല്‍ ചെയ്ത് ഓപ്പണ്‍ ക്യൂരിയോസ് ഷെല്‍ഫ് ആക്കിമാറ്റിയിരിക്കുന്നു.

വിട്രിഫൈഡ് ടൈലുകളും ലപ്പോത്ര ലെതര്‍ ഫിനിഷിലുള്ള ഗ്രാനൈറ്റും ആണ് ഫ്ലോറിങ്ങിനു പ്രധാനമായും ഉപയോഗിച്ചത്. റീഡിങ് ഏരിയയില്‍ നാച്ചുറല്‍ വുഡ് ഫ്ളോറിങ്ങും നല്കി. സീറ്റുകളില്‍ ജയ്സാല്‍മീര്‍ മാര്‍ബിളും നാച്വറല്‍ വുഡ്ഡും നല്കി. മിനിമല്‍ ശൈലിയില്‍ ജിപ്സം / വെനീര്‍ ഫോള്‍സ് സീലിങ് നല്കി വാം ടോണ്‍ LED പ്രൊഫൈല്‍ ലൈറ്റുകള്‍ നല്കിയതിനാല് അകത്തളം കൂടുതല്‍ പ്രസന്നമായി അനുഭവപ്പെടുന്നു.

ഡബിള്‍ ഹൈറ്റില്‍ ആണ് ഫാമിലി ലിവിങ് ഏരിയ റൂഫ് നല്‍കിയിട്ടുള്ളത്. ഒരു ചുമരില്‍ നാച്ചുറല്‍ ബ്രിക്ക് ക്ലാഡിങ് നല്കി ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇതില്‍ ബ്രോണ്‍സ് ഫിനിഷിലുള്ള മെറ്റാലിക് വാള് മ്യൂറല്‍ നല്‍കിയത്, ഫാമിലി ലിവിങ് ഏരിയ കൂടുതല്‍ മനോഹരമാക്കുന്നു. മള്‍ട്ടിവുഡും വെനീറും ഉപയോഗിച്ച് ആകര്‍ഷകമായ ഒരു ടിവി യൂണിറ്റും നല്‍കിയിട്ടുണ്ട്. ഇവിടെ ചുമരുകളില്‍ ടെക്സ്ച്ചര്‍ പെയിന്റിംഗ് നല്കി.
ഡൈനിങ് ഏരിയ ഹാളിന്റെ ഭാഗമാണ്. സമീപം ക്രോക്കറി ഷെല്‍ഫ് നല്കി. ഇന്‍ഡോര്‍ പ്ലാന്റുകളും ക്യൂരിയോ ഷെല്‍ഫും ഹാളിന് കൂടുതല്‍ ഭംഗി നല്കുന്നു.

