മലപ്പുറം മഞ്ചേരിയിലുള്ള 'ജോർവാൻ മക്കാൻ' വീട്
മലപ്പുറം മഞ്ചേരിക്കു സമീപം ചേരണിയിലാണ് ജംഷീദ് ബാവയുടെ പുതിയ വീട്. സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങുന്ന ചെലവില്‍ നിര്‍മിച്ച ഈ വീടിന്റെ പ്രധാന ആകര്‍ഷണം ആര്ട്ടഡ് സ്ലാബാണ്.
1400 ചതുരശ്ര അടിയാണ് വീടിന്റെ ആകെ വിസ്തീര്‍ണം. ഇരുനിലകളിലായി തീര്‍ത്ത ഈ വീട്ടില്‍ രണ്ട് കിടപ്പുമുറികളാണ് ഉള്ളത്. മാസ്റ്റര്‍ ബെഡ്റൂമും കിഡ്സ് റൂമും. ഇവ രണ്ടും ഗ്രൗണ്ട് ഫ്ളോറിലാണുള്ളത്. 2021 ഒക്ടോബര്‍ മാസത്തിലായിരുന്നു 'ജോര്‍വാന്‍ മകാന്‍' എന്ന ഈ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്. 'ജോര്‍വാന്‍' എന്ന ഉറുദു പദത്തിന് ഇരട്ട എന്നാണര്‍ത്ഥം. 'മകാൻ' എന്നാല്‍ വീടും. ഈ വീടിനോട് ചേര്‍ന്ന് ജംഷീദിന്റെ ബന്ധുവിന്റെ വീട് ഉണ്ട്. കോര്‍ട്ട് യാര്‍ഡുകളാണ് ഈ വീടുകളെ തമ്മിൽ വേര്‍തിരിച്ചു നിര്‍ത്തിയിരിക്കുന്നത്. അതിനാലാണ് 'ജോര്‍വാന്‍ മക്കാന്' എന്ന പേര് നല്‍കിയിരിക്കുന്നത്.

വീടിന്റെ നിര്‍മാണം, ഇന്റീരിയര്‍, ലാന്‍ഡ്സ്കേപ്പിങ് എന്നിവയടക്കം ഏകദേശം 20 ലക്ഷം രൂപയാണ് ചെലവായത്. ആര്‍ക്കിടെക്ട് ഷാനവാസ് മേലേതിലിന്റെ നേതൃത്വത്തില്‍ മഞ്ചേരിയിലുള്ള മേലേതില്‍ ആര്‍ക്കിടെക്ട്സാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
താഴത്തെ നിലയില്‍ കിടപ്പുമുറികള്‍ കൂടാതെ, എന്‍ട്രന്‍സ്, റിലാക്സിങ് സ്പേസ്, കോര്‍ട്ട് യാര്‍ഡ്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, കിച്ചന്, വര്‍ക്കിങ് ഏരിയ എന്നിവയാണ് ഉള്ളത്. ഫസ്റ്റ് ഫ്ളോറില്‍ സ്റ്റെയര്‍ സ്പേസ്, ഫാമിലി ലിവിങ് ഏരിയ, ഹാങ്ഡ് ബാല്‍ക്കണി എന്നിവയാണ് ഉള്ളത്.

ആറുസെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീടിന്റെ ഇന്റീരിയറിന് വളരെ സുലഭമായി ലഭിക്കുന്ന വസ്തുക്കള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറികള്‍ ഒരേ നിലയില്‍ വരുന്ന വീടാണ് ജംഷീദ് ബാവ ആഗ്രഹിച്ചത്. എന്നാല്‍, അതിനൊപ്പം കോര്‍ട്ട് യാര്‍ഡു കൊണ്ട് വേര്‍തിരിച്ച വിശാലമായ ലിവിങ് ഏരിയ വേണമെന്ന ആവശ്യം അദ്ദേഹം ആര്‍ക്കിടെക്ടിന്റെ മുന്നില്‍ വെച്ചു. ഈ ആവശ്യം മുന്‍നിര്‍ത്തിയാണ് ഫസ്റ്റ് ഫ്ളോറില്‍ കിടപ്പുമുറികള്‍ ഒഴിവാക്കി ലിവിങ് ഏരിയയ്ക്ക് പ്രധാന്യം നല്‍കിയത്. ഭാവിയില്‍ മൂന്ന് കിടപ്പുമുറികള്‍ വരെ നിര്‍മിക്കാനുള്ള സ്ഥലം ഫസ്റ്റ് ഫ്ളോറില്‍ ഉണ്ട്.
ഫസ്റ്റ് ഫ്ളോറിലെ ഹാങ്ങിങ് ബാല്‍ക്കണിയും ഈ ബാല്‍ക്കണിയെ താങ്ങി നിര്‍ത്തുന്നതുപോലെ തോന്നുന്ന മൂന്ന് തൂണുകളുമാണ് ഈ വീടിന്റെ പ്രധാന ആകര്‍ഷണം. പ്രകൃതിയില്‍ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഇവയില്‍ ചെയ്തിരിക്കുന്ന അലങ്കാരപ്പണികളാണ് ഇവയെ വ്യത്യസ്തമാക്കുന്നത്.
വീടിന്റെ നിര്‍മാണം നടക്കുന്ന സമയത്തുതന്നെ ഇലകള്‍ ഉപയോഗിച്ച് സ്ലാബുകളില്‍ ചിത്രപ്പണികള്‍ ചെയ്യുകയായിരുന്നു. സ്ലാബിൽ ഇലകൾ വെച്ച് പ്രത്യേകം ട്രീറ്റ് ചെയ്ത് ടെക്ച്വര്‍ ചെയ്യുകയായിരുന്നു. വീടിന്റെ നിര്‍മാണത്തിന് ചിലവ് കുറയാന്‍ ഇതും ഒരു കാരണമാണ്. വുഡന്‍ കളറില്‍ റസ്റ്റിക് ഫിനിഷില്‍ തീര്‍ത്ത തൂണുകള്‍ ആന്റിക് പീസിലാണ് ചെയ്തത്.

ഗ്രൗണ്ട് ഫ്ളോറില്‍നിന്ന് ഫസ്റ്റ് ഫ്ളോറിലേക്ക് കയറുന്ന ഭാഗത്ത് ജാളി വെച്ചു. ഇത് ഗ്ലാസുകൊണ്ട് മറയ്ക്കാത്തത് വീടിനുള്ളില്‍ എപ്പോഴും വായു സഞ്ചാരം ഉറപ്പുവരുത്തുന്നു.
ഓപ്പണ്‍ ശൈലിയിലുള്ള ലളിതമായ കിച്ചനാണ് വീടിനുള്ളത്. സിറ്റ്ങ് ഏരിയ, ബ്രേക്ക് ഫാസ്റ്റ് കൗണ്ടര്‍ എന്നിവയാണ് കിച്ചനിലുള്ളത്. വര്‍ക്കിങ് ഏരിയയിലാണ് അടുപ്പും മറ്റ് സൗകര്യങ്ങും ഒരുക്കിയിട്ടുള്ളത്. അതിനാല്‍ കിച്ചന് വളരെ വിശാലമായി അനുഭവപ്പെടും.

വീടിന്റെ ഭിത്തിയും റൂഫും തേക്കാതെ കോണ്‍ക്രീറ്റ് ഫിനിഷില്‍ തന്നെ നിലനിര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. ഇതാണ് വീടിന്റെ നിര്‍മാണ ചെലവ് കുറച്ച പ്രധാന ഘടകം. കൂടാതെ വാതിലുകളും ജനലുകളും അലൂമിനിയം ഫാബ്രിക്കേഷനിലാണ് നിര്‍മിച്ചിരിക്കുന്നത്. ഭിത്തിയും റൂഫും തേക്കാത്തിനാല് ഫംഗസ്, ചിതല് തുടങ്ങിയവയില്‍നിന്നുള്ള ആക്രമണങ്ങള്‍ തടയുന്നതിന് പ്രത്യേകമായ ട്രീറ്റ്മെന്റ് നല്കി. വിര്‍ട്ടിഫൈഡ് ടൈല്‍സ് ആണ് ഫ്ളോറിങ്ങിന് നല്‍കിയിരിക്കുന്നത്.

ആര്‍ഭാടം ഒഴിവാക്കി വളരെ ലളിതമായ ഇന്റീരിയര്‍ ഡിസൈനാണ് വീടിനു നല്‍കിയിരിക്കുന്നത്. ക്വാളിറ്റിയില്‍ വിട്ടുവീഴ്ച വരുത്താതെ മാര്‍ക്കറ്റില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വീടിന്റെ നിര്‍മാണം. തടിയിലാണ് ഫർണിച്ചറുകൾ തീർത്തിരിക്കുന്നത്.
Project details
Jamsheed Bava
Location: Manjeri, Cherani
Architect: Shanavas Melethil
Firm: Melethil Architects, Manjeri
Budget: 20 Lakhs
Content highlights: budget home at malappuram manjeri, kerala home design, kerala home style
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..