ഒരു ബീച്ച് ബംഗ്ലാവിന്റേതായുള്ള സകല പ്രൗഢിയും വിളിച്ചോതുന്ന വീട്. കലണ്ടറുകളിലോ പോസ്റ്റ് കാര്‍ഡുകളിലോ ഒക്കെ കണ്ടുശീലിച്ചിട്ടുള്ള ഡിസൈന്‍. കടലിന് അഭിമുഖമായി ഫ്രഞ്ച് കൊളോണിയല്‍ ശൈലിയില്‍ നിര്‍മിച്ച ഈ വീട് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലെ എലത്തൂരിലാണ്.
കടല്‍ത്തീരത്ത് അവധിക്കാലം ആഘോഷിക്കാനുള്ള ലക്ഷ്യത്തോടെയാണ് ഉടമ ദീപക് മോഹന്‍ദാസ് ബീച്ച് ബംഗ്ലാവ് സങ്കല്പത്തെക്കുറിച്ച് ഡിസൈനറായ ജയന് ബിലാത്തിക്കുളത്തോട് പറയുന്നത്. ലോ കോസ്റ്റ് അല്ല മറിച്ച് കോസ്റ്റ് എഫക്റ്റീവ് എന്ന ആശയത്തോടെയാണ് താന്‍ ഈ ബീച്ച്ഹൗസ് നിര്‍മിച്ചതെന്ന് ഡിസൈനര്‍ പറയുന്നു. പത്തു സെന്റ് സ്ഥലത്ത് 1300 ചതുരശ്രയടിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അഞ്ചു സെന്റ് സ്ഥലത്തു വീടും അഞ്ചു സെന്റ് സ്ഥലത്ത് ലാന്ഡ്സ്കേപ്പുമാണുള്ളത്.
നാച്ചുറല്‍ സ്റ്റോണ്‍ പതിച്ച നടപ്പാതയ്ക്ക് ഇരുവശമായുള്ള പുല്ലുപാകിയ മുറ്റം കടന്നുചെല്ലുന്നത് സിറ്റ്ഔട്ടിനു പകരം ചവിട്ടുപടികളിലേക്കാണ്. ഇവിടെയുള്ള അലുമിനിയം പാനല്‍ ഗ്ലാസ് ഡോര്‍ തുറന്നു കടക്കുന്നത് ചെറിയൊരു സിറ്റ്ഔട്ടിലേക്കാണ്്. തോണിയുടെ രൂപത്തിലുള്ള സ്റ്റോറേജ് സ്പെയ്സ് ഉള്‍പ്പെടെയുള്ള ഇരിപ്പിടവും ഷാരംപൂര്‍ ലൈറ്റുകളും ഇൻഡൊനീഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഫര്‍ണിച്ചറുകളുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.
ഇവിടെ നിന്നും കടന്നുചെന്നാല്‍ ലിവിങ് റൂമിലേക്കെത്താം. ഒറ്റനോട്ടത്തില്‍ തന്നെ റോയല്‍ ലുക്കുള്ള ലിവിങ് റൂമാണിത്. ഓപ്പണ്‍ കിച്ചണോടു കൂടിയ ലിവിങ് റൂം എന്നതാണ് പ്രധാന പ്രത്യേകത. ഫെറോസിമന്റില്‍ തീര്‍ത്ത റിലീഫും നിലംമുട്ടെ നില്ക്കുന്ന കണ്ണാടിയുമാണ് ലിവിങ് റൂമിലെ ഹൈലൈറ്റ്. നിലത്തു കാര്‍പറ്റ് വിരിച്ചിരിക്കുകയാണെന്ന തോന്നലുണ്ടാക്കുന്ന ടൈലുകളാണ് ഇവിടെ പാകിയിരിക്കുന്നത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള ഷാരംപൂര്‍ ലൈറ്റുകളും റോയല്‍ സോഫയുമൊക്കെ ലിവിങ് റൂമിന്റെ മാറ്റുകൂട്ടുന്നു.
ലിവിങ് ഏരിയയോടു ചേര്‍ന്നു കിടക്കുന്ന കിച്ചണ്‍ സ്വകാര്യതയ്ക്കപ്പുറം കുടുംബത്തിന്റെ തുറന്ന മനസ്സിന്റെ അടയാളമാണ്. ഇംഗ്ലീഷ് കണ്ട്രി കിച്ചണാണ് ഇവിടെ സെറ്റ് ചെയ്തിരിക്കുന്നത്. വളരെ കലാപരമായാണ് അടുക്കള ഡിസൈന്‍ ചെയ്തിട്ടുള്ളത്. സെറാമിക് ടൈലുകളും വുഡ് ടൈലുമൊക്കെയാണ് അടുക്കളയിലെ പ്രധാന ഹൈലൈറ്റ്. മാര്‍ബിളില്‍ തീര്‍ത്ത കിച്ചന് ടേബിള്‍ ടോപ്പും ഇന്തോനേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത മരംകൊണ്ടുള്ള തട്ടികളാല്‍ ചെയ്ത പാര്ട്ടീഷനൊക്കെയാണ് അടുക്കളയുടെ ആകര്‍ഷണം.
