ണലിന്റെ ക്ഷാമവും സിമന്റിന്റെ വിലയുമൊന്നും കേട്ട്   ഇനിയെങ്ങനെ വീടുവെക്കുമെന്ന ആശങ്കവേണ്ട.  ഇതൊന്നുമില്ലാതെയും വീടുവെക്കാം. എങ്ങനെയെന്നല്ല നമ്മുടെ നാട്ടില്‍ ധാരാളമുള്ള ചകിരിനാര് ഉപയോഗിച്ചുതന്നെ വീടുപണിയാം. ഇത്തരത്തിലുള്ള വീട് ആലപ്പുഴ പണിതുകഴിഞ്ഞു. കയര്‍ബോര്‍ഡ് ഗവേഷണ വിഭാഗത്തിന്റെ ഭാവനയില്‍ വിരിഞ്ഞ ഈ  ആശയം നാളെ പരിസ്ഥിതി സൗഹാര്‍ദ വീടെന്ന ആശയത്തില്‍ പുതിയൊരു നാഴികക്കല്ലാകുമെന്നുറപ്പാണ്.  

house

ആലപ്പുഴ നഗര ചത്വരത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയ വീട് പ്രദര്‍ശിപ്പിച്ചത്. ചകിരിനാര് പ്രകൃതിദത്തമായ റസിനുമായി ഇടകലര്‍ത്തി ഹൈഡ്രോളിക് മെഷിന്‍ ഉപയോഗിച്ച് ദൃഢപ്പെടുത്തിയാണ് കയര്‍ത്തടി ഒരുക്കിയിട്ടുള്ളത്. സാധാരണ മരത്തടിയേക്കാള്‍ ഇരട്ടി ബലം ഈ കയര്‍ത്തടിയ്ക്കുണ്ടാകുമെന്നാണ് ഗവേഷണ വിഭാഗം പറയുന്നത്. കൂടാതെ ചകിരിയില്‍ ലിഗ്നില്‍ എന്ന പദാര്‍ത്ഥം 45 ശതമാനം അടങ്ങിയിട്ടുണ്ട്.  ഈ പദാര്‍ത്ഥം ചിതലില്‍ നിന്നും പൂപ്പലില്‍ നിന്നും വീടിനെ സംരക്ഷിക്കും.

house

പ്രീഫാബ്രിക്കേറ്റഡ് മാതൃകയില്‍ ഭിത്തിയൊരുക്കിയ വീടിന്റെ മുകളില്‍ ഓടു പാകിയിരിക്കുന്നു. ഫര്‍ണിച്ചറും കയര്‍ത്തടിയാണ്. പരിസ്ഥിതി സൗഹൃദ വീട് എന്ന ആശയത്തിന്റെ ആവിഷ്‌കാരം കൂടിയാണിതെന്ന് രൂപകല്പന നടത്തിയ കയര്‍ബോര്‍ഡ് ഗവേഷണവിഭാഗത്തിലെ ഡോ.ആര്‍.ഗോപാലന്‍ പറഞ്ഞു. കയര്‍ബോര്‍ഡ് ഗവേഷണ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിട്യൂട്ട്‌സ് ഓഫ് കയര്‍ ടെക്‌നോളജീസ് ആണ് കയര്‍വീടിന്റെ നിര്‍മാണത്തിന് പിന്നില്‍. 370 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീടിന്റെ നിര്‍മാണത്തിന് ഏകദേശം മൂന്നരലക്ഷത്തോളം രൂപയാണ്.  രണ്ട് കിടപ്പുമുറികള്‍, അടുക്കള, പോര്‍ട്ടിക്കോ എന്നിവയാണ് വീട്ടിലുള്ളത്. വീടിന്റെ തറയില്‍ കയര്‍മാറ്റ് ഉപയോഗിച്ചിരിക്കുന്നു.

house

വീടിന്റെ ഉദ്ഘാടന ചടങ്ങ് ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന യോഗത്തില്‍ വച്ച് മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു.

ഫോട്ടോ: സി. ബിജു