ബ്ലാക്ക് - വുഡന്‍ ഫിനിഷില്‍ ഐലന്റ് കിച്ചണ്‍ തീമിലാണ് അടുക്കള ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജിപ്സം സീലിങ്ങും വുഡന്‍ വെനീറുമൊക്കെയാണ് കിച്ചണില്‍ ഉപയോഗിച്ചിരിക്കുന്നത്. ചെറിയ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും സെറ്റ് ചെയ്തിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള കൊറിയന്‍ ടോപ് ആണ് കൗണ്ടറിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
വുഡ്, സ്റ്റീല്‍ എന്നിവ കൊണ്ടാണ് ഗോവണി നിര്‍മിച്ചിട്ടുള്ളത്. ഗോവണിയുടെ ലാന്‍ഡിങ് ഏരിയ അല്പം വിശാലമാക്കി അവിടം ഒരു റീഡിങ് കം സിറ്റിംഗ് സ്പേസ് ആക്കി മാറ്റിയിരിക്കുന്നു. രണ്ടു ചുമരുകളിലും ബുക്ക് ഷെല്ഫുകളും നിഷ് സ്പെയ്സും നല്കിയിരിക്കുന്നു. ഇരിക്കാന്‍ ഒരു രത്തന്‍ വിക്കര്‍ സെറ്റിന് പുറമെ ജയ്സാല്മിര് മാര്‍ബിള്‍ വിരിച്ച ഒരു സീറ്റും നല്‍കിയിട്ടുണ്ട്.
സ്റ്റെയര്‍ കയറി ചെന്നാല്‍ വിശാലമായ ലാന്റിങ് സ്പേസ് കടന്നു ബാല്‍ക്കണിയിലേക്കും അയേണ്‍ ഏരിയയിലേക്കും പ്രവേശിക്കാം. മുകളിലത്തെ ഒരു ബെഡ്റൂമിന് പ്രത്യേകം ബാല്‍ക്കണി നല്കി ഗ്രില്‍സ് വെച്ച് സുരക്ഷിതമാക്കിയിരിക്കുന്നു. ഇത് വീടിന്റെ ആദ്യ കാഴ്ചയില്‍ തന്നെ എലിവേഷനെ കൂടുതല്‍ മനോഹരമാക്കുന്നു.
താഴെ രണ്ടും മുകളില്‍ രണ്ടും കിടപ്പുമുറികളാണുള്ളത്. എല്ലാ കിടപ്പുമുറികളിലും അറ്റാച്ച്ഡ് ബാത്റൂം, വാർഡ്രോബ്, ഡ്രസിങ് യൂണിറ്റ് എന്നിവ നല്‍കിയിട്ടുണ്ട് . മുന്‍വശത്തെ രണ്ടു ബെഡ്റൂമുകള്‍ക്കും ബേ വിന്‍ഡോ നല്‍കിയിട്ടുണ്ട്. ഓഫിസ് ജോലികള്‍ക്കും പഠനത്തിനും സഹായകമാകുന്ന രൂപത്തില്‍ ഒരു വര്‍ക്കിങ് /സ്റ്റഡി ടേബിളും ഷെല്‍ഫും ബെഡ്റൂമുകളില്‍ ഉള്‍പ്പെടുത്തി. ഫര്‍ണിച്ചറുകള്‍ എല്ലാം കസ്റ്റമെയ്സ്ഡ് ആണ്. കൂടാതെ കസ്റ്റമെയ്സ്ഡ് റാമന് ബ്ലൈന്‍ഡുകള്‍ ആണ് കര്ട്ടന് ആയി ഉപയോഗിച്ചിട്ടുള്ളത്.
നാച്ച്വറല്‍ സ്റ്റോണും മെക്സിക്കന്‍ ഗ്രാസും ഉപയോഗിച്ചാണ് ലാന്‍ഡ്സ്കേപ്പിങ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. വീടിനു ചുറ്റുമുള്ള ചെടികളും മരങ്ങളും ഗാര്ഡന് ലൈറ്റുകളും ചേരുമ്പോള്‍ രാത്രി പ്രത്യേക ആംബിയന്‍സ് തോന്നും
പൂര്‍ണമായും LED ലൈറ്റുകള്‍, മോഷന്‍ സെന്‍സര്‍ എനേബിള്‍ഡ് ലൈറ്റ് സ്വിച്ചുകള്‍, ഇന്റഗ്രേറ്റഡ് സര്‍വൈലന്‍സ് ക്യാമറ, BLDC മോട്ടോറുകള്‍ ഉള്ള സ്മാര്‍ട് സീലിങ് ഫാനുകള്‍, ഇന്‍വെര്‍ട്ടര്‍ ടൈപ്പ് എസി, ഫ്രിഡിജ് തുടങ്ങിയവ ഉള്‍പ്പെടുത്തി ഇതൊരു സ്മാര്‍ട്ട് ആന്‍ഡ് എനര്‍ജി എഫിഷ്യന്റ് ഹോം ആക്കിയിരിക്കുന്നു. CTV റിമോട്ട് മോണിറ്ററിങ് റെക്കോര്‍ഡിങ് സംവിധാനങ്ങള്‍ ഉള്ളത് കൊണ്ട് , ഉഉടമസ്ഥര് വീട്ടിലില്ലെങ്കിലും വീടിനെ നിരീക്ഷിക്കാനാവും.
Owner: Sabik Abdulla
Location: Purathur, Tirur, Malappuram
Designer: Naval Architecs Builders, 9995679295
Area in Square Feet: 3500
Content Highlights: contemporary home designs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..