ലിവിങ് ഹാളില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞാല്‍ മുകളിലേക്കും താഴേക്കും ചവിട്ടുപടികള്‍ കാണാം. മുകളിലേക്കുള്ള ചെറിയ പടികള്‍ കയറിച്ചെല്ലുന്നത് കിടപ്പുമുറിയിലേക്കാണ്. മിനിമലിസ്റ്റിക് രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ബെഡ്റൂമിന്റെ ചില്ലുവാതില്‍ തുറക്കുന്നത് ബാത്ടബ്ബുള്ള ചെറിയൊരു ബാല്‍ക്കണിയിലേക്കാണ്. കടലില്‍ കിടന്നു കുളിക്കുന്ന പ്രതീതിക്കായാണ് ഇവിടെ തന്നെ ബാത് ടബ്ബ് സെറ്റ് ചെയ്തിരിക്കുന്നത്.
ബെഡ്റൂമില്‍ നിന്നും താഴേക്കുള്ള സ്റ്റെപ്പുകള്‍ കടന്നെത്തുന്നത് മറ്റൊരു ബെഡ്റൂമിലേക്കാണ്. മുകളിലെ ബെഡ്റൂമിനു സമാനമായ ശൈലിയില്‍ തന്നെയാണ് ഇവിടെയും ബെഡ്റൂം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ ബെഡ്റൂമിന്റെ വാതില്‍ തുറക്കുന്നതും കടലിനോട് അഭിമുഖമായാണ്. കണ്ടംപററി കോണ്‍സെപ്റ്റ് ഒട്ടും പ്രകടമല്ലാത്ത ഡിസൈനാണ് ഈ വീടിന്റെ മുക്കിലും മൂലയിലും വരെ സ്വീകരിച്ചിരിക്കുന്നത്.
വീടിന്റെ പുറത്തായി ചേര്‍ന്നു നില്ക്കുന്ന ഫുഡ് ഏരിയയും ഗസീബോയുമാണ് സ്റ്റൈലിഷ് ലുക് നല്കുന്ന മറ്റൊരു ഘടകം. ഡിസൈന്‍ ചെയ്ത ടൈലുകളും മരവുമൊക്കെ ഉപയോഗിച്ചാണ് മുകള്‍ ശൈലിയിലുള്ള ഈ ഫുഡ്കോര്‍ട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനരികിലുള്ള തേക്കുകൊണ്ടുള്ള കോണിപ്പടി കയറിച്ചെല്ലുന്നത് ഗസീബോയിലേക്കാണ്. ചെറിയ ഗെറ്റ് ടുഗെതറിനു പറ്റിയ സ്ഥലം എന്നതിനൊപ്പം കടല്‍ കാഴ്ചകള്‍ വിശാലമായി കാണാന്‍ കഴിയുന്ന ഇടവുമാണിത്.
വീടിനു മുകളില്‍ കാണുന്ന പുകക്കുഴലിനു സമാനമായ വാട്ടര്‍ ടാങ്കാണ് മറ്റൊരു ഹൈലൈറ്റ്. സാധാരണ രീതിയില്‍ വാട്ടര്‍ ടാങ്ക് വെക്കുന്നതിനു പകരം അതിനു മുകളില്‍ ഹോളോബ്രിക്സ് വച്ചു കെട്ടി ക്ലാഡിങ് ടൈലും മറ്റും വച്ചു ഡിസൈന്‍ ചെയ്തപ്പോള്‍ യൂറോപ്യന്‍ ശൈലിയിലുള്ള വില്ല ലുക്ക് കൈവന്നു. പുകക്കുഴലിനു സമാനമായ ഈ ഡിസൈനാണ് വീടിന് ഈ ഇംഗ്ലീഷ് ടച്ച് നല്കുന്ന മറ്റൊരു ഘടകം.
വീടിനകത്തും പുറത്തും കാണുന്ന പല ഈജിപ്ഷ്യന്‍ ശില്പങ്ങളും മ്യൂറലുകളും ഫെറോസിമന്റ് ഉപയോഗിച്ചു തയ്യാറാക്കിയവയാണ്. ലാന്‍ഡ്സ്കേപ്പിന്റെ വശത്തായി കാണുന്ന ഷവര്‍ ഏരിയയും വീടിന്റെ മോടി കൂട്ടുന്നു. കടല്‍ നേരങ്ങള്‍ ആസ്വദിച്ച് വീട്ടിലേക്കു കയറുന്നതിനു മുമ്പ് വൃത്തിയാകാനുള്ള ഇടം എന്ന നിലയ്ക്കാണ് ഈ ഷവര്‍ ഏരിയ ഒരുക്കിയിരിക്കുന്നത്.
Content Highlights: beach bungalow in calicut, my